Design a site like this with WordPress.com
Get started
Featured

ഇന്നത്തെ കതാര്‍സിസ്‌

എം.കെ. ഹരികുമാര്‍

പ്രായമായിപ്പോകുന്നത്‌ ശാരീരികമായ വിധിയാണ്‌.മാനസികമായ വിധിയല്ല. എല്ലാവര്‍ക്കും പ്രായമാകുന്നില്ല.ചിലര്‍ ചെറുപ്പം മുതലേ പ്രായത്തെ തേടിപ്പോകുന്നു. അവര്‍ കൌമാരം എത്തുന്നതോടെ പ്രായത്തോട്‌ കൂടുതല്‍ പക്ഷപാതിയാകുന്നു. അവരുടെ നോട്ടം ,ചലനം, വിശ്രമവേളകളിലുള്ള ഇടപഴകല്‍ എല്ലാം പ്രായത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണെന്നു
തോന്നും. അടുത്തു കഴിഞ്ഞിരുന്നവരോട്‌ ,ഉറ്റമിത്രങ്ങളോട്‌ ,അവര്‍ പ്രായത്തിന്‍റെ ‘മാനിഫെസ്റ്റോ ‘പ്രഖ്യാപിക്കും. ഇവിടെ വയസ്സാവുകയെന്നത്‌ വിധിയായി തീരുന്നു. എന്നാല്‍ പ്രായത്തെ ഭയപ്പെട്ടും അകറ്റിയും ജീവിക്കാം. ജീവന്‌ ഇത്‌ കുറച്ചൊക്കെ ആവശ്യമാണ്‌.ചില സംവേദനങ്ങള്‍ ചെറുപ്പത്തില്‍
ഉദിച്ച്‌ അസ്തമിക്കുന്നുണ്ട്‌. പിന്നീട്‌ നമുക്ക്‌ അവയെ കാണാനാകുന്നില്ല. അവയെ സൂക്ഷ്മതയോടെ നിലനിര്‍ത്താനാവശ്യമായ തടങ്ങള്‍ നിലനിര്‍ത്തുന്ന
പ്രക്രിയയാണ്‌ കതാര്‍സിസ്‌ എന്നത്‌. പലരും പറയും ജീവിതത്തില്‍ യുവത്വം നിലനിര്‍ത്തണമെന്ന്‌ .

എനിക്കും തോന്നുന്നത്‌ ജീവിതത്തില്‍ വേണ്ടത്‌
ബാല്യമാണ്‌ എന്നാണ്‌. ബാല്യത്തിനു മാത്രമുള്ള വിമലീകൃതസങ്കല്‍പ്പങ്ങളും ആഗ്രഹങ്ങളുമുണ്ട്‌. ചില പിണക്കങ്ങള്‍ നമ്മെ ശുദ്ധീകരിക്കും. ഇതും കതാര്‍സിസ്‌ ആണ്‌. അരിസ്റ്റോട്ടില്‍ പറഞ്ഞ കതാര്‍സിസ്‌ ശുദ്ധീകരണമാണ്‌.മനുഷ്യന്‌ വൈകാരികമായ ഒരു ട്വിസ്റ്റ്‌ ആവശ്യമാണ്‌ .നാടകങ്ങളിലെ കതാര്‍സിസ്‌ ഒരു വൈകാരികമായ പുനഃസ്ഥാപനമാണ്‌. നാടകാന്ത്യം പ്രേക്ഷകര്‍ക്ക്‌ സമ്പൂര്‍ണ്ണമായ വൈകാരികോല്‍ക്കര്‍ഷം, നവോന്‍മേഷം എന്നിവ നല്‍കുന്ന പ്രക്രിയയാണത്‌. കതാര്‍സിസ്‌ ഒരു വൈകാരിക ശുദ്ധീകരണമാണ്‌.
മനസ്സിന്‍റെ ടെന്‍ഷന്‍, മുഷിപ്പ്‌ എന്നിവ മറികടക്കാന്‍ നമുക്കൊരു
മാര്‍ഗ്ഗം വേണം. അത്‌ ചിലപ്പോള്‍ ഒരു യാത്ര പോയിക്കൊണ്ടാകാം, പാട്ടു കേട്ടുകൊണ്ടാകാം .എത്ര ആഹ്ളാദകരമായ കാര്യമായാലും
സദാസമയവും ചെയ്യാനൊക്കില്ല. ഒരു മാറ്റം വേണം. ഉപയോഗിച്ച്‌ മുഷിഞ്ഞ മാനസിക നിലയെ തരണം ചെയ്യേണ്ടതുണ്ട്‌. ഈ തരണം ചെയ്യലാണ്‌ കതാര്‍സിസ്‌. റഷ്യന്‍ എഴുത്തുകാരി നതാലി സാറോട്ട്‌(Nathalie Sarraute )പറഞ്ഞത്‌ എഴുത്തു തന്നെ
ഒരു കതാര്‍സിസ്‌ ആണെന്നാണ്‌. എഴുതുക എന്നാല്‍ ഒരു പ്രതികരണമാണ്‌. അത്‌ മനസ്സിനെ കെട്ടഴിച്ചുവിടും. വിമോചനം തന്നെയാണത്‌. ഇങ്ങനെയുള്ള കതാര്‍സിസ്‌ ജീവിതത്തിന്‍റെ ശീലമാക്കാന്‍ ഏതൊരാള്‍ക്കും കഴിയും.
തുടര്‍ച്ചയായി ജോലി ചെയ്ത്‌ മനസ്സ്‌ ക്ഷീണിച്ചിരിക്കുന്ന ഒരാള്‍ക്ക്‌
അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ എന്തെങ്കിലും വേണം .ഓര്‍മ്മകള്‍ പോലും രക്ഷാമാര്‍ഗ്ഗമാണ്‌. മനസ്സ്‌ സ്വയം ഉണ്ടാക്കുന്ന ചില ടെക്‌നിക്കുകള്‍ ഉണ്ട്‌. ഏതൊന്നില്‍ നിന്നും രക്ഷ നേടാന്‍ മനസ്സിനു പ്രത്യേക കഴിവുണ്ട്, സിനിമാടിക്കറ്റിനു വേണ്ടി മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നവരെ കണ്ടിട്ടുണ്ട്‌. ടിക്കറ്റു കിട്ടി തീയേറ്ററിലെത്തിയാല്‍ അവര്‍ എല്ലാ മറക്കും. ടിക്കറ്റിനു വേണ്ടി ക്യൂ നില്‍ക്കുന്ന സമയത്തും അയാള്‍ അതിജീവിക്കുന്നുണ്ട്‌.തൊട്ടടു ത്‌ നില്‍ക്കുന്നവരെപ്പോലും അയാള്‍ സഹിക്കുന്നത്‌ മനസ്സ്‌ ഒരുക്കുന്ന ടെക്‌നിക്കുകള്‍ മൂലമാണ്‌.

പക്ഷേ മനുഷ്യന്‍ സ്വയം കണ്ടെത്തേണ്ട കതാര്‍സിസ്‌ ഇതില്‍ നിന്നു ഭിന്നമാണ് .എന്തിനും ഏതിനും മടുപ്പിക്കുന്ന സ്വഭാവമുണ്ട്‌ .ഒരു ടിവി ചാനല്‍ തന്ന ഒരാള്‍ക്ക്‌ നോക്കികൊണ്ടിരിക്കാന്‍ കഴിയില്ല. മാറ്റികൊണ്ടേയിരിക്കുകയെന്നത്‌ മറ്റൊരു വിധിയാണ്‌.
അയാള്‍ ചാനല്‍ മാറ്റികളിക്കുന്നത്‌ മനസ്സിന്‍റെ ഭ്രാന്തു മാറ്റാനുള്ള മനസ്സിന്‍റ തന്നെമാര്‍ഗ്ഗമാണ്‌. ചാനല്‍ മാറ്റിയില്ലെങ്കില്‍ ,ഒരേ ദൃശ്യങ്ങള്‍ കണ്ട്‌ നാം തകരും. പല ഭരണാധികാരിക്കും അറിയില്ല ശാരീരികമായ പീഡനത്തേക്കള്‍ വലുതാണ്‌ ഒരേ ദൃശ്യങ്ങള്‍ തന്നെ മണിക്കൂറുകള്‍ കാണുന്നതെന്ന്‌.
ഇതറിഞ്ഞിരുന്നുവെങ്കില്‍ ഗ്വാണ്ടനാമ ജയിലുകളില്‍ വന്‍ പീഡനങ്ങള്‍ക്കു പകരം ടിവി ദൃശ്യങ്ങള്‍ തുടരെ കാണിച്ച്‌ തടവുകാര പീഡിപ്പിക്കുമായിരുന്നു.ഒരേ ദൃശ്യങ്ങള്‍ കാണാനായി വിധിച്ചാല്‍ കുറേ കഴിയുമ്പോള്‍ അയാള്‍ എല്ല സ്വാഭാവിക ഊര്‍ജ്ജവും നഷ്ടപ്പെട്ട് ഭ്രാന്തനായി മാറും. പ്രണയത്തിനുപോലും മനസ്സിനെ ബോറടിപ്പിക്കാന്‍ കഴിയും.പ്രണയവും ഒരു ഭാരം എടുത്തുവെക്കലാണ്‌. മറ്റൊരാളുടെ മനസ്സുമായുള്ള
അറിവുകളുടെ ,വികാരങ്ങളുടെ, ബോധങ്ങളുടെ ബലാബലമാണത്‌. ഇതില്‍ ഒറ്റപ്പെടലും സംശയവും അസൂയയും വിദ്വേഷവും വന്നുകൊണ്ടിരിക്കും. അതുകൊണ്ട്‌ പ്രണയത്തിന്നിടയിലും മൌനം അനിവാര്യമായിത്തീരുന്നു.പ്രണയത്തിന്നിടയില്‍
വഴക്ക്‌ ഒരൌഷധമാണ്‌. വേര്‍പിരിയല്‍ അത്യാഹിതത്തിന്‍റെ ഒഴിഞ്ഞുപോക്കാണ്‌. പരസ്പരം വെറുക്കുന്നത്‌ പ്രണയത്തിന്‍റെ കതാര്‍സിസ്‌ ആണ്‌. മനസ്സിനുള്ള ഒരു പരിചരണം നാം ചെയ്യുന്നേയില്ല. ശരീരത്തിന്‍റെ മര്‍ദ്ദം ,കൊഴുപ്പ്‌,
പഞ്ചസാര എല്ലാം നാമിപ്പോള്‍ നോക്കിതുടങ്ങിയിട്ടുണ്ട്‌. മനസ്സിനോടു ചോദിക്കാതെ ശരീരത്തിനും തന്നിഷ്ടം പ്രവര്‍ത്തിക്കാനറിയാം. ഇത്‌ ശരീരത്തിന്‍റെ കതാര്‍സിസ്‌ ആണ്‌.

മനസ്‌ ചലനമില്ലാതെ ജീവിക്കുമ്പോള്‍, അതിന്‍റെ അടഞ്ഞ ലോകത്തെ പരിഷ്കാരങ്ങളും വഴക്കങ്ങളും ശ്വാസം മുട്ടിക്കുമ്പോള്‍ ശരീരം ഏതു വിധേനയും കതാര്‍സിസിനു ശ്രമിക്കുന്നു. അത്‌ ചിലപ്പോള്‍ രക്തസമ്മര്‍ദ്ദമാകാം ,രോഗമാകാം .അതേ സമയം മനസ്സിനെ നാം ഗൌനിക്കുന്നില്ല. എന്നാല്‍ മനസ്സിനും ഒരു ജീവിതമുണ്ട്‌. ഒരു ദഹനവ്യവസ്ഥയും. ജീവിതക്രമവുമുണ്ട്‌. ഏതു കുരുക്കില്‍ നിന്നും അതിനു്‌ യഥേഷ്ടം രക്ഷപ്പെടാന്‍ കഴിയും. മനസ്സില്‍ നാം ദീര്‍ഘകാലത്തേക്ക്‌ പല വിഷചിന്തകളും നിക്ഷേപിക്കുന്നു. വിനാശകാരികളായ പദാര്‍ത്ഥങ്ങളടങ്ങിയ
വികാരങ്ങളും ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സില്‍ നിശ്ശബ്ദമായി അടിഞ്ഞുകൂടി കിടക്കുന്നുണ്ട്‌. അവയെ ദൂരെ എറിയാനുള്ള ശ്രമം ഉണ്ടാകുന്നതിലും ഒരു ശുദ്ധീകരണപ്രക്രിയ മനസ്സിനു കൂടിയേ കഴിയു. ഈ-ക്ളീന്‍സിംഗ്‌ എഫ്ഫെക്റ്റ്‌-മനസ്സിന്‍റെ നിലനില്‍പ്പിന്‌ ആവശ്യമാണ്‌. ഒരു പ്രശ്നത്തെ ദീര്‍ഘകാലത്തേക്ക്‌ എന്നതിന്‌ പകരം ഓരോ പ്രശ്നത്തില്‍ നിന്നും എത്രയും വേഗം മനസ്സിനെ സ്വതന്ത്രമാക്കാം എന്നാണ്‌ ആലോചിക്കേണ്ടത്‌.
ഉദാഹരണത്തിന്‌ നമ്മുടെ കയ്യില്‍ ബാങ്കിലിടാനുള്ള ഒരു ചെക്കുണ്ട്‌. ഒരു കൊറിയറ്‍ അയക്കാനുള്ള കവറുണ്ട്‌. സുഹൃത്തു വന്നതുകൊണ്ട്‌ അവനെ സ്വീകരിക്കാന്‍ ,അല്ലെങ്കില്‍ സന്ദര്‍ശിക്കാന്‍ പോകേണ്ടതുണ്ട്‌. ആദ്യത്തെ രണ്ടു പ്രശ്നങ്ങളും നിലനിര്‍ത്തിക്കൊണ്ട്‌ സുഹൃത്തിനെ കാണാന്‍ പോകുന്നത്‌ ആരോഗ്യകരമല്ല. മനസ്സ്‌ പ്രസന്നമായിരിക്കില്ല. മനസ്സിനെ നേരത്തെ
ഏല്‍പ്പിച്ച ജോലികള്‍ പൂര്‍ത്തീകരിക്കാനുണ്ടെങ്കില്‍ അവ മനസ്സില്‍
അടിഞ്ഞുകൂടിക്കിടന്ന് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടാകും. എന്നാല്‍ ചെക്ക്‌ ബാങ്കിലിടുകയും കൊറിയറ്‍ അയക്കുകയും ചെയ്ത ശേഷം സുഹൃത്തിനെ കാണാന്‍ പോകുകയാണെങ്കില്‍ മനസ്സിനുള്ള കതാര്‍സിസ്‌ ആയി. ഉന്‍മേഷകരവും സുഖകരവുമായിരിക്കും അത്‌. മനസ്സിന്‍റെ സൌന്ദര്യത്തിനും ജീവിതത്തിനും ഈ
ജോലി തീര്‍ക്കല്‍ അനിവാര്യമാണ്‌. ചിലര്‍ ഒരു മാസമായുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാതെ മനസ്സിനു ഭാരം വര്‍ദ്ധിപ്പിക്കുന്നു .
ഇങ്ങനെയുള്ളവര്‍ക്ക്‌ മനസ്സ്‌ സുഖം തരികയില്ല. മാത്രമല്ല മനസ്സ്‌
ശരീരത്തില്‍ ഭാരമാവുകയും ചെയ്യും.

മനസ്സില്‍ നിന്നു വേണ്ടത്ര പരിചരണം കിട്ടാതെ വരുമ്പോള്‍ ശരീരത്തിനും നിയന്ത്രണം നഷ്ടപ്പെടും. ജീവിതത്തില എത്രയും കതാര്‍സിസ്‌ ആകാമൊ അത്രയും നല്ലതാണ്‌. മറ്റുള്ളവരുമായുള്ള ഇടപഴകലില്‍ ഇത്‌ രസം പകരും. ഒരാളോടുള്ള പക ,ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ മനസ്സില്‍ കെട്ടികിടക്കാതിരിക്കണമെങ്കില്‍ കതാര്‍സിസ്‌ വേണം. ഏതു്‌ വികാരത്തേയും ശുദ്ധീകരിക്കുക എന്നത്‌ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിന്‍റെ ഭാഗമാണ്‌. മനസിനെ പരിചരിച്ചുകൊണ്ടല്ലാതെ ഈ മുറ്റത്ത് ഇനി ഒരു സംസ്ക്കാരവും അതിജീവിക്കില്ല. ഇത്രയും കാലം ബുദ്ധിയേയു ആത്മീയതയേയും നാം പല വിധത്തില്‍ സേവിച്ചു. ആത്മീയതയെ വ്യാഖ്യാനിക്കുകയും
കല അനുഷ്ഠാനമാക്കുകയും ചെയ്തു നാം. എത്ര നൂറ്റാണ്ടുകള്‍ മനസ്സിനെ അവഗണിച്ചു. ഇതിന്‍റെ ഫലമോ,ക്ളിനിക്കുകളില്‍ പോകുകയോ, പോകേണ്ടിവരികയോ ചെയ്യാത്ത അനേകം പേര്‍ മാനസികതകരാറുള്ളവരായിരിക്കുന്നു. മനസ്സ കുഴപ്പമുണ്ടാക്കികൊണ്ടേയിരിക്കും. ആധുനിക ലോകത്ത്‌ മനസ്സിനെ
ശ്രദ്ധിക്കാനൊന്നും ആര്‍ക്കും നേരം കിട്ടുകയില്ലെന്നത്‌ ശരിയായിരിക്കാം. പക്ഷേ ഓരോ വ്യക്തിയും ആഹാരം കഴിക്കുന്നതുപോലെ പ്രാധാന്യം കൊടുക്കേണ്ട
കാര്യമാണിത്‌.അമേരിക്കന്‍ ചലച്ചിത്ര സംവിധായകനായ ഗ്രെഗ്‌ ഹാരിസണ്‍ പറഞ്ഞത്‌ ഇന്നത്തെ സമൂഹത്തില്‍ കതാര്‍സിസിന്‌ സാധ്യതയില്ലെന്നാണ്‌.
ചുറ്റുമുള്ള ലോകത്തില്‍ നമുക്ക്‌ ലയിച്ചു ചേരാം. പല ശരീരങ്ങളില്‍
ഒന്നാകാം. എന്നാല്‍ നമുക്ക്‌ മാത്രമായി അതിജീവനം പറ്റില്ലെന്ന് ഗ്രെഗ്‌ പറയുന്നു. ഇത്‌ വാസ്തവമല്ല. ഈ കാലത്ത്‌ മനുഷ്യന്‍റെ അസ്തിത്വം മനസ്സിന്‍റെ അസ്തിത്വത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. മനസ്സിന്‍റെ യാത്രയ സുഗമമാക്കുന്നത്‌ കതാര്‍സിസ്‌ ആണ്‌. ഇതാകട്ടെ മനസ്സിനുള്ള കര്‍മ്മവും.

http://newsmk-harikumar.blogspot.com/

Featured

കടൽ ജ്വലിപ്പിക്കുന്നത്‌ നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ?

എം കെ ഹരികുമാർ

പെരുമ്പാമ്പിനെ  ഉള്ളില്‍
നൃത്തം ചെയ്യിച്ച്‌
കടല്‍ ഒന്നുകൂടി മദാലസയായി .
നിശ്‌ശൂന്യമായിത്തീരുന്ന നിമിഷത്തിന്‍റെ
ആവര്‍ത്തനങ്ങള്‍ കടലിന്‌ ലഹരിയാണ്‌.

കടല്‍ നമ്മുടെ ആര്‍ത്തിയുടെ ജ്വരങ്ങളെപ്പോലെ
ചുരമാന്തുന്നു. അനിശ്‌ചിതവും വിസ്മയകരവുമായ
അസ്തിത്വത്തിന്‍റെ തുടര്‍ച്ചയായുള്ള
സൌന്ദര്യശൂന്യതയെ അത്‌ നുരകളാക്കി മാറ്റുന്നു.
അത്‌ എന്തിന്‍റെയും ബ്രാന്‍ഡ്‌ അംബാസിഡറാകും-
മദ്യം, മയക്കുമരുന്ന്, സ്വര്‍ണം, ഭഗവദ്‌ ഗീത, കലാലയം…

നമുക്ക്‌ സ്വഭാവം ഇല്ലാത്തതുപോലെ കടലിനുമതു വേണ്ട.
അവള്‍ ആടി, ജ്വലിപ്പിക്കുന്നത്‌
നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ?
വിറങ്ങലിച്ച ഭൂതകാലത്തെയോ?
തെറ്റുകളെയോ?

കടല്‍ ഉപയോഗശൂന്യമായ പ്രണയം പോലെ
നമ്മുടെ ചിരപരിചിതമായ
തകരപ്പാത്രത്തിലേക്കും വന്നു നിറയും.
വറ്റിച്ചാല്‍ വറ്റാത്ത ക്രൂരതയായി അത്‌
എല്ലാ പ്രേമ ഭാഷണങ്ങള്‍ക്കുമിടയില്‍
പട്ടിയെപ്പോലെ പമ്മി കിടക്കും.
പ്രണയവും രതിയും അനുഷ്ഠാനമല്ല,
ഒരു ആംഗ്യമാണ്‌.
ഓര്‍മ്മിക്കാനൊന്നുമില്ലാത്ത,
മറവിയുടെ ആഘോഷമായി മാറുന്ന ആംഗ്യം.

രതിബന്ധത്തിന്‍റെ ഒടുവിലെ അപാരമായ ജ്ഞാനം
എത്രയോ വേഗം മാഞ്ഞുപോകുന്ന പോലെ കടല്‍ ,

Featured

എം കെ ഹരികുമാറിന്റെ നവാദ്വൈതത്തെക്കുറിച്ച് ഫാ ഡോ.. കെ എം ജോർജ് എഴുതുന്നു

നവദർശനത്തിന്റെ നവനീതം
ഫാ. ഡോ.കെ.എം.ജോർജ്ജ്‌

ആധുനിക ശാസ്ത്രീയ സംസ്കാരത്തിന്റെ തലതൊട്ടപ്പന്മാരിൽ പ്രമുഖനാണ്‌ ഇംഗ്ലീഷുകാരനായ തത്ത്വചിന്തകൻ ഫ്രാൻസിസ്‌ ബേക്കൺ (1561-1626). പരീക്ഷണ പ്രധാനമായ ‘ശാസ്ത്രീയരീതി’യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളാണ്‌ നാച്ചുറൽ സയൻസിന്റെ ‘രീതിശാസ്ത്രം’ ഉരുത്തിരിച്ചെടുക്കാൻ സഹായിച്ചത്. ശാസ്ത്രീയ പരീക്ഷണങ്ങളെ അദ്ദേഹം രണ്ടായി തിരിച്ചു. ഫലദായകമായ പരീക്ഷണങ്ങളും (experimenta fructifera), പ്രകാശവാഹിയായ പരീക്ഷണങ്ങളും (experimenta lucifera). ആദ്യത്തേത്‌ മനുഷ്യരുടെ അനുദിനാവശ്യത്തിന്‌ ഉപകരിക്കുന്ന പ്രായോഗിക ഫലങ്ങൾ ഉള്ളവ. നാം ഉപയോഗിക്കുന്ന യന്ത്രങ്ങളെല്ലാം ഇത്തരം ഫലങ്ങളാണ്‌. മറ്റേത്‌ മനുഷ്യന്റെ മാനസിക ചക്രവാളങ്ങളെ വികസിപ്പിക്കാനുതകുന്ന ഉൾക്കാഴ്ച്ചകളും പുതിയ വീക്ഷണങ്ങളും നമുക്ക്‌ നൽകുന്നവയാണ്‌. അത്‌ താത്ത്വികവിചിന്തനമാണ്‌. അതിന്‌ പ്രായോഗിക പ്രയോജനമൊന്നും പെട്ടെന്ന്‌ കാണുകയില്ല. പക്ഷേ അത്‌ മനോമണ്ഡലത്തെ പ്രകാശിപ്പിക്കുന്നു. ആ പ്രകാശം ആത്യന്തികമായി പ്രായോഗികഫലങ്ങൾ ഉളവാക്കുന്നു.
പുരാതനകാലം തൊട്ട്‌ എല്ലാ ദാർശനിക വിചിന്തനങ്ങളും നമ്മുടെ ബോധത്തെ ഓരോ തരത്തിൽ പ്രകാശിപ്പിക്കുകയോ ഉണർത്തുകയോ ചെയ്യുന്നതാണ്‌.

പ്രശസ്ത സാഹിത്യനിരൂപകനും ചിന്തകനുമായ ശ്രീ.എം.കെ.ഹരികുമാർ കുലീനമായ ഈ വിചാരധാരയിലാണ്‌ നിലകൊള്ളുന്നത്‌. അദ്ദേഹത്തിന്റെ സാഹിതീ മനനങ്ങൾക്ക്‌ സവിശേഷാർത്ഥം നൽകുന്നത്‌ തന്റെ ദാർശനിക പരിപ്രേക്ഷ്യമാണ്‌. മനുഷ്യാസ്തിത്വത്തെ അതിന്റെ ആകെത്തുകയിലും ആഴമായ തലങ്ങളിലും സ്പർശിക്കുന്നതാണ്‌ നല്ല സാഹിത്യമെങ്കിൽ, സാഹിത്യത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ വിചാരങ്ങൾ അസ്തിത്വസമസ്യയുടെ അന്തരാഗാരത്തിലേക്ക്‌ നമ്മെ നയിക്കുമെന്ന യുക്തിയാണ്‌ ഹരികുമാറിന്റെ സൗന്ദര്യ ശാസ്ത്രപരമായ ചിന്തകളിൽ കാണുന്നത്‌. ഇവിടെ സാഹിത്യാസ്വാദനവും സൗന്ദര്യശാസ്ത്രവിചാരവും സവിശേഷമായ ദാർശനിക വീക്ഷണങ്ങളും ഒരു സമ്യഗ്സംശ്ളേഷത്തിൽ പരസ്പരപൂരകങ്ങളായിത്തീരുന്നു.

നമുക്ക്‌ അനുഭവേദ്യമാകുന്ന യാഥാർത്ഥ്യത്തിന്റെ മൗലിക തത്ത്വങ്ങളെക്കുറിച്ചുള്ള വിചിന്തനവും വിശകലനവുമാണ്‌ പാശ്ചാത്യർക്ക്‌ തത്ത്വചിന്ത. സർവ്വത്തിന്റെയും ആദികന്ദം അഥവാ സ്രോതസ്സ്‌ [principium) ആയി വർത്തിക്കുന്ന തത്ത്വങ്ങൾ [principles)നിർദ്ധാരണം ചെയ്തെടുക്കുന്ന സങ്കീർണ്ണമായ ധൈഷണിക പ്രക്രിയയുടെ ഫലമായി ഉരുത്തിരിയുന്നതാണ്‌ ജ്ഞാനം (Sophia). ആ ജ്ഞാനത്തെ സ്നേഹിക്കുന്നവനാണ്‌ ഫിലോസഫർ അഥവാ ‘ജ്ഞാനപ്രിയൻ’. തർക്കവും വിതർക്കവും സംവാദവും സമവായവും ഖണ്ഡനവും മണ്ഡനവും മനനവും ധ്യാനവും എല്ലാം ഉൾക്കൊള്ളുന്നതാണ്‌ ഈ സത്യാന്വേഷണ പ്രക്രിയ.

ഏതാണ്ട്‌ സമാനമായ ശൈലി തന്നെയാണ്‌ ഭാരതീയ തത്ത്വചിന്താപാരമ്പര്യത്തിലും ഉണ്ടായിരുന്നത്‌. അടുത്തകാലത്ത്‌ നൊബേൽ ജേതാവായ അമർത്യാസെൻ തന്റെ പുസ്തകത്തിൽ (The Argumentative Indian ) വ്യക്തമാക്കിയതുപോലെ നമ്മുടെ ദർശനധാരകൾ രൂപമെടുത്തതിനുപുറകിൽ സജീവമായൊരു സംവാദശൈലി ഉണ്ടായിരുന്നു. സകല വിജ്ഞാനത്തിന്റെയും ചെങ്കോലേന്തിയ യാജ്ഞവൽക്യനോട്‌ സംവദിക്കുന്ന വിദുഷികളായ ഗാർഗിയും മൈത്രേയിയും മറ്റും തെളിയിക്കുന്നത്‌ സ്ത്രീ-പുരുഷ ഭേദമില്ലാതെ പണ്ഡിതസദസ്സുകളിൽ തത്ത്വനിർദ്ധാരണ പ്രക്രിയ നടന്നു എന്നാണ്‌.

പുരാതന ഗ്രീസിലും ഭാരതത്തിലും ഈ പ്രക്രിയ ‘ദർശന’മായി മാറുന്നുണ്ട്‌. സത്യദർശനമാണിത്‌. ഏകമായ സത്യത്തെ, വിവിധ കാഴ്ചപ്പാടുകളിലൂടെ ഷഡ്ദർശനങ്ങൾ വ്യാഖ്യാനിക്കുന്നു എന്നു പറയാമല്ലോ. പക്ഷേ ഭൗതികപ്രയോജനം എന്ന ഏക മാനദണ്ഡത്തിൽ ഊന്നിയ യാന്ത്രിക സംസ്കാരം മേൽക്കോയ്മ പ്രാപിച്ച ആധുനിക കാലഘട്ടത്തിൽ കിഴക്കും പടിഞ്ഞാറും ദാർശനികപാരമ്പര്യത്തിനു മങ്ങലേറ്റു. എന്നാൽ ഇപ്പോൾ തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റേയും സൂചനകൾ പാശ്ചാത്യ ചിന്തയിൽ തെളിഞ്ഞുതുടങ്ങിയിട്ടുണ്ട്‌. ആത്യന്തിക സത്യത്തെക്കുറിച്ചുള്ള താത്ത്വിക വിചിന്തനങ്ങൾ, ചിലപ്പോൾ കുറെ അമൂർത്തമാണെങ്കിൽപ്പോലും, പ്രകാശദായകമാണെന്നുള്ള തിരിച്ചറിവ്‌ പുതിയൊരു മൂല്യവ്യവസ്ഥയ്ക്കും സാമൂഹിക ക്രമത്തിനും വഴിതെളിച്ചേക്കാം. ഹരികുമാറിന്റെ ദാർശനിക മനനങ്ങൾ ഇത്തരുണത്തിലും വളരെ സംഗതമാണ്‌. മലയാളത്തിൽ, മനശ്ശാസ്ത്രത്തിന്റെയും പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തിലുള്ള സാഹിത്യവിമർശനം കുറച്ചൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും, ഏതെങ്കിലുമൊരു ദാർശനിക പദ്ധതിയുടെ പിൻബലത്തിലുള്ള വിമർശനം കാര്യമായി ഉണ്ടായിട്ടില്ല എന്നു തോന്നുന്നു. (മാർക്ക്സിസ്റ്റ്‌ സൗന്ദര്യശാസ്ത്രചിന്തകളെ മറക്കുന്നില്ല)
ഖസാക്കിന്റെ ഇതിഹാസത്തിന്റെ പുനർവായനയിലൂടെ തന്റെ സാഹിത്യമാനിഫെസ്റ്റോ ആവിഷ്കരിക്കാനുള്ള ശ്രമം ഹരികുമാർ നടത്തുന്നുണ്ട്‌ ചില ലേഖനങ്ങളിൽ . ഈ ശ്രമത്തിന്റെ ഭാഗമായാണ്‌ മറ്റു ലേഖനങ്ങളും തന്റെ തിരഞ്ഞെടുത്ത മൊഴികളും ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്‌.

ഏതൊരു ഉദാത്തമായ ആശയവും മൗലികവാദമായി മാറാനുള്ള ഭീഷണ്യമായ സാധ്യത നിലനിൽക്കുന്നതുകൊണ്ട്‌, സ്വയം നിരാസത്തിലൂടെ മാത്രമേ ആശയങ്ങൾക്ക്‌ സ്നേഹസാക്ഷാത്ക്കാരമുണ്ടായി, ‘വലിയ ലോകങ്ങളുടെ പൊരുളുകൾ’ തേടാൻ കഴിയൂ എന്നാണ്‌ ഹരികുമാർ വാദിക്കുന്നത്‌. ഖസാക്കിന്റെ ഇതിഹാസ’ ത്തിൽ ഏതെങ്കിലും ഒരാശയം മറ്റുള്ളവയെക്കാൾ പ്രസക്തമാവാൻ നോവലിസ്റ്റ്‌ അനുവദിക്കുന്നില്ല. കാരണം ഓരോ ആശയവും അതിന്റെ ആന്തരികവൈരുദ്ധ്യം കൊണ്ടും, അതിനെതിരെ നിൽക്കുന്ന ബദലുകളുടെ ബാഹുല്യം കൊണ്ടും അസ്തവീര്യമായിത്തീരുന്നു. അതുകൊണ്ടുതന്നെ ഒരാശയത്തിനും മൗലികവാദമായിത്തീരാനുള്ള സാദ്ധ്യത ഇല്ലാതാവുന്നു.
സാഹിത്യകൃതികൾ ഈ സ്വയംനിരാസത്തിന്റെ മാർഗ്ഗം സ്വീകരിക്കുമ്പോൾ, അവയ്ക്കുമുൻപിൽ അർത്ഥങ്ങളുടെ പ്രപഞ്ചം തുറക്കപ്പെടുകയായി. സൗന്ദര്യാത്മകമായ അതീന്ദ്രിയതയിലേക്കും മതാതീതമായ ആത്മീയതയിലേക്കും അവ വായനക്കാരെ ആനയിക്കുന്നു എന്നാണ്‌ ഹരികുമാറിന്റെ വാദം. ഇത്‌ എല്ലാ സ്വത്വവാദങ്ങളെയും നിഷേധിക്കുന്നു. അതിരുകവിഞ്ഞ സ്വത്വബോധം ചലനരഹിതമായ ജഡതയിലേക്കാണ്‌ നമ്മെ നയിക്കുന്നത്‌. മൗലികവാദം അതിന്റെ എല്ലാ ഭീകരതയോടും കൂടി അതിൽ കുടിയേറും. എന്നാൽ സ്വയംനിരാസം നിരന്തരമായ സ്വയം നവീകരണത്തിലൂടെ ആത്മവിമർശനത്തിലൂടെ, സർഗ്ഗപ്രവണമായ കർമ്മമാർഗ്ഗങ്ങൾ കണ്ടെത്തുന്നു.

ഈ ആശയത്തെ കൂടുതൽ വ്യക്തമാക്കുന്ന മനോഹരമായ മനനമാണ്‌ വെള്ളത്തെക്കുറിച്ച്‌ ഹരികുമാർ നടത്തുന്നത്‌. (ജലാത്മകത). വെള്ളത്തിന്റെ സ്വത്വം എന്നത്‌ ഒഴുക്കാണ്‌. ഒഴുക്കിലൂടെ എല്ലാ യാഥാസ്ഥിതികത്വത്തെയും പാരമ്പര്യത്തെയും ജലം തുടർച്ചയായി നിഷേധിക്കുന്നു. വെള്ളത്തിന്റെ അതിജീവന മന്ത്രമാണ്‌ ഒഴുക്ക്‌.
ഒഴുക്ക്‌ നിരാസമാണ്‌. നിശ്ചലതയെ നിരസിച്ചുകൊണ്ട്‌, ഭാവിയിലേക്കാണ്‌ വെള്ളം ഒഴുകുന്നത്‌. ചരിത്രമുണ്ടെങ്കിലും ആ “ചരിത്രത്തിന്റെ ചരിത്രാത്മകതയെ പരിഹസിച്ചുകൊണ്ട്‌ ഭാവിയെ നിർമ്മിച്ചുകൊണ്ടിരിക്കും” ഒഴുകുന്ന ജലം എന്നാണ്‌ ഹരികുമാറിന്റെ നിലപാട്‌.

ഇത്‌ മറ്റൊരു തരത്തിൽ വിശദമാക്കുകയാണ്‌ ‘പത്രം ഒരൊഴുക്ക്‌’, ‘വഴികൾ’ എന്നീ സുന്ദരമായ ലഘുലേഖനങ്ങൾ. നാം ദിവസവും നിവർത്തിവായിക്കുന്ന പത്രവും, അനുദിനം നടക്കുന്ന വഴികളും പെട്ടെന്നൊരു അർത്ഥദീപ്തിയിൽ തിളങ്ങിനിന്ന്‌ നമ്മുടെ ബോധത്തിന്റെ അന്തർമണ്ഡലങ്ങളിൽ ചൂടും വെളിച്ചവും പകരുന്നു. വാർത്തകളോടും വായനക്കാരോടും അവരുടെ ഇഷ്ടാനിഷ്ടങ്ങളോടും ഒരേസമയം വിശ്വസ്തതയും നിസ്സംഗതയും പുലർത്തുന്ന പത്രവും ഒരു പ്രവാഹമാണ്‌. വെള്ളം അതിരിക്കുന്ന പത്രത്തോട്‌ രൂപപരമായി കാണിക്കുന്ന വിശ്വസ്തതയും, പാത്രം തകർന്നാൽ ഒഴുകിപ്പോകുന്ന വെള്ളം അതിനോടു കാണിക്കുന്ന നിസ്സംഗതയും ,പത്രത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. “പത്രവും വെള്ളവും ഓരോ നിമിഷവും സ്വയം ഇല്ലാതാവുകയും മറ്റൊന്നായി മാറുകയും ചെയ്യുന്നു.”

വഴിയും ഇതുപോലെത്തന്നെ. വാക്കു സൂചിപ്പിക്കുന്നതുപോലെത്തന്നെ, വഴി വഴി മാത്രം. അത്‌ നമുക്കൊരു ലക്ഷ്യമല്ല. വഴികൾ ഉണ്ടാകുന്നതു തന്നെ വഴിക്കുവേണ്ടിയല്ല. വഴിക്ക്‌ അതിൽത്തന്നെ സ്ഥായീഭാവമോ സ്ഥിര സ്വത്വമോ ഇല്ല. നാം യാത്രചെയ്യുമ്പോഴെ വഴി വഴിയാകുന്നുള്ളൂ. യാത്രതന്നെയാണ്‌ വഴി, വഴി തന്നെയാണ്‌ യാത്ര. ഇതാണു വഴിയുടെ മിഥ്യ എന്നു ഹരികുമാർ എഴുതുമ്പോൾ നാം ഇതുവരെ താണ്ടിയ എണ്ണമറ്റ വഴികൾ അതിസങ്കീർണ്ണമായ യാത്രകളായി. ചിദാകാശപര്യവേഷണങ്ങളായി, ആത്മാവിന്റെ തീർത്ഥാടനങ്ങളായി, ജീവന്റെയും മരണത്തിന്റെയും നിഗൂഢ സ്ഥലികളിലേക്കുള്ള നിരന്തര പ്രയാണമായി നമുക്കു മുൻപിൽ തെളിയുന്നു. നമ്മെ ഒരുനിമിഷം വിശ്വപഥികരാക്കാൻ പോന്ന ചിന്തകളാണ്‌ അവ.

പ്രകൃതിയിൽ അനുനിമിഷം നടക്കുന്ന മാറ്റങ്ങളെ കലയിലും സാഹിത്യത്തിലും ഉചിതമായി സന്നിവേശിപ്പിക്കുമ്പോഴാണ്‌ അവയ്ക്ക്‌ രസാനുഭൂതി ഉണർത്തുന്ന ചലനാത്മകത കൈവരുന്നത്‌. ഈ സത്യത്തെ ‘ഓരോ വസ്തുവും പുതുതായി ജനിക്കുന്നു’ എന്നു ചെറുലേഖനത്തിൽ ഹരികുമാർ വ്യക്തമാക്കുന്നു. എഴുത്തുകാരൻ ഏതുവസ്തുവിനെയും രൂപാന്തരപ്പെടുത്തുന്നു. വസ്തുവിനെ അതിൽ നിന്ന്‌ തന്നെ മോചിപ്പിക്കുക എന്ന ‘കലാപ’ത്തിലാണ്‌ എഴുത്തുകാർ ഏർപ്പെടുന്നത്‌. മൗലികവാദത്തിൽ നിന്നും വ്യാജസ്വത്വത്തിൽ നിന്നുമാണ്‌ ഈ വിമോചനം. “ഏത്‌ വസ്തുവിനെയും അതിന്റെ മൗലികവാദത്തിൽ നിന്ന്‌, അതായിരിക്കുന്ന അവസ്ഥയിൽ നിന്ന്‌ മാറ്റി, അതിനു പ്രത്യക്ഷത്തിൽ പരിചിതമല്ലാത്ത വിതാനത്തിലേക്ക്‌ ഉയർത്തുമ്പോഴാണ്‌ കലയുണ്ടാകുന്നത്‌”.

ഇങ്ങനെ പ്രകൃതിവസ്തുക്കളെ നിരന്തരം പുനർജനിപ്പിക്കാനും, ആന്തരികമായി പരിവർത്തനം ചെയ്യാനും സഹായിക്കുന്ന പ്രക്രിയയെ “നവാദ്വൈതം” എന്നാണ്‌ ഹരികുമാർ വിശേഷിപ്പിക്കുന്നത്‌. അദ്വൈതചിന്ത അതിന്റെ പരമ്പരാഗതമായ അർത്ഥത്തിൽ, വിശ്വത്തിൽ വിവിധങ്ങളായ നാമരൂപങ്ങൾ ഉള്ള സകലത്തെയും ഒന്നായി കണ്ട്‌ ‘ഏകം ഏവം അദ്വിതീയം’ എന്ന ഏകതത്ത്വത്തിൽ വിലയിപ്പിക്കുകയാണല്ലോ. അതിൽനിന്ന്‌ വ്യത്യസ്തമായി ഓരോന്നും അതാതിന്റെ വ്യക്തിഗതമായ സ്വത്വം വിട്ട്‌, നിരന്തരം പരിവർത്തനവിധേയമായി, അനുസ്യൂതമായ കർമ്മധാരയിൽ സഹപ്രയാണം ചെയ്യുകയും പുതിയ സാഹചര്യങ്ങളും വലിയ ലോകങ്ങളുമായി താദാത്മ്യം പ്രാപിക്കയും അതേസമയം, മുൻനിർണ്ണയിക്കപ്പെട്ട ഏതെങ്കിലുമൊരു സ്വത്വത്തിൽ അതിന്റെ പ്രയാണം അവസാനിപ്പിക്കാതിരിക്കയും ചെയ്യുന്ന പ്രക്രയയെയാണ്‌ നവാദ്വൈതം എന്ന്‌ ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നതെന്ന്‌ തോന്നുന്നു. ഈ പ്രക്രിയ പുനർനിർമ്മാണമാണ്‌. പുതിയ അർത്ഥങ്ങളുടെ പ്രകാശനമാണ്‌. പുതിയ പ്രപഞ്ചോൽപ്പത്തിയുടെ മഹാവിസ്ഫോടനമാണ്‌.

ഹരികുമാറിന്റെ നവാദ്വൈതത്തിലും സാക്ഷാത്ക്കാരമുണ്ട്‌. ഏകീഭാവമുണ്ട്‌. ഇല്ലെങ്കിൽ അദ്വൈതം എന്ന വാക്കുപയോഗിക്കാനാവില്ലല്ലോ. പക്ഷേ അത്‌ കർമ്മത്തെയും വ്യാവഹാരികലോകത്തെയും അവഗണിച്ചുകൊണ്ടല്ല, ആയിത്തീരലിന്റെ അനന്തസാധ്യതകൾ അനാവരണം ചെയ്തുകൊണ്ടാണ്‌ അനുസ്യൂതമായ സ്വത്വനിരാസത്തിലൂടെ ജനിമൃതികളെ ഒന്നാക്കുന്ന പ്രക്രിയയാകുന്നത്.

ഹരികുമാറിന്റെ നിരാസവാദം പ്രകൃതിയിലെ സ്വാഭാവികമായ പരിണാമ ഭാവവുമായി താരതമ്യം ചെയ്യാവുന്നതാണ്‌. ജീവജാലങ്ങളുടെ വളർച്ചയിൽ ഒരേസമയം നിരാസവും സ്വീകരണവുമുണ്ട്‌. പഴയകോശങ്ങളെ പുറന്തള്ളിയും പുതിയ കോശങ്ങളെ ഉൾക്കൊണ്ടുമാണല്ലോ ജീവൻ പരിണമിക്കുന്നത്‌. ഒരു മനുഷ്യശിശു പൂർണ്ണവളർച്ചയിലെത്തുമ്പോഴേക്കും എത്രയോ വട്ടം അതിന്റെ കോടാനുകോടി കോശങ്ങൾ മാറിക്കഴിഞ്ഞിരിക്കും. ഇത്‌ ജീവന്റെ മഹാരഹസ്യമാണ്‌. ജീവചൈതന്യമില്ലാത്തിടത്ത്‌ ഈ തള്ളലും കൊള്ളലും ഉണ്ടാവുകയില്ല. പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ്‌ ഈ പ്രക്രിയ നടക്കുന്നത്‌. സവിശേഷമായ ഒരു രൂപം അഥവാ ഡിസൈൻ പ്രാപിക്കാനുള്ള ലക്ഷ്യബോധം ജീവിക്കുള്ളിൽ അനന്തശയനം കൊള്ളുന്നതുകൊണ്ടാണല്ലോ ആ രൂപമാതൃകയിലേക്ക്‌ അത്‌ പരിണമിക്കുന്നത്‌. ഇവിടെ സ്വത്വബോധത്തിന്‌ പരിവർത്തനം വരുന്നുണ്ടെങ്കിലും അന്തർലീനമായ സ്വത്വത്തിന്റെ അനുസ്യൂതത നഷ്ടപ്പെടുന്നില്ല. ശിശു യൗവ്വനയുക്തനായാലും വൃദ്ധനായാലും ആൾ ഒന്നുതന്നെയാണല്ലോ. ജീവജാലങ്ങളുടെയും വസ്തുക്കളുടെയും വൈയക്തികസ്വത്വത്തെ പ്രപഞ്ചക്രമത്തിന്റെ അനിഷേധ്യഭാഗമായി കണക്കാക്കിയാൽ വളർച്ചയ്ക്കുവേണ്ടി അതിലുണ്ടാകുന്ന നിരാസ-സ്വീകരണങ്ങളെ സമഷ്ടിബോധവുമായി ബന്ധപ്പെടുത്താനാവും. വലയിലെ കണ്ണികൾ പോലെ, ജീവന്റെ വ്യക്തിസ്വത്വവും വിശ്വത്തിന്റെ സമഗ്രബോധവും ചേതനയുടെ ഒരു മഹാപാരസ്പര്യത്തിൽ സംസർഗ്ഗം ചെയ്യുന്നു. ഭൗതികശാസ്ത്രജ്ഞനും ദാർശനികനുമായ ഫ്രിറ്റ്ജോഫ്‌ കാപ്രയുടെ Web of Life തുടങ്ങിയ ഗ്രന്ഥങ്ങൾ ഈ വഴിക്ക്‌ ചിന്തിപ്പിക്കുന്നവയാണ്‌. ആധുനിക ഹൈ എനർജി ഫിസിക്സിലും, ‘കണികകൾ’ (particles) എന്ന്‌ ദ്രവ്യമാത്രകളെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, അവയ്ക്ക്‌ ഒറ്റതിരിഞ്ഞ്‌ സ്വത്വമില്ല. അനിർവചനീയമായ, അപ്രവചനീയമായ പരിഭ്രമണത്തിൽ ഏർപ്പെട്ടിരിക്കുന്ന കണികകളുടെ പരസ്പരബന്ധത്തിലാണ്‌ ഊർജ്ജസംബന്ധിയായ ധർമ്മങ്ങൾ നടക്കുന്നത്‌. തലച്ചോറിലെ ന്യൂറോൺ കോശങ്ങളാണെങ്കിലും, അവയുടെ ബന്ധങ്ങൾ [synapses)ആണ്‌ മസ്തിഷ്ക്കധർമ്മത്തിന്‌ ആധാരം. ഇത്തരമൊരു ആന്തരിക ബാന്ധവബോധം ബയോളജിയിലും ഫിസിക്സിലും മറ്റു ശാസ്ത്രങ്ങളിലും അടുത്തകാലത്തുണ്ടായതിനു സമാന്തരമായിട്ടാണ്‌ web,net,global തുടങ്ങിയ പ്രയോഗങ്ങൾ ഉരുത്തിരിഞ്ഞത്‌. മനുഷ്യന്റെ സാധാരണ ഭാഷയിൽ ശാസ്ത്രങ്ങൾക്ക്‌ പ്രകടിപ്പിക്കാൻ ആവാത്ത ചിലബോധത്തെയും അറിവുകളെയുമാണ്‌, അറിഞ്ഞോ അറിയാതെയോ എട്ടുകാലിയുടെ മാറാലയും മുക്കുവന്റെ വലയും കളിക്കാരുടെ പന്തുമെല്ലാം പ്രകടിപ്പിക്കുന്നത്‌.

ഈ പുതിയ ബോധത്തെ സാഹിത്യവിമർശനത്തിലേക്കും സൗന്ദര്യശാസ്ത്ര വിചിന്തനത്തിലേക്കും എങ്ങിനെ ആവാഹിക്കാം എന്നത്‌ പ്രസക്തമായ ഒരു ചോദ്യമാണ്‌. കവിത, നോവൽ, ചെറുകഥ, നാടകം, തുടങ്ങിയ പാരമ്പര്യ സാഹിത്യരൂപങ്ങളും, ചിത്രകല, ശിൽപ്പകല, നൃത്തം തുടങ്ങിയ സാമ്പ്രദായിക സുകുമാരകലകളും പുതിയ സിനിമയും ഇലക്ട്രോണിക്‌ മാധ്യമവും ഇന്റർനെറ്റും തുറന്നുതരുന്ന വിസ്മയകരമായ സൗന്ദര്യാനുഭൂതികളും എല്ലാം തമ്മിലുള്ള ബാന്ധവങ്ങളും സംഗമസംഘാതങ്ങളും സുപ്രധാനമാണ്‌. അവയെ പുതിയ ഭാവുകത്വത്തിന്റെ ഭാഗമായി പലരും സ്വീകരിച്ചു തുടങ്ങി. എങ്കിലും സാഹിത്യവിമർശനത്തിന്റെ മുഖ്യധാരയിൽ ഈ പുതിയ ബാന്ധവവിചാരം എത്തിയിട്ടില്ല എന്നുതോന്നുന്നു.

ഭാരതീയ കാവ്യശാസ്ത്രത്തിൽ സ്ഥായിഭാവവും സഞ്ചാരി (വ്യഭിചാരി) ഭാവങ്ങളും തമ്മിൽ വേർതിരിക്കുന്നുണ്ടല്ലോ .ഒന്നിലും സ്ഥായീഭാവമില്ല എന്ന നിലപാടെടുത്താൽ സഞ്ചാരി ഭാവങ്ങൾക്ക്‌ പ്രസക്തിയില്ലാതാവുകയും സൗന്ദര്യഭംഗം വരികയും ചെയ്യും. അതുപോലെ തന്നെ സ്ഥായീഭാവം അതിൽത്തന്നെ ചലനാത്മകമല്ലെങ്കിൽ ഭാവമേളനം അസാദ്ധ്യമായിത്തീരും. സഞ്ചാരിഭാവങ്ങളെ എത്രയും വിശാലമായ അർത്ഥത്തിലും സ്വാതന്ത്ര്യത്തിലും കണക്കിലെടുത്താൽ മേൽപ്പറഞ്ഞ വിവിധ മാധ്യമങ്ങളെയും ഭാവുകത്വങ്ങളെയും അവയുടെ സ്വകീയത നഷ്ടപ്പെടാതെ തന്നെ സർഗ്ഗസമന്വയത്തിലേക്ക്‌ നയിക്കാൻ കഴിയും. സൂര്യൻ സ്ഥായിയായി നിൽക്കുന്നു. ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനുചുറ്റും സഞ്ചരിക്കുന്നു എന്നാണല്ലോ കോപ്പർനിക്കസിനുശേഷം നാം പഠിച്ച പുതിയ ശാസ്ത്രം. എന്നാൽ ഇതൊരു താൽക്കാലിക സങ്കൽപമാണെന്ന്‌ ഇപ്പോൾ നമുക്കറിയാം. സൂര്യനും സൗരയൂഥവും അതുൾപ്പെടുന്ന ഗാലക്സിയും എല്ലാംതന്നെ പ്രപഞ്ചത്തിന്റെ വികസ്വരചലനത്തിന്‌ വിധേയമാണ്‌. ഏതെല്ലാം ആന്ദോളനങ്ങൾക്കും വികാസ-വികേന്ദ്രീകരണങ്ങൾക്കും അവ വിധേയമാണ്‌ എന്ന്‌ പൂർണ്ണമായും നമുക്കറിഞ്ഞുകൂടാ. അപ്പോൾ സ്ഥായി-സഞ്ചാരി ഭാവങ്ങളെയും ആകെത്തുകയിലുള്ള ചലനത്തിന്‌ വിധേയമാക്കുമ്പോൾ, നമ്മുടെ സൗന്ദര്യശാസ്ത്രത്തിന്‌ പുതിയ മാനങ്ങൾ കൈവരും. ഹരികുമാറിന്റെ നവാദ്വൈതചിന്തയും അനസ്യൂതനിരാസ-നവീകരണവാദവും ഇക്കാര്യങ്ങളെ കണക്കിലെടുക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.
ഹരികുമാറിന്റെ സാഹിതീ ദർശനത്തെ ചൂഴ്‌ന്ന്‌ നിൽക്കുന്നത്‌ ഒരു പ്രവാഹബോധമാണ്‌. നിരന്തരമായ ഈ ധാരാത്മകത എല്ലാ സ്ഥാപനവൽക്കരണങ്ങളെയും സിദ്ധാന്തവാശികളെയും കടപുഴക്കിയെറിയുന്നു. ഈ പ്രവാഹത്തിന്റെ ഭാഗമായിട്ടാണ്‌ ആത്മികതയും സൗന്ദര്യവും സർഗ്ഗാത്മകതയും അദ്ദേഹം കാണുന്നത്‌. ഇത്‌ ഒരളവിൽ സോക്രട്ടീസിനും മുൻപുള്ള ആദിയവന ദാർശനികരിൽ ഒരാളായ ഹെറാക്ലീറ്റസിന്റെ ചിന്തയെ ഓർമ്മിപ്പിക്കുന്നു. ” ആർക്കും ഒരേ നദിയിൽ രണ്ടുപ്രാവശ്യം കാൽവയ്ക്കാനാവില്ല” എന്നവാക്യം പ്രസിദ്ധമാണല്ലോ. ഭൗതിക യാഥാർത്ഥ്യത്തെ പ്രവാഹമായി (flux) കാണുന്ന ഈ വീക്ഷണം വളരെ ആധുനികവുമാണ്‌. 20-നൂറ്റാണ്ടിൽ ബ്രട്ടീഷ്‌ ദാർശനികനും ഗണിതജ്ഞനുമായിരുന്ന ആൽഫ്രഡ്‌ നോർത്ത്‌ വൈറ്റ്‌ ഹെഡ്‌ (1861-1947) രൂപം കൊടുത്ത ‘പ്രോസ്സസ്‌ ഫിലോസഫി’ ധാരാവാദത്തിന്റെ വളരെ പരിഷ്കൃതമായ രൂപമാണെന്ന്‌ പറയാം. അനുനിമിഷമുള്ള ആയിത്തീരലുകളുടെ ആകെത്തുകയാണ്‌ പ്രപഞ്ചം. ഓരോ ആയിത്തീരൽ സംഭവവും ഒറ്റപ്പെട്ട്‌ നിൽക്കാതെ തുടർച്ചയായ മാറ്റത്തിന്റെയും പുതുമയുടെയും ഭാഗമായി നമുക്ക്‌ അനുഭവവേദ്യമാകുന്നു. പാശ്ചാത്യ തത്ത്വവിചാരത്തിൽ പ്രബലമായിരുന്ന സത്ത. സ്ഥിരത, ഏകതാനത എന്നിവയെ എല്ലാം നിഷേധിച്ച്‌ ഈ ദർശനം ചരിത്രപരമായിത്തന്നെ ഭൂതകാലത്തിൽ നിന്ന്‌ പുതിയ ഭാവയിലേക്ക്‌ നിരന്തരം പരിണമിക്കുന്ന യാഥാർത്ഥ്യത്തെയാണ്‌ ഊന്നിപ്പറഞ്ഞത്‌. ഈ പ്രക്രിയയുടെ ചലനാത്മകതമൂലം, പരമ്പരാഗതവും സ്ഥാവരവുമായ മാനദണ്ഡങ്ങൾ കൊണ്ട്‌ ഇതിനെ അളക്കാനും അറിയാനും ആവില്ല എന്നായിരുന്നു വൈറ്റ്‍ഹെഡിന്റെ പക്ഷം.

പാശ്ചാത്യ ദർശനത്തിലും വേദശാസ്ത്രത്തിലുമെല്ലാം അനുരണനങ്ങൾ സൃഷ്ടിച്ച ഈ ദാർശനിക വീക്ഷണത്തെ, ഹരികുമാറിന്റെ പ്രവാഹവാദവുമായി ബന്ധിപ്പിച്ച്‌ കാണുന്നത്‌ പ്രയോജനപ്രദമാണ്‌.
നിരന്തരചലനം നമ്മെ വിഭ്രമിപ്പിക്കും. നമ്മുടെ പരിചിതമായ ദിഗ്ബോധങ്ങളെ അത്‌ മായിച്ചുകളയും. സ്ഥലജലഭ്രമത്തിന്‌ വിധേയരാകും നാം. അതുകൊണ്ടാണ്‌ മനുഷ്യർ ഇളകാത്ത കുറ്റികൾ സ്ഥാപിക്കുന്നത്‌. അതിർക്കല്ലുകളിടുന്നത്‌. കാലത്തെ മണിക്കൂറായും മിനിറ്റായും സെക്കൻഡായും കീറിമുറിച്ച്‌ അടയാളപ്പെടുത്തി കൈത്തണ്ടയിൽ കൊണ്ടുനടക്കുന്നത്‌. സ്ഥലത്തെ അളന്ന്‌, അറകളായി തിരിച്ച്‌ കെട്ടിടം പണിത്‌ അതിൽ കയറി വാതിലടച്ച്‌ പാർക്കുന്നത്‌, എങ്കിലും ധൈര്യമുള്ളവർ ഇടയ്ക്കിടെ, അറകൾ തുറന്ന്‌, അടയാളങ്ങൾ പറിച്ചെറിഞ്ഞ്‌, വസ്ത്രമുരിഞ്ഞ്‌ സ്ഥലകാലങ്ങളുടെ അനന്തവിസ്തൃതികളിൽ നഗ്നരായി അലയുന്നു. അനുച്ചരണീയമാണ്‌ അവരുടെ അനുഭവം.

കപടവേഷങ്ങളണിഞ്ഞ നമ്മെ ഹരികുമാറിന്റെ ചിന്താസ്ഫുലിംഗങ്ങൾ വിവസ്ത്രരാക്കുന്നു. നമ്മുടെ ആടയാഭരണങ്ങൾക്ക്‌ തീ കൊളുത്തുന്നു. കലയിലും സാഹിത്യത്തിലും പുതിയൊരു സൗന്ദര്യ ചിന്താസരണിയുടെ സമാരംഭമാവട്ടെ നമുക്ക്‌ ലഭിച്ചിരിക്കുന്ന ഈ ദർശനസുകൃതം.

* എന്റെ മാനിഫെസ്റ്റോയുടെ അവതാരിക

Featured

ഉത്തര-ഉത്തരാധുനികത

എം.കെ. ഹരികുമാർ

ആധുനികതയുടെ വരവോടെ പഴയ സൗന്ദര്യനിയമങ്ങൾ അതേപടി തുടരേണ്ടതില്ല എന്ന ചിന്ത പ്രബലപ്പെട്ടു. ആവർത്തനവിരസമായ കലാവിദ്യ നിരാകരിക്കപ്പെടണമെന്നത്‌ വലിയ ആശയമായിരുന്നു. പുതിയ രീതിയിൽ ഭാവന ചെയ്യപ്പെടണം. പുതിയ രൂപവും ഉള്ളടക്കവും വേണം. ഉത്തരാധുനികതയിൽ ഇതുപോലുള്ള നവീനതയെല്ലാം ക്ലീഷേയായി. നിലവിലുള്ള ക്രമം തെറ്റിച്ചാലും പുതുതായൊന്നും സൃഷ്ടിക്കാനില്ല എന്ന മതമാണ്‌ ഉത്തരാധുനികത ഉയർത്തിയത്‌. ആധുനിക വ്യവസായങ്ങളും യുദ്ധനാശവുമാണ്‌ മനുഷ്യനെ ഏകാകിയും ദുഃഖിതനുമാക്കുന്നതെന്ന്‌ ആധുനികത വിശ്വസിച്ചു. മതവും പ്രബുദ്ധതയുമൊക്കെ കളവാണെന്ന മട്ടിൽ, സർവത്ര വ്യാപിച്ച നിഷേധത്തെ അവർ പരമപ്രധാനമായി കണ്ടു.

നമ്മുടെ ബൗദ്ധികവ്യവഹാരങ്ങളിലും ചിന്താപരമായ ഘടനകളിലും സമൂലമായ ഒരു വീക്ഷണവ്യതിയാനം സംഭവിച്ചുകഴിഞ്ഞു. ഇതിനെ പാരഡൈം ഷിഫ്റ്റ്‌ എന്ന്‌ വിളിക്കാം. അതായത്‌ വ്യവസ്ഥാവ്യതിയാനം. ചില കണ്ടെത്തലുകൾ വരുന്നതോടെ, അതുവരെയുണ്ടായിരുന്ന സങ്കൽപങ്ങൾ താഴെവീഴുന്നു. ഭൂമിക്കുചുറ്റം സൂര്യൻ കറങ്ങുകയാണെന്ന്‌ വിശ്വസിച്ചിരുന്ന കാലത്ത്‌ നിന്നുളള സമൂലമാറ്റമാണ്‌ ഭൂമി സൂര്യനെ വലംവയ്ക്കുന്നുവേന്ന യാഥാർത്ഥ്യത്തോടെ ഉണ്ടായത്‌. ഇത്‌ ശാസ്ത്രവും തത്ത്വചിന്തയും ചേർന്നാണ്‌ കൊണ്ടുവരുന്നത്‌.

ഉത്തരാധുനികതയാകട്ടെ, ഒരു ആഖ്യാനത്തിലും വിശ്വസിച്ചില്ല. വസ്തുനിഷ്ഠ യാഥാർത്ഥ്യത്തിനു പകരം സംശയവും പാരഡിയും വിരുദ്ധോക്തിയുമാണ്‌ അവർ ആശ്രയിച്ചതു. സത്യത്തെ നമ്മൾ സാമൂഹികവും ചരിത്രപരവുമായി നിർമ്മിക്കുന്നതാണെന്ന സിദ്ധാന്തമാണ്‌ ഉത്തരാധുനികത. സത്യത്തിനു ആത്യന്തികതയില്ല, താത്കാലിക അസ്തിത്വമേയുള്ളൂ.
എന്നാൽ ഉത്തരാധുനിക കാലവും അസ്തമിച്ചു. ഐഡന്റിറ്റി രാഷ്ട്രീയവും പ്രാദേശികസ്വത്വവും എല്ലാം ആപേക്ഷികമായി. ഒരാൾക്ക്‌ സ്ഥിരമായ ഐഡന്റിറ്റി ഇല്ലല്ലോ. മനുഷ്യന്‌ ഒരു മുഖമല്ല ഉള്ളത്‌. പ്രാദേശികത ഒരു സ്വത്വമാകുന്നതെങ്ങനെ? ലോകത്ത്‌ ഓരോ പ്രദേശത്ത്‌ ജനിച്ചവരാണ്‌ പിന്നീട്‌ സഞ്ചാരികളായി ലോകത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഇഴുകിച്ചേരുന്നത്‌. ഒരാൾക്കും ഒരു സാംസ്കാരിക നിർവ്വചനത്തിനനുസരിച്ച്‌ പ്രത്യേക കള്ളിയിലൊതുങ്ങാനാവില്ല. കലാമണ്ഡലം ഗോപിക്കുപോലും കഥകളിയിലേർപ്പെടുമ്പോഴേ നളനാകാൻ കഴിയൂ. അല്ലാത്തപ്പോൾ അദ്ദേഹവും ഏതെങ്കിലും വാട്സ്‌അപ്പ്‌ ഗ്രൂപ്പിലോ മൊബെയിൽ ശൃംഖലയിലോ ആണുള്ളത്‌.

സ്ഥലകാലങ്ങൾ പ്രതീതിയായി
സ്ഥലവും കാലവും മുൻപത്തെപ്പോലെയല്ല ഇപ്പോൾ അനുഭവിക്കുന്നത്‌. ഒരു സന്ദേശമോ ചിത്രമോ ലോകത്തിന്റെ ഏത്‌ ഭൂഖണ്ഡത്തിലുമെത്തിക്കാൻ നിമിഷങ്ങൾ മതി. ഒരേ സന്ദേശംതന്നെ അനേകർക്ക്‌ അയയ്ക്കാനും നിമിഷങ്ങൾ മതി. ഒരു നിമിഷത്തിനുള്ളിൽതന്നെ ശതകോടി നിമിഷങ്ങൾ ഒളിച്ചിരിക്കുന്നു. ഇതാണ്‌ ഉത്തര-ഉത്തരാധുനികതയിലേക്ക്‌ നയിക്കുന്നത്‌. സ്ഥലത്തെക്കുറിച്ചുള്ള സങ്കൽപവും മാറി. വെറും സ്വത്വവും പ്രാദേശികതയും വലിയ യാഥാർത്ഥ്യമോ, പാരഡിയോ ആയി പരിഗണിച്ച ഉത്തരാധുനികത അസ്തമിച്ചു. ഉത്തരാധുനികതയ്ക്കുശേഷം സംഭവിച്ചതു സ്ഥലം ഒരു മിഥ്യയാണെന്ന അറിവാണ്‌. ഒരു പ്രതീതി യാഥാർത്ഥ്യമായി സ്ഥലം മാറി. ഇന്റർനെറ്റിലെ സ്ഥലം നിലവിൽ ഉള്ളതല്ലല്ലോ. അത്‌ ഒരു മായികകാഴ്ചയാണ്‌. എന്നാൽ സ്ഥലം ഉള്ളതായി നമുക്കു തോന്നുന്നു. ഒരു വ്യാജസ്വഭാവം അതിനുണ്ട്‌. ആ സ്ഥലം താമസിക്കാനോ വിൽക്കാനോ ഉള്ളതല്ല. അത്‌ ഉപയോഗിക്കാൻ മാത്രമുള്ളതാണ്‌. ഉപയോഗാനന്തരം ആ സ്ഥലം മിഥ്യയായി മാറുന്നു. മനുഷ്യന്റെ ഒരതീത വ്യക്തിത്വത്തെ നിർമ്മിച്ചെടുക്കുകയാണ്‌ ഉത്തര-ഉത്തരാധുനികത. അവന്റെ അസ്തിത്വം അതുവരെയില്ലാതിരുന്ന ഒരു പ്രതീതി യാഥാർത്ഥ്യത്തെ നിർമ്മിക്കുകയും കൂട്ടിയിണക്കുകയും ചെയ്യുന്നു. ഒരാൾ ജീവിക്കാത്തിടത്തും അയാളുടെ വക ജീവിതം തിളിച്ചുമറിയുകയാണ്‌. ഫേസ്ബുക്ക്‌, ട്വിറ്റർ തുടങ്ങിയ മാധ്യമങ്ങളിൽ എത്രയോ പേരുമായി ഒരാൾ ആശയവിനിമയം നടത്തുന്നു! ഒന്നിനും ഐഡന്റിറ്റി വേണ്ട. കാണുകയോ കേൾക്കുകയോ ചെയ്യാതെ, സ്വന്തം പേരും സ്ഥലവും സ്ഥിരമായി മറച്ചുവച്ചുകൊണ്ടുതന്നെ ഒരാൾക്ക്‌ എത്ര പേരുമായും സൗഹൃദം തുടരാം. മനുഷ്യന്റെ സത്യസന്ധതയുടെ പ്രകടമായ വ്യവഹാരമാണല്ലോ സൗഹൗദം. അവിടെപ്പോലും ഒരാൾക്ക്‌ താൻ ആരാണെന്ന്‌ മറച്ചുവയ്ക്കാം. സൗഹൃദത്തിനു ഐഡന്റിറ്റി വേണം.

ഏറ്റവും ഞെട്ടലുണ്ടാക്കുന്ന കാര്യം, പ്രണയത്തിനു ഐഡന്റിറ്റി വേണ്ടെന്നതാണ്‌. ഒരാളെ ശരിക്കു കാണുകപോലും വേണ്ട. ഒരു നിമിത്തമോ അനിവാര്യതയോ ആകസ്മികതയോ ഇല്ലാതെ ആളുകൾ പ്രണയത്തിലേക്ക്‌ വീഴുകയാണ്‌. അത്‌ മനസിന്റെ സ്വാഭാവികമായ ഒരു നിർബന്ധത്തിന്റെ ഭാഗമല്ല. പെട്ടെന്ന്‌ ഉദിക്കാവുന്നതും എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷമാകാവുന്നതുമായ ഒരു വികാരമായി അത്‌ രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇഷ്ടംപോലെ പ്രണയികൾ ചുറ്റും നിൽക്കുമ്പോൾ ഒരാളോടുള്ള പ്രേമത്തിന്റെ പവിത്രതയൊന്നും ആവശ്യമില്ല. ആരും അനിവാര്യതയല്ല. ഒന്നില്ലെങ്കിൽ മറ്റൊന്ന്‌.

ഉത്തര-ഉത്തരാധുനികതയുടെ ഒരു പ്രധാന പ്രശ്നമാണ്‌ സ്ഥല, കാല പ്രതീതിയും ഐഡന്റിറ്റിയുടെ നാശവും. സ്വത്വം ഇല്ലാതായിക്കഴിഞ്ഞു. 21-‍ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പ്രത്യക്ഷപ്പെട്ട പ്രതിഭാസമാണ്‌ സ്വത്വനാശം. താൻ ആരാണെന്ന്‌ രേഖകളിലൂടെ സ്ഥാപിച്ചാൽ മതി. ആധാർകാർഡ്‌ ഉത്തര-ഉത്തരാധുനിക വിഷയമാണ്‌. വ്യക്തി ഒരു സംഖ്യയാണ്‌. അത്‌ എണ്ണി മനസിലാക്കാവുന്നതല്ല. അത്‌ വെറും കുറേ അക്കങ്ങളാണ്‌. പക്ഷേ അത്‌ ഒരു ഐഡന്റിറ്റിക്ക്‌ പകരം നിൽക്കും. ഐഡന്റിറ്റി എന്നാൽ വ്യക്തിയല്ല; വ്യക്തി നിലനിൽക്കുന്നതിനു പകരം, ഉണ്ടെന്ന്‌ തെളിയിച്ചാൽ മതി. വ്യക്തി ജീവിക്കുന്നതിനുപകരം ജീവിക്കാൻ യോഗ്യനാണെന്ന്‌ സൂചിപ്പിച്ചുകൊണ്ടിരുന്നാൽ മതി. ആധാർകാർഡ്‌ ഉണ്ടായാൽ മതി; വ്യക്തി എന്താണെന്നത്‌ പ്രശ്നമല്ല. വ്യക്തിക്ക്‌ സ്വത്വമില്ല; പകരം അക്കങ്ങളും കോഡുകളും മതി.

മാധ്യമവ്യക്തിത്വം
വ്യക്തികളുടെ ഐഡന്റിറ്റിരാഹിത്യം എല്ലാവരെയും സമന്മാരാക്കുകയാണ്‌. ആൾക്കൂട്ടത്തിനു സമാനമായ ഒരു മുഖമാണത്‌. കൂട്ടത്തോടെ വന്ന്‌ വോട്ട്‌ ചെയ്യുന്നതുപോലെയാണ്‌. വോട്ട്‌ ചെയ്യുന്ന ഒരു വ്യക്തി വിചാരിച്ചാൽ ജയിപ്പിക്കാനോ തോൽപിക്കാനോ കഴിയില്ല. അയാൾ ഒരു ഉപകരണം മാത്രമാണ്‌. ഫേസ്ബുക്കിൽ എഴുതുന്നവരും ഈ പ്രവണതയെയാണ്‌ ഉദാഹരിക്കുന്നത്‌. ഒരാൾക്ക്‌ പൂർവ്വകാലം വേണ്ട. വായനയുടെയോ അഭ്യാസത്തിന്റെയോ പശ്ചാത്തലം ആരും തിരക്കുകപോലുമില്ല. എന്ത്‌ പറയുന്നു എന്നാണ്‌ നോക്കുന്നത്‌. ഡോ. പത്മാ സുബ്രഹ്മണ്യം നൃത്തം ചെയ്യുന്നു. നൃത്തം പഠിക്കാത്തവർ അത്‌ കണ്ട്‌ അഭിപ്രായം പറയുന്നു. പത്മാ സുബ്രഹ്മണ്യത്തിനും അഭിപ്രായം പറയുന്നവനും ഒരേ പദവിയാണുള്ളത്‌. നെറ്റിൽ പരതാനുള്ള വസ്തുക്കളാണ്‌, സംജ്ഞകളാണ്‌ എല്ലാം. അതിനപ്പുറം ഒന്നുമില്ല. ചിലപ്പോൾ ഡോ. പത്മയേക്കാൾ പൈന്തുണ കിട്ടുന്നത്‌ കമന്റ്‌ എഴുതുന്നവനായിരിക്കും. അവന്‌ സ്വത്വമില്ല; അവൻ ആരാണെന്ന്‌ അറിയണമെന്നില്ല. എന്നാൽ അവന്‌ വൻ സുഹൃത്ത്പടയുണ്ട്‌. അവർ അവനുവേണ്ടി നാവ്‌ ചലിപ്പിച്ചുകൊണ്ടിരിക്കും. അവർ ആരെയും ആക്ഷേപിക്കും. അതവരുടെ മുഖമില്ലാത്ത സ്വാതന്ത്ര്യമാണ്‌. ഒരാൾ ജീവിച്ചിരിക്കുന്നു എന്ന്‌ വ്യക്തമാക്കാൻ വെറുതെ കൂവിയാൽ മതി. ആ കൂവൽ കേൾക്കുന്നതോടെ നമ്മളും ജീവിച്ചിരിക്കുന്നവരായി വിധി എഴുതും.
നവമാധ്യമങ്ങളുടെ ശീലം ഒരു മുഖമില്ലാത്ത, യാഥാർത്ഥ്യമില്ലാത്ത അശരീരി എന്ന നിലയിലാണ്‌. പറഞ്ഞ അഭിപ്രായം വന്ന്‌ മായ്ച്ചുകളഞ്ഞിട്ട്‌ പോകാം. ഫേസ്ബുക്കിൽ ഏത്‌ ചിത്രം പോസ്റ്റ്‌ ചെയ്താലും, അതിനെ സുന്ദരമാക്കുന്ന ഒരു സാങ്കേതികവിദ്യ അതിൽ നിലീനമാണ്‌. ചിത്രങ്ങൾ മനോഹരമായി പ്രതിഷ്ഠിക്കപ്പെടുകയാണ്‌. ചട്ടക്കൂട്‌ ഡിജിറ്റൽ ഇടമാണ്‌. അവിടെ ചിത്രങ്ങൾ മറ്റൊരു നിറക്കൂട്ടിലും മനോഹാരിതയിലുമാണ്‌ ഇടംപിടിക്കുന്നത്‌. ക്യാമറകൾ സ്വയം എടുക്കുന്ന ഫോട്ടോകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. അവിടെ കലയുമായി ഒരു ബന്ധവും വേണമെന്നില്ല. എന്നാൽ നിങ്ങൾ എന്തെങ്കിലും മിണ്ടുകയോ എഴുതുകയോ ചെയ്താൽ കലാകാരനാവുക എന്ന വിധിയിൽ നിന്ന്‌ മോചനം ഉണ്ടായിരിക്കുകയില്ല.

മികച്ചതു എന്ന പദവിയില്ല. ഏതും മികച്ചതാണ്‌. അതിനെ ഉയർത്താൻ സുഹൃത്തുക്കൾ എത്ര വേണമെങ്കിലുമുണ്ട്‌. അവർക്ക്‌ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പക്ഷപാതം പൊതുവേ ഉണ്ടാകണമെന്നില്ല. അവർ ആടിത്തിമിർത്ത്‌ ഇരുളിൽ മറയുകയാണ്‌. അവരെ ആർക്കും വിരട്ടാനൊന്നും കഴിയില്ല. ഏറ്റവും മികച്ചതെന്ന്‌ പലരും വാഴ്ത്തിയതിനെ നവമാധ്യമങ്ങളിലെ പ്രതീതി കലാകാരന്മാർ പുകച്ചു പുറത്തുകളയും. അത്‌ അവരുടെ സ്വാതന്ത്ര്യവും നിലനിൽപ്പിന്റെ ആഘോഷവുമാണ്‌. ഒരു നിയമമോ ചരിത്രമോ അവിടെ വാഴുന്നില്ല. ഫേസ്ബുക്കിലേക്ക്‌ വരുന്ന ഓരോരുത്തർക്കും കലാകാരപദവിയുണ്ട്‌. ഇത്‌ അതിന്റെ രൂപകൽപനയിൽനിന്ന്‌ ലഭിക്കുന്നതാണ്‌. സുന്ദരമായ ഒരു ചിത്രത്തിനകത്ത്‌ സ്വന്തം ഫോട്ടോ വിളക്കിച്ചേർത്ത്‌ ഒരു പാട്ടിന്റെ അകമ്പടിയോടെ അവതരിപ്പിക്കാൻ ആർക്കാണ്‌ കഴിയാത്തത്‌? അവർ കലാകാരന്മാരാവുകയാണ്‌.

ക്ലാസിക്കുകളില്ല
മഹത്തായതൊന്നുമില്ല. എല്ലാം ആവശ്യാനുസരണം നിർമ്മിക്കുന്നു എന്നേയുള്ളൂ. ക്ലാസിക്കുകൾ ഇല്ലാതായി. അതേസമയം ക്ലാസിക്കുകളെ ഉണ്ടാക്കിയെടുക്കാം. പക്ഷേ, ഒന്നിനും ദീർഘകാല ജീവിതമില്ല. ഉപഭോഗമാണ്‌ കല. ഓരോന്നും കണ്ട്‌ തള്ളുകയാണ്‌. ചവറുകൾ എന്ന്‌ മുമ്പ്‌ വിവക്ഷിച്ചിരുന്നവയെല്ലാം ഇന്ന്‌ തിരിച്ചുവന്നിരിക്കയാണ്‌. തീയേറ്ററിൽ എട്ട്‌ നിലയിൽ പൊട്ടിയ ചിത്രങ്ങൾ ടെലിവിഷൻ ചാനലിൽവന്ന്‌ ‘വൻ വിജയങ്ങൾ’ തീർക്കുന്നു. ഏതാണ്‌ മികച്ചതെന്ന നിലയിലുള്ള ചർച്ചകൾ ഒരിടത്തുമില്ല. നിരൂപണം ഉൽപന്നത്തിന്റെ പരസ്യത്തിനു വേണ്ടിയുള്ളതാണ്‌. സിനിമകൾക്ക്‌ നിരൂപണമില്ല. പകരം ചാനൽ ഉയർത്തുന്ന ചർച്ചകളേയുള്ളൂ. ഒരു സിനിമ ഇറങ്ങിയതിനെതുടർന്ന്‌ അതിന്റെ അണിയറ പ്രവർത്തകർ വന്ന്‌ ചാനലിലിരുന്ന്‌ നടത്തുന്ന ചർച്ചയാണ്‌ ഇന്നത്തെ നിരൂപണം. ആ സിനിമയെക്കുറിച്ച്‌ പുറത്തുള്ളവർ ഒന്നും പറയേണ്ടതില്ല; എല്ലാം അതിന്റെ വക്താക്കൾ തന്നെ പറഞ്ഞുകൊള്ളും. വാസ്തവത്തിൽ ഇത്‌ ഒരു അടഞ്ഞമുറിയിലെ ചർച്ചയാണ്‌. ഈ അടഞ്ഞമുറി ഇന്ന്‌ ഒരു പൊതുഇടമായി രൂപാന്തരം പ്രാപിക്കുകയാണ്‌. പൊതുഇടം, സ്വകാര്യഇടം എന്നീ വേർതിരിവുകൾ ഇല്ല. എല്ലാം സ്വീകാര്യമാണ്‌. സിനിമയിൽ അഭിനയിച്ചവരും അതിന്റെ അണിയറ പ്രവർത്തകരും ഒരു മുറിയിലിരുന്ന്‌ സംസാരിക്കുന്നതാണ്‌ ആ ചിത്രത്തെക്കുറിച്ചുള്ള നിരൂപണം എന്നത്‌ ഉത്തര-ഉത്തരാധുനികമായ പ്രത്യേകതയാണ്‌. ഒരു വസ്തുവിനും നിരൂപണം സാധ്യമല്ല. സാഹിത്യത്തിനുപോലും നിരൂപണം ഇനി സാധ്യമാകുമെന്ന്‌ തോന്നുന്നില്ല. കാരണം ഒരു ഭാവുകത്വമോ സൗന്ദര്യശാസ്ത്രമോ മേൽക്കൈനേടാത്ത കാലത്തിലേക്കാണ്‌ നാം നടന്നടക്കുന്നത്‌. വിചിന്തനങ്ങൾ ഇല്ലാതാവുകയും എല്ലാം വിനോദങ്ങളാവുകയും വിസ്മൃതികളാവുകയുമാണ്‌. മനസിന്റെ ഉപയോഗം കഴിഞ്ഞ്‌ ഓരോന്നും പിൻവാങ്ങുകയാണ്‌.

അവതാരകൻ ദൈവത്തെ അനുകരിക്കുന്നു
ചാനൽ വാർത്തകളുടെ സ്വഭാവംതന്നെ മാറിയത്‌ ഉത്തര-ഉത്തരാധുനികതയിൽ പത്രാധിപർ ഇല്ലെന്ന്‌ വ്യക്തമാക്കുന്നു. ഒരു അവതാരകൻ എന്താണ്‌ പറയുന്നതെന്ന്‌ ദൈവത്തിനുപോലും നിശ്ചയിക്കാനാവില്ല. ദൈവത്തെ നിയന്ത്രിക്കാം; പക്ഷേ അവതാരകനെ കയറൂരി വിട്ടിരിക്കുകയാണ്‌. ചുവപ്പു കണ്ട കാളയെപ്പോലെ അയാൾ ഓടുകയാണ്‌. അതിഥികളായെത്തുന്നവർ അവതാരകന്റെ ഓട്ടത്തിനുള്ള തിരുമ്മുകാരാണ്‌. ശരിയായി തിരുമ്മിക്കൊടുത്താൽ കാള കൃത്യമായി ചുവപ്പിനെ ഇടിച്ചുവീഴ്ത്തും. അയാളാണ്‌ വാർത്ത നിശ്ചയിക്കുന്നത്‌. ഒരു ഞാണിന്മേൽ അഭ്യാസിയെപ്പോലെ അയാൾ വാക്കുകൾ എടുത്തു പെരുമാറുന്നു. ഓരോ ന്യൂസ്‌ അവറും ഓരോ ദിഗ്‌വിജയമാണ്‌. അവിടെ അയാൾക്ക്‌ ജയിച്ചേ പറ്റൂ. അതിനായി ശബ്ദം, ദൃശ്യം എന്നിവ റെക്കാർഡ്‌ ചെയ്തത്‌ ഹാജരാക്കും. ഇതെല്ലാം കണ്ട്‌ ശരിവയ്ക്കാൻ ചർച്ചയ്ക്ക്‌ വന്നിരിക്കുന്നവർക്ക്‌ ബാധ്യതയുണ്ട്‌. കാരണം അവർ ഓരോരുത്തരും ഓരോ ദിവസത്തെ സുൽത്താനാണ്‌. അവതാരകൻ വ്യക്തിഗതമായ മാനറിസങ്ങളെ നന്നായി ഉപയോഗിക്കും. ഇത്‌ ഒരു ട്രേഡ്‌ മാർക്കാണ്‌. അയാളുടെ ക്ഷോഭവും എതിരിടലും ഉച്ചത്തിലുള്ള സംസാരവും ഒരു വാർത്ത അറിയിക്കാൻ വേണ്ടിയല്ല, അത്‌ സ്ഥാപിച്ചെടുക്കാനാണ്‌. വാർത്ത അറിയിക്കുന്നതിൽ ഒരു ത്രിൽ ഇല്ല; അത്‌ സ്ഥാപിക്കുന്നതിൽ ഒരു അധികാരവും വിനോദവുമുണ്ട്‌. ഒരു ന്യൂസ്‌ അവറിൽ എന്ത്‌ നടന്നാലും അത്‌ അവതാരകന്റെകൂടി ചുമതലയിലാണ്‌. എന്നാൽ അതിനെ ആരും എഡിറ്റ്‌ ചെയ്യുന്നില്ല. ചർച്ചയ്ക്ക്‌ എത്തിയ ഒരാൾ, അവിടെ സന്നിഹിതയായിരിക്കുന്ന ഒരു വനിതയെ തേവിടിശ്ശി എന്ന്‌ വിളിച്ചാലും അവതാരകൻ ഉരുണ്ടുകളിച്ച്‌, നിസ്സഹായത അഭിനയിച്ചിരിക്കും. ഇത്‌ ഇങ്ങനെയെല്ലാം ഒരു വസ്ത്രാക്ഷേപമായിത്തീരണമെന്ന്‌ അയാൾ നേരത്തെ ആസൂത്രണം ചെയ്തിട്ടുണ്ടാകും. ആധുനികതയിലോ, ഉത്തരാധുനികതയിലോ ഈ സവിശേഷത ഉണ്ടായില്ല. ഉത്തര-ഉത്തരാധുനികത ചാനൽ വാർത്തയുടെ മാത്രമല്ല, സകല കോമഡി പരിപാടികളുടെയും ഫോൺ ഇനി കാട്ടിക്കൂട്ടലുകളുടെയും ഹൃദയമാണ്‌. കോമഡിഷോകളിൽ ഗ്രീന്റൂം തന്നെയാണ്‌ മിക്കപ്പോഴും അവതരണവേദി. റിഹേഴ്സൽ ഒരു പ്രദർശന വസ്തുവാണ്‌. അന്തിമമായി തയ്യാറാക്കുന്ന കലോൽപന്നം എന്ന സങ്കൽപം ഉത്തര-ഉത്തരാധുനികതയിലില്ല. ഒരു ശിൽപം പകുതിവച്ച്‌ നിർത്തിയാലും മതി.അതിനും കാണികളുണ്ടാവും. കാണികൾ ഉണ്ടെങ്കിൽ എന്തും അനുവദനീയമാണ്‌. റിഹേഴ്സൽ ക്യാമ്പിലെ തെറിപറച്ചിൽപോലും ഒരു വിഭവമാണ്‌. അതും കാണാനാളുണ്ട്‌. പാട്ട്‌ പഠിപ്പിക്കുന്നതും തെറ്റിച്ചു പാടുന്നതും വിൽക്കാനുള്ള ചരക്കാണ്‌. ഒരു കുട്ടി നന്നായി പാടാൻ ശ്രമിച്ച്‌ പരാജയപ്പെടുന്നത്‌ ആളുകളുടെ മുന്നിലേക്ക്‌ എത്തിക്കുന്നു. അതായത്‌, വളരെ കഴിവു തെളിയിച്ചവരെ ഇന്ന്‌ ആവശ്യമേയില്ല. ടെലിവിഷനിലോ സിനിമയിലോ അത്തരക്കാർ ഇല്ലാത്ത നിയമങ്ങളുണ്ടെന്ന്‌ ഭാവിച്ച്‌ പല തടസ്സങ്ങളുമുണ്ടാക്കും. ഉത്തര-ഉത്തരാധുനിക സിനിമകളിൽ സംഗീതമോ അഭിനയമോ കലയുടെ ഭാഗമല്ല. ഒരാൾ ധൈര്യപൂർവ്വം അങ്ങ്‌ ചെയ്യുകയാണ്‌. ചെയ്തുകഴിയുമ്പോൾ അതൊരു ഉൽപന്നമാണ്‌. എത്ര മോശമായ ശബ്ദത്തിലും പാടാം; ആർക്കും പാടാം, സംഗീതം ചെയ്യാം. അതിനു ആസ്വാദകരെന്ന വ്യാജയാഥാർത്ഥ്യമുണ്ട്‌. ഒന്നിന്റെയും ആസ്വാദകരെയല്ല ഇന്ന്‌ തേടുന്നത്‌, വിജയിപ്പിക്കുന്നവരെയാണ്‌. ഒരു ക്രിക്കറ്റ്‌ കളി വിജയിപ്പിക്കാൻ എത്തുന്നവരെ കാണാം. ഒരു സിനിമ വിജയിപ്പിക്കാൻ അതിരാവിലെ മുതൽ കാത്തുനിൽക്കുന്നവരുണ്ട്‌. ഇവർ ആസ്വദിക്കുന്നു എന്ന്‌ പറയാൻ പറ്റില്ല. അവർ ആ സിനിമയോട്‌ അഭേദ്യമായ ബന്ധമുള്ളവരാണ്‌. സിനിമയെപ്പോലുമല്ല അവർ തേടുന്നത്‌; അതിൽ അഭിനയിക്കുന്ന താരങ്ങളെയാണ്‌. പ്രേംനസീർ അഭിനയിക്കുന്ന സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററിനു മുന്നിൽ, അത്‌ വിജയിപ്പിച്ചു കൊടുക്കാൻവേണ്ടി എന്തിനും തയ്യാറായി ആരും നിന്നിരുന്നില്ല. മിക്കവാറും സ്ത്രീകളും കുട്ടികളുമൊക്കെയാണ്‌ അന്ന്‌ ആ സിനിമകൾ കൂടുതലായി ഇഷ്ടപ്പെട്ടിരുന്നത്‌. ശരാശരി കുടുംബങ്ങളുടെ പ്രിയ നടനായിരുന്നു നസീർ. അവർ നസീറിനെ മാത്രമല്ല, സിനിമ എന്ന കലാരൂപത്തെയാണ്‌ വെള്ളിത്തിരയിൽ അനുഭവിച്ചതു. ഇന്ന്‌ അങ്ങനെയല്ല. ഒരു തരത്തിലും രസിപ്പിക്കാത്ത ചിത്രങ്ങൾ വൻവിജയമാവുകയാണ്‌.

പുതിയ ഷോ സങ്കൽപം
ഒരു കലാരൂപം എന്ന നിലയിൽ എന്താണോ ശക്തമായി പ്രേക്ഷകരിലേക്ക്‌ ഇടിച്ചിറക്കുന്നത്‌, അത്‌ വിജയിക്കുകയാണ്‌. ഒരു കലാരൂപത്തിന്റെ വിജയത്തിൽ ഇപ്പോൾ അതിന്റെ മേന്മ മാത്രമല്ല, ഗുഢമായ കളികൾകൂടി ഒരു പങ്കുവഹിക്കുന്നു. ഫേസ്ബുക്കിൽ വൈറൽ ആക്കി കൊടുക്കാൻ പണം വാങ്ങുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നു. അവർക്ക്‌ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നു. ഫേസ്ബുക്ക്‌ മൊത്തത്തിൽ ഒരു പുതിയ ഷോയാണ്‌. അത്‌ ഇതിനുമുമ്പ്‌ നാം കണ്ടിട്ടില്ലാത്ത രൂപഘടനയിലുള്ള ഷോയാണ്‌. നാടകമോ സിനിമയോ ആദിമധ്യാന്തമുള്ള ഷോയാണ്‌. അത്‌ മുഴുവൻ കണ്ടാലേ തൃപ്തികിട്ടൂ; അർത്ഥമുണ്ടാവൂ. ഫേസ്ബുക്ക്‌ അല്ലെങ്കിൽ അതുപോലുള്ള നവമാധ്യമങ്ങൾ പുതിയൊരു ഷോ സങ്കൽപം അവതരിപ്പിക്കുന്നു. അവിടെ ഒരു തുടക്കമില്ല. നിങ്ങൾ പ്രവേശിക്കുന്നത്‌ എവിടെയാണോ, അതാണ്‌ തുടക്കം. നിങ്ങൾ അവസാനിപ്പിക്കുന്നത്‌ എവിടെയാണോ അതാണ്‌ ഒടുക്കം. ഒരാൾ തന്റേതായൊരു ഷോ ഉണ്ടാക്കിയെടുക്കുകയാണ്‌. അവിടെ ഏറ്റവും ഇഷ്ടമുള്ളത്‌ ആദ്യം എന്നതായിരിക്കും പ്രമാണം. ഏറ്റവും ഇഷ്ടമുള്ളത്‌ സിനിമാ നടനോ രാഷ്ട്രീയ നേതാവോ ആയിരിക്കണമെന്നില്ല. അടുത്ത സുഹൃത്തിന്റെ വിവാഹഫോട്ടോ ആയിരിക്കാം. ഇപ്പോൾ രാഷ്ട്രീയ നേതാക്കൾ കൂട്ടത്തോടെ നവമാധ്യമ ലോകത്തേക്ക്‌ എത്തിയിരിക്കുകയാണ്‌.

പണ്ട്‌ പ്രസ്താവന കൊടുക്കാൻ പത്രമോഫീസിലേക്ക്‌ പോയിരുന്ന നേതാക്കൾ എന്തിനും ഏതിനും ഫേസ്ബുക്കിനെ ആശ്രയിക്കുന്നു. ഉമ്മൻചാണ്ടിയുടെ പ്രസ്താവന, മഞ്ജുവാര്യരുടെ ലൈവ്‌, സിംഹം കാണിയെ കടിച്ചുകീറുന്ന ദൃശ്യം, യുവാവിന്റെ ആത്മഹത്യയുടെ വീഡിയോ, പുതിയ സിനിമകളുടെ പ്രോമോഷണൽ വീഡിയോകൾ, പ്രിയപ്പെട്ടവരുടെ ബന്ധക്കളുടെ മരണവാർത്ത എന്നിങ്ങനെ ഏത്‌ ഷോ വേണമെങ്കിലും നിങ്ങൾക്ക്‌ തിരഞ്ഞെടുക്കാം. ഒരു പ്രത്യേക ക്രമമാണിത്‌. ഇതുതന്നെയായിരിക്കില്ല എപ്പോഴും. പ്രേക്ഷകന്റെ മനോഭാവമനുസരിച്ചായിരിക്കും ഷോ. ചിലപ്പോൾ താൻ ഏറ്റവും ഇഷ്ടപ്പെടുന്ന പെൺകുട്ടിയുടെ പ്രോഫൈൽ ഫോട്ടോ നോക്കാം. അതുകഴിഞ്ഞ്‌ പുസ്തകങ്ങളെപ്പറ്റിയുള്ള ഫേസ്ബുക്ക്‌ പേജുകൾ നോക്കാം. തുടർന്ന്‌ കവിതകൾ നോക്കാം, പാട്ടുകേൾക്കാം. ദിവസവും ഓരോ പാട്ട്‌ ഇട്ടുതരുന്നവരുണ്ട്‌. ഇങ്ങനെ അന്നത്തെ മാനസികനിലയനുസരിച്ച്‌ ഫേസ്ബുക്ക്‌ ഷോ മാറിക്കൊണ്ടിരിക്കും. പലർക്കും പല ഷോകളാണ്‌. ഒരു വീട്ടിലെത്തന്നെ മൂന്നംഗങ്ങൾ ഫേസ്ബുക്കിൽ കയറിയാൽ അവർ കാണുന്നത്‌ മൂന്ന്‌ വ്യത്യസ്ത ഷോകളായിരിക്കും. സിനിമാ തീയേറ്ററിലോ നാടകശാലയിലോ ഈ വ്യത്യസ്തത്ത സാധ്യമാകില്ല. ഓരോ കാണിക്കും അവന്റേതായ, അവളുടേതായ ഇഷ്ടാനിഷ്ടങ്ങൾ അനുവദിച്ചുകൊടുക്കുന്ന മേഗാകാർണിവലാണ്‌ ഫേസ്ബുക്ക്‌ ഒരുക്കുന്നത്‌. ഇത്‌ ഉത്തര-ഉത്തരാധുനികതയുടെ സവിശേഷതയാണ്‌. കാണികൾക്ക്‌ നേരിട്ട്‌ ഷോ നിയന്ത്രിക്കാം. മുൻകാലങ്ങളിൽ കാണി ഒരിടത്ത്‌ ഇരയാക്കുകയേയുള്ളൂ. ഷോയിൽ പ്രത്യക്ഷപ്പെടുന്നത്‌ വേറൊരു വിഭാഗമാണ്‌. ഇപ്പോൾ കാണികൾ തങ്ങൾക്കിഷ്ടമുള്ള വിധത്തിൽ അവരുടെ ഷോ കണ്ടുപിടിക്കുന്നു. അവർ ക്രിയാത്മക ആസ്വാദകരാണ്‌.

ഏതൊരാൾക്കും മാധ്യമലോകം തുറന്നുകിട്ടി എന്നതും ഈ പുതുസംസ്കാരത്തിന്റെ ഗുണമാണ്‌. ഇന്ന്‌ കവിത ആരുടെയും ഉന്നത പ്രതിഭയുടെ കുത്തകയല്ല. ദിവ്യമായ രഹസ്യം എന്ന നിലയിൽ കവിയിൽ നിന്ന്‌ ഒന്നും പ്രതീക്ഷിക്കുന്നില്ല. സൃഷ്ടിപരമായ രഹസ്യത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഇന്നില്ല. കവി ആൾക്കൂട്ടത്തിലെ ഒരാളാണ്‌. അയാൾ വേറിട്ട വ്യക്തിത്വമല്ല. ഏതൊരു സാധാരണക്കാരനെപ്പോലെയും അയാൾ മനസിലെ തോന്നലുകൾ പങ്കുവയ്ക്കുന്നു. അവിടെ മഹത്തായ സാഹിത്യമോ, അനശ്വരമായ ആശയമോ ഇല്ല. ആറ്റൂർ രവിവർമ്മയെപ്പോലെ വളരെ മൂർത്തമായ, അതേസമയം ദുർഗ്രഹമായ വഴികളിലൂടെ ഉരുത്തിരിയുന്നു എന്ന മട്ടിലുള്ള കവിവ്യക്തിത്വമില്ല. മുൻകാല പാഠങ്ങളിൽ നിന്ന്‌ വേർപെട്ട സ്വതന്ത്ര കവനങ്ങളാണ്‌ ഇപ്പോൾ ഉണ്ടാകുന്നത്‌. ഒരു ആത്മസംതൃപ്തി, സൗഹാർദ്ദമായ വിനിമയം എന്നീ നിലകളിലാണ്‌ അത്‌ സ്വയം പ്രകാശിപ്പിക്കുന്നത്‌. ഏതൊരാൾക്കും ഏത്‌ വിഷയത്തിലും ഇടപെടാവുന്നവിധം വളരെ സുതാര്യമായ മാധ്യമസംസ്കാരമാണിത്‌. സാഹിത്യത്തിന്റെ മാത്രമല്ല, മറ്റേത്‌ മാധ്യമത്തിലും ഇതാണ്‌ അവസ്ഥ.

മനുഷ്യൻ മാധ്യമവൽക്കരിക്കപ്പെടുകയാണ്‌. അങ്ങനെയല്ലാതെ ആരുംതന്നെ ഇവിടെയില്ല. മാധ്യമവൽക്കരിക്കപ്പെടാതെ ജീവിതമില്ല. വാട്സ്‌അപ്‌ സാഹിത്യം എന്ന ഒരു ശാഖതന്നെ പിറവിയെടുത്തിരിക്കുന്നു. പൊതുവിഷയങ്ങളിലുള്ള അശ്ലീലച്ചുവയുള്ള വർത്തമാനങ്ങളും, നിമിഷകവിതകളും അറിയിപ്പുകളും രാഷ്ട്രീയപ്രശ്നങ്ങളെ മുൻനിറുത്തിയുള്ള വിശകലനങ്ങളും സാരോപദേശ കഥകളും വാട്സ്‌അപ്പിലൂടെ പ്രവഹിക്കുകയാണ്‌. ഇതിനൊന്നിനും യഥാർത്ഥ കർത്താവേന്ന നിലയിൽ ഒരാളില്ല. ഗ്രൂപ്പുകളിൽ നിന്ന്‌ ഗ്രൂപ്പുകളിലേക്ക്‌ ഷെയർ ചെയ്യപ്പെട്ട്‌ ചിത്രങ്ങളും സന്ദേശങ്ങളും ചേർന്ന വാട്സ്‌അപ്പ്‌ സാഹിത്യം ഏത്‌ പുസ്തകത്തേക്കാളും പെട്ടെന്ന്‌ പ്രചരിക്കുന്നു. സാമൂഹികപ്രതിബദ്ധതയുടെ ഒരു ഏട്‌ അത്‌ സൃഷ്ടിക്കുന്നുണ്ട്‌.
ഉത്തര-ഉത്തരാധുനികത ഭാരമില്ലാത്തവരുടെ സാംസ്കാരിക സുവിശേഷമാണ്‌. അവർ വാർത്ത കാണുന്നത്‌ വിവരം അറിയാൻ മാത്രമല്ല, രസിക്കാനും കൂടിയാണ്‌. പ്രേക്ഷകൻ എന്ന നിലയിൽ തനിക്കും ചിലത്‌ പറയാനുണ്ടെന്ന്‌ അവർ ഓരോ നിമിഷവും തിരിച്ചറിയുന്നു. ഉയർന്ന, കേന്ദ്രീകരിക്കപ്പെട്ട ഭാവുകത്വമോ, സത്യമോ ഇല്ല. ആളുകളുടെ മുൻഗണനാ ക്രമത്തിൽ സത്യം ഏറ്റവും അപ്രധാനമായ ഒന്നാണ്‌.

Featured

m k harikumar writes

critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- ”മേഘങ്ങൾ രണ്ടു വിധമുണ്ട്. സമ്പന്നരുടെ മേഘം കലാസങ്കല്പമായി ,ശില്പമായി ആകാശത്ത് നൃത്തം വയ്ക്കുന്നു.ദരിദ്രന്റെ മേഘം വിഷാദവും വിയോഗവുമാണ്‌ “-എം കെ ഹരികുമാർ / pho:9995312097 mkharikumar797@gmail.com

Be yourself; Everyone else is already taken.

— Oscar Wilde.

This is the first post on my new blog. I’m just getting this new blog going, so stay tuned for more. Subscribe below to get notified when I post new updates.

Featured

ഇതാണ്‌ ഗുരുധർമ്മം/ എം കെ ഹരികുമാർ

Featured

എം കെ ഹരികുമാറിന്റെ ലേഖനം/അഗാധതകളിൽ നമ്മൾ കണ്ടുമുട്ടുമ്പോൾ

അഗാധതകളിൽ നമ്മൾ കണ്ടുമുട്ടുമ്പോൾ

m k harikumar’s book

സമന്വയത്തിന്റെ ലാവണ്യം

book review

സമന്വയത്തിന്റെ ലാവണ്യം
ദേശമംഗലം രാമകൃഷ്ണൻ

” എന്റെ ജ്യേഷ്ഠന്റെ ജീവൻ ഹരികുമാറിന്റെ ഈ ആസ്വാദനം അറിയുമെന്നു തന്നെ ഞാൻ കരുതുന്നു” എന്ന്‌ ഒ.വി.ഉഷ. “ഒരു ഋഷിയോട്‌ പ്രകടിപ്പിക്കേണ്ട കൃതജ്ഞതയുടെയും നീതിയുടെയും വിനീതമായ ഒരു നിദർശനമാണിത്‌…” എന്ന്‌ എം.ലീലാവതി – എം.കെ.ഹരികുമാറിന്റെ ‘നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ’ എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണിവ. സൈദ്ധാന്തികവും പ്രതികരണാത്മകവുമായ ഹരികുമാറിന്റെ വിചിന്തനങ്ങളെ അടുത്തു കാണിച്ചു തരുന്നുണ്ട്‌ ഈ സ്പർശിനികൾ. മതം, തത്ത്വം, സംസ്കൃതി, സൂക്ഷ്മവിനിമയങ്ങൾ, കാഴ്ച എന്നീ ഖണ്ഡങ്ങളിലേയും ഉപഖണ്ഡങ്ങളിലേയും സൂക്ഷ്മമായ പ്രതികരണക്കുറിപ്പുകൾ ഒ.വി.വിജയൻ എന്ന വ്യക്തിയുടെ സത്തയും ആ സത്ത കിനിഞ്ഞിറങ്ങുന്ന ആഖ്യാനാവിഷ്കാരങ്ങളുടെ വിവിധതലങ്ങളും വ്യുൽപാദിപ്പിക്കുന്നു ‘ഖസാക്കിന്റെ ഇതിഹാസം’മുതൽക്കുള്ള വിജയരചനകളിലെ ‘അനുഭവത്തിന്റെ സിംഫണി’ വായനക്കാരനിലേക്കു സംക്രമിപ്പിക്കാൻ പോന്ന ഒരു ആസ്വാദനരീതിശാസ്ത്രമാണ്‌ ഹരികുമാർ ഇവിടെ കൈക്കൊണ്ടിട്ടുള്ളത്‌. യുക്തികളുടെവരട്ടുതത്ത്വശാസ്ത്രത്തെവെടിഞ്ഞുകൊണ്ടുള്ള, നൈസർഗ്ഗികതയുടെ രീതിശാസ്ത്രം പുലർത്തുന്ന, വിജയന്റെ ആഖ്യാനങ്ങളെ അതേപരിമാണത്തോടെത്തന്നെയാണ്‌ ഈ നിരൂപകൻ സമീപിച്ചിട്ടുള്ളത്‌.

വിജയൻ “ഒരു പാരമ്പര്യത്തെയും അതേപടി പൈന്തുടർന്നിട്ടില്ല. അതേ സമയം, വലിയ പാരമ്പര്യത്തെ, സ്മൃതിയിലും ബോധത്തിലും ആഴത്തിൽ ചലനമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പൗരാണികതയെ നിരന്തരം ജപിച്ചുവരുത്തി പുതിയ വിതാനങ്ങളിലൂടെ അനുഭവശാസ്ത്രമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു.” എന്ന വിലയിരുത്തൽ പാളിപ്പോയിട്ടില്ല. അനുഭവങ്ങളുടെ ഭൂപ്രദേശമാണ്‌ പൗരാണികതയെന്നും അത്‌ വെറും ചരിത്രമോ സംഭവമോ അല്ലെന്നും ഹരികുമാർ ബോധ്യപ്പെടുത്തുന്നുണ്ട്‌. പൗരാണികതയെ സമകാലിക ജീവിതത്തിന്റെ അവിഭാജ്യമായ ഊർജ്ജമാക്കിമാറ്റുന്ന എഴുത്തുകാരന്റെ വ്യക്തിസത്ത യാത്രയെയും വഴിയെയും രണ്ടായി കാണുന്നില്ല. നിശ്ശബ്ദതയിൽ കൂടണഞ്ഞു ജ്വലിക്കുന്ന മനുഷ്യന്റെ ‘യാന്ത്രികവും നിരാസ്പദവുമായ നിരാശ’യെ പറ്റിയാണ്‌ വിജയൻ എഴുതുന്നത്‌. മയിലിന്റെയും ഇലയുടെയും നിറങ്ങൾ ഇണചേരുന്ന ഒരു പ്രകൃതിയും മനുഷ്യപ്രകൃതിയും തേടിയുള്ള അനാദിയായ യാത്രയുടെ വ്യർത്ഥതയിലേക്കാണ്‌ അത്‌ വിരൽചൂണ്ടുന്നത്‌. കൃഷ്ണനീലിമയുടെ പൊരുൾ തേടലാണ്‌ ഈ യാത്രയെ തെല്ലെങ്കിലും സാർത്ഥകമാക്കുന്നത്‌. ഇങ്ങനെ വിജയന്റെ ആഖ്യാനങ്ങൾ വിരുദ്ധ ദ്വന്ദ്വങ്ങളുടെ സംഘർഷവും ലയവുമായി അനുഭവപ്പെടുന്നു. പരോക്ഷതകളുടെ അകക്കളങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നാടകമാണിത്‌.

വിജയൻ എഴുതിത്തുടങ്ങുന്ന കാലത്ത്‌ മിക്ക എഴുത്തുകാർക്കും പൂർണ്ണരായ മനുഷ്യരെ അവതരിപ്പിക്കാനായിരുന്നു താൽപര്യമെന്നും അതിനു നേർവിപരീതമാണ്‌ വിജയന്റെ രീതിയെന്നും മാമൂലുകൾക്കനുസരിച്ചുള്ള കഥാപാത്രസൃഷ്ടിയിൽ മുഴുകി സ്വയം ബന്ധനസ്ഥനാകാൻ അദ്ദേഹം ആഗ്രഹിച്ചില്ലെന്നും ഹരികുമാർ പറയുന്നു. അദ്ദേഹം അങ്ങനെ മലയാള നോവലിന്റെ ബന്ധങ്ങളെ അഴിച്ചു എന്നു കാണിക്കാനാണ്‌ ഹരികുമാർ ഈ ബൃഹദ്പഠനത്തിൽ ശ്രമിച്ചിട്ടുള്ളത്‌. മലയാള നോവൽ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനും മുമ്പും പിമ്പും എന്നൊരു ബലതന്ത്രം സ്ഥാപിക്കാൻ തന്നെ ഒ.വി.വിജയനു കഴിഞ്ഞുവേന്ന്‌ ഈ പഠനം വെളിപ്പെടുത്തിത്തരുന്നുണ്ട്‌. 1970-ലെ ഓടക്കുഴൽ സമ്മാനം ആ കൃതിക്കാണ്‌ കിട്ടിയത്‌. അന്ന്‌ ജി.ശങ്കരക്കുറുപ്പ്‌ എൻ.വി.കൃഷ്ണവാരിയർക്കെഴുതി: “ഖസാക്കിന്റെ ഇതിഹാസം സമ്മാനാർഹമായി പ്രഖ്യാപിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. കേരളത്തിലെ ‘വെർജിൻ’ മണ്ണുള്ള ഒരുതടത്തിൽ വേരൂന്നിയ അനുഭവങ്ങളുടെ മനോഹരമായ നവീനാവിഷ്കാരമാണ്‌ വിജയന്റെ ഗദ്യകാവ്യം. ആധുനികന്മാരും അത്യാധുനികന്മാരും കേരളത്തിന്റെയും ഭാരതത്തിന്റെയും ജീവിതത്തടങ്ങളിൽ ഇങ്ങനെ പ്രതിഭയെ സഞ്ചരിപ്പിച്ചിരുന്നെങ്കിൽ!”. ഈ ആശ്ചര്യവും പ്രശംസയും ഇന്നും ചൂടാറാതെ നില നിൽക്കുകയാണല്ലോ.

ഇതിഹാസത്തിന്റെ വരവോടെയാണ്‌ കവിതയ്ക്കു തുല്യമായ നിലയിൽ നോവലിനു പഠനങ്ങൾ ഉണ്ടായിത്തുടങ്ങിയതെന്ന ഹരികുമാറിന്റെ അഭിപ്രായം അർത്ഥവത്താണ്‌. അദ്ദേഹത്തിന്റെ ‘ആത്മായനങ്ങളുടെ ഖസാക്ക്‌’ തന്നെ ഉദാഹരണം. കാവ്യാത്മകമായ അനുഭവസാന്ദ്രത ഗദ്യത്തിൽ സംഭവിച്ചതിന്റെ തിരിച്ചറിവാണ്‌ ഇതിനുപ്രേരകമെന്ന്‌ അദ്ദേഹം കണ്ടെത്തുന്നു. “ഖസാക്ക്‌ നൽകിയ ചിന്തകളുടെ, അനുഭൂതികളുടെ, മഴ അപാരമായിരുന്നു. ജീവിതത്തിന്റെ നേർക്ക്‌ നവീനമായൊരു ആദ്ധ്യാത്മികവിശുദ്ധിയും നഗ്നതയും പ്രദർശിപ്പിക്കാൻ ഈ നോവലിനു കഴിഞ്ഞു. മുമ്പൊരിക്കലുമില്ലാത്ത മനോവിചാരങ്ങളുടെ ഹിമസാഗരങ്ങൾ അത്‌ നൽകി” എന്ന്‌ പറയുന്നിടത്ത്‌ ഈതിബാധകളില്ലാത്ത വിവൃതമായ സഹൃദയത്വമാണ്‌ മുന്നിട്ടുനിൽക്കുന്നത്‌. “ജീവിതത്തെ അപഗ്രഥിക്കുകയോ, നിലപാടുകളിലോ നിക്ഷിപ്തനിഗമനങ്ങളിലോ എത്താൻ ശ്രമിക്കുകയോ ചെയ്യാതെ സൗന്ദര്യാത്മകതയുടെ സാധ്യതകൾ തേടുകയാണ്‌ ഒ.വി.വിജയൻ” എന്നെഴുതുമ്പോൾ നിരൂപകന്റെ വിശകലനബുദ്ധി തെളിഞ്ഞുവരികയും ചെയ്യുന്നു. ധർമ്മപുരാണം, മധുരംഗായതി, ഗുരുസാഗരം, പ്രവാചകന്റെ വഴി, തലമുറകൾ എന്നീ ആഖ്യാനങ്ങളെക്കുറിച്ചുള്ള ആസ്വാദനവിശകലനങ്ങളുടെ നിലപാടുതറയും ഇതുതന്നെയാണ്‌. നൈരന്തര്യഭംഗമില്ലാതെ, ആത്മവഞ്ചനയില്ലാതെ, ഹരികുമാർ വിജയനെ വെളിപ്പെടുത്തുന്നു; ഒപ്പം സ്വയം വെളിപ്പെടുത്തുകയും ചെയ്യുന്നു. ഒരു ജന്മത്തിൽ, ഒരു അനുഭവത്തിൽ, സംഭവിക്കുന്ന അനേകം ധാതുക്കളുടെ പ്രയാണം അനുഭവിപ്പിക്കാൻ ഒ.വി.വിജയന്‌ തന്റെ കൃതികളിലൂടെ സാധിക്കുന്നു. “ലോകം ഏൽപ്പിക്കുന്ന അംഗീകൃതമായ തത്ത്വശാസ്ത്രങ്ങളുടെ ആവർത്തനമല്ല വിജയന്റെ ദർശനം” എന്ന കണ്ടെത്തലിലാണ്‌ ഹരികുമാറിന്റെ നവാദ്വൈത സങ്കൽപനം തൃപ്തിപ്പെടുന്നത്‌. വ്യാവഹാരിക ലോകത്തുവെച്ച്‌ നിഗ്രഹിക്കപ്പെട്ട പേലവ സങ്കൽപങ്ങളെയും അറിവുകളെയും അടുത്തുകാണിച്ചുതരുന്നു ഇത്‌.

നമ്മുടെ കാലത്തിന്‌ നഷ്ടമായ ആത്മസാധ്യതകൾ വീണ്ടെടുക്കുക എന്ന അർത്ഥത്തിലാണ്‌ ഹരികുമാറിന്റെ നവാദ്വൈതസങ്കൽപനം. വൈരുദ്ധ്യാത്മകതലങ്ങളുടെ ആഗിരണവും നിരാസവും ഒന്നിച്ചുനടക്കുന്ന ഒരു പ്രക്രിയയാണത്‌. മതേതരവും സംഘേതരവുമായ ഒരന്വേഷണമാണത്‌. ‘വായുവിന്റെ, പൂവിന്റെ, ജലത്തിന്റെ കവിത എന്നതുപോലെയാണ്‌ ഇതിന്റെ അവസ്ഥ’ എന്ന്‌ ഹരികുമാർ പറയുന്നു. പൂർവവിധികളെ മറികടന്ന്‌ മുന്നോട്ടുപോകുന്ന ഭാഷാ ദർശനവും ദർശനശൈലിയും ഒ.വി.വിജയന്റെ എല്ലാ കൃതികളിലും സമന്വയത്തിന്റെ ആത്മീയത പ്രസരിപ്പിക്കുന്നുണ്ട്‌. “ഭാഷയെ മന്ത്രധ്വനിയാക്കി, മൗനത്തിന്റെയും വചനത്തിന്റെയും സമന്വയത്തിലൂടെ പ്രപഞ്ചസാരാംശത്തിലേയ്ക്കു നയിക്കാൻ കഴിയുമ്പോഴാണ്‌ അതിനു സ്വന്തമായി ദർശനം കിട്ടുന്നത്‌.” വിജയന്റെ ഭാഷയ്ക്ക്‌ ഈ സിദ്ധിയുണ്ടെന്ന്‌ ഹരികുമാർ സ്ഥാപിക്കുന്നു. സ്നേഹത്തിന്റെ മൃതിസ്വരങ്ങൾ, ചിരിയുടെ ഉപനിഷത്ത്‌, മരിച്ച ആത്മാക്കളുടെ പ്രതിഫലമായ ജഡങ്ങൾ, ചുംബനത്തിന്റെ ആർദ്രസംഗീതം ശൈവസർപ്പങ്ങളുടെ ലാസ്യമായിനീണ്ടു, നിരന്തരതയുടെ സാരം, ദേഹം വെടിഞ്ഞ മിഥുനങ്ങൾ, പുറപ്പാടുകളുടെ കമാനമായ ആകാശം – ഇങ്ങനെ ഭാഷയെ നവമായൊരു അദ്വൈതദർശനത്തിലേയ്ക്കുയർത്തിയെന്നതാണ്‌ ഒ.വി.വിജയന്റെ മഹത്തായ സംഭാവന – അദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും സൂക്ഷ്മസ്പർശിനിയാണിത്‌.

മനസ്‌ എന്ന നായ jan 1

മനസ്‌ എന്ന നായ

ആരും തിരച്ചറിയാത്ത
ഈ തെരുവില്‍ നായ തീര്‍ത്തും
അപരിഷ്കൃതനും തെണ്ടിയുമാണെന്ന്
മനസ്സില്‍ കുറിച്ചുകൊണ്ട്‌
ഓരോ അടിവച്ചു.
ആരും അതിനെ നോക്കുന്നുണ്ടായിരുന്നില്ല.
അതാകട്ടെ ചെലവില്ലാത്ത
തന്‍റ്റെ നോട്ടത്തെ ധാരാളമായി
നല്‍കികൊണ്ട്‌ അലഞ്ഞു.
ഓരോ കടയ്‌ക്ക്‌ മുമ്പിലും
അത്‌ ചമ്മിക്കൊണ്ടും
തിരിച്ചൊരു നോട്ടം പ്രതീക്ഷിച്ചും
പ്രതീക്ഷിക്കാതയുംകടന്നുപോയി.
ഏത്‌ അല്‍പനെയും
അത്‌ വലിയവെനെന്ന്
അംഗീകരിച്ച്‌ വിനീതമായി നോക്കി
ഒരു അല്‍പനും തിരിച്ചൊരു
നോട്ടം പോലും കൊടുത്തില്ലെങ്കിലും;
ആ പട്ടിയുടെ പിന്നാലെ
ഞാന്‍ പോയത്‌ മറ്റെങ്ങും
പോകാന്‍ ഇടമില്ലാത്തത്‌ കൊണ്ടായിരുന്നു..
പട്ടി എന്നെയും വലിയവനായി
തെറ്റിദ്ധരിച്ചതുപോലെ നോക്കിയത്‌
എനിക്ക്‌ ജാള്യതയുണ്ടാക്കി.
എങ്കിലും അത്‌ എപ്പോഴാണ്‌
തിരിഞ്ഞ്‌ കടിക്കുന്നതെന്ന്
ഓര്‍ത്തുകൊണ്ടുതന്നെ ഞാന്‍ നീങ്ങി
പട്ടിയുടെ യാത്രയില്‍
ഒരു വിലക്കുമില്ലായിരുന്നു:
ചിലര്‍ ചൂടുവെള്ളം ഒഴിച്ചതും
മറ്റ്‌ ചിലര്‍ ‘പോ പട്ടി’
എന്ന് പറഞ്ഞുകൊണ്ട്‌
ഏതോ വഴിപാട്‌ എന്നപോലെ
ശബ്ദമുണ്ടാക്കിയതും
സാധാരണമായി തോന്നി.
ഞാനും പട്ടിയും ഒരുപോലെയാണ്‌
അത്‌ ഉള്‍ക്കൊണ്ടത്‌.
പട്ടിക്ക്‌ വിശപ്പ്‌ സഹിക്കാന്‍
എന്ത്‌ ശക്തി!.
ഞാനാകട്ടെ വലിഞ്ഞ്‌,
വലിഞ്ഞ്‌ നടക്കുക മാത്രം ചെയ്തു.
കുറച്ച്‌ കഴിഞ്ഞപ്പോള്‍എന്റെ
മുന്നിലുണ്ടായിരുന്ന പട്ടിയെ
കാണാതായി.
ആളുകള്‍ എന്നെയാണോ
ഓടിച്ചതും ആട്ടിയകറ്റിയതും?
പട്ടിയെ കാണാതായത്‌
എന്‍റ്റെ സംശയം ബലപ്പെടുത്തി.
ഞാന്‍ ഭ്രാന്തമായി ഓടിയതും
ഒച്ചവച്ചതും ഓര്‍ക്കുന്നു.
ഒരു കുര
അന്തരീക്ഷത്തിലുയര്‍ന്നു താണു.

watch my new blog bluemango

കവിതയാകാതിരിക്കാന്‍

ഒരിക്കല്‍പോലും കവിതയാകാതിരിക്കാന്‍
ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്‌.
അതിനിടയില്‍ അതിന്‌ നിത്യജോലിയില്‍പോലും
ശ്രദ്ധിക്കാന്‍ പറ്റുന്നില്ല.
മുറിവ്‌, വേദന, പക്ഷി
എന്നൊക്കെ കേട്ടാല്‍ കവികള്‍
വ്യാജ സത്യവാങ്ങ്‌മൂലവുമായി
ചാടിവീഴുമെന്ന് അതിന്‌ ഇതിനോടകം
മനസ്സിലായിട്ടുണ്ട്‌.
ഒരു പക്ഷിക്ക്‌ തനിക്ക്‌ വേണ്ടിപോലും
ജീവിക്കാന്‍ കഴിയാത്ത അവസ്ഥ
ഭീഷണമാണ്‌.