വിശ്വാസങ്ങളുടെ കർമ്മങ്ങളിൽ നിന്നുകൊണ്ട് വിജയൻ ലോകദുരിതങ്ങളുടെ ആത്യന്തിക ഫലങ്ങളെക്കുറിച്ച്` ഓർക്കുന്നു. മനുഷ്യന്റെ പതനങ്ങളുടെ , പരാഗണങ്ങളുടെ തിന്മകളുടെ ലഹരികളിൽ നിന്ന് അകന്നു നിന്നുകൊണ്ട് മുഗ്‌ദ്ധമായ സമാശ്വാസങ്ങളുടെ ആദ്ധ്യാത്മിക ചിഹ്‌നങ്ങൾ തേടുകയാണിവിടെ. അച്ചടക്കത്തിന്റെ ഋതുക്കൾ കണ്ടെത്തുമ്പോഴും ക്രോധത്തിന്റെ വായ്‌ത്തലയിൽ വീണ് മുറിവേൽക്കുമ്പോഴും ദയയുടേയോ ജുഗുപ്സയുടേയോ മുന്തിരിത്തോട്ടത്തിലേക്ക് അധീരനായി യാത്ര ചെയ്യുമ്പോഴും മനുഷ്യരെ നേരിടുമ്പോഴും നാം ദൈവത്തെ മുഖാമുഖം ദർശിക്കുകയാണെന്ന് രാധാകൃഷ്ണൻ ബോധ്യപ്പെടുത്തുന്നുണ്ട്.ഭൗതിക ശരീരങ്ങളുടെ ഇടയിൽ പ്രാർത്ഥനയുടെ ഏതുരുവാണ് പൂക്കാത്തത്? അതിന്റെ ഊഷമ്ളതയിൽ മനസ്സിന്റെ ചുണ്ടിൽ നിന്നാണ് പാൽ ഒഴുകുന്നത്.
ദുഃഖങ്ങളുടെ ഉള്ളിലെ വേവുന്ന ഹൃദയമല്ല , അതിനു മുകളിലെ ദൈവത്തിന്റെ ചക്ഷുസ്സുകളാണ് വിജയൻ പകർത്തുന്നത് . ഖസാക്കുകാർ നല്ലമ്മയെ അനുഭവിച്ചതിന്റെ വിവരണത്തിൽ നോവലിസ്റ്റിന്റെ ഈ സ്വഭാവമാണ് പ്രകടമായിരിക്കുന്നത്. പാപങ്ങളുടേയോ ,തിന്മയുടേയോ, വാരിധിയിൽ വസിച്ച് ആയുസ്സുകൾ പിന്നിട്ടാലും വറ്റാത്ത നന്മയുടെ ശിഖകൊണ്ട് ലോകത്തെ പ്രകാശിപ്പിക്കുന്ന യോഗിയുടെ വിശുദ്ധിയതാണ്. ജമന്തിപ്പൂക്കളുടെ വനഭൂമിയെന്ന് വിളിക്കുമ്പോൾ അതിഭൗതികമായ ഇച്ഛകളുടെ വേഗങ്ങളാണ് ഓടിയെത്തുന്നത്. ഇത് നവ അദ്വൈത ദർശനവുമാണ്. ഉള്ളിന്റെ അനുസ്യൂതമായ പ്രവാഹം ജീവിതത്തിനപ്പുറത്തുള്ള കരുണയിൽ നിന്ന് നിർഗ്ഗമിച്ചതാണ്. കരുണയുടെ പ്രവാസമാണ് പ്രസാദമായിത്തീരുന്നത്. ഖസാക്കിലെ പ്രസാദത്തിന്റെ പാദങ്ങൾ തിരക്കുന്നതിനിടയിൽ പ്രകൃതിയിലേയും മനുഷ്യരിലേയും ധാരണ, വിജയൻ ശ്രദ്ധിക്കുന്നില്ല. ബാഹ്യലോകത്തിന്റെ രോദനങ്ങളിൽ നിന്ന് അധോലോകത്തിനുള്ള സൗന്ദര്യത്തെ കൊയ്‌തെടുക്കുകയാണ്.പുറംലോകത്തിന്റെ ആത്മീയതയെ തേടുന്നതിനൊപ്പം വസ്തു ലോകത്തിന്റെ ജഡാവസ്ഥയും തെളിച്ചെടുക്കുന്നു. ലോകം ദ്രവിച്ച് തിരോഭവിക്കുകയാണ്. തുരുമ്പുകളുടെ സംഗീതത്തിലേക്ക് യാത്രയാവുന്ന പദാര്‍ത്ഥ പ്രപഞ്ചത്തിന്റെ മുകളിൽ പ്രസാദമുള്ള വിരഹത്തിന്റെ പൂക്കൾ അർപ്പിക്കുന്ന രീതിയാണിത്. ജമന്തിയുടെ സ്പർശങ്ങളിലേക്ക് തിരിയുന്നതോടെ ഖസാക്കിന്റെ അന്തർദ്ധാരകളിൽ അലൗകികമായ കരുണയുടെ അലകൾ നെയ്‌തുചേർക്കാനാണ് ഉദ്യമം. ഉള്ളിൽ നിന്നു നുരഞ്ഞുപൊന്തുന്ന അനാസക്തിയുടേ ലൗകിക വേളകൾ അനുഭവ നിരയാകുന്നു.
ഖസാക്കിന്റെ മണ്ണിൽ ,രോഗത്തിന്റെ മഥനങ്ങളിൽ കഴിയവെ രവി ഓർക്കുന്നുണ്ട്. ജമന്തിപ്പുക്കൾ വിരിഞ്ഞുനിന്ന വനഭൂമികളിലൂടെയു ള്ള പ്രയാണത്തെക്കുറിച്ച് .സൂര്യനും ചന്ദ്രനും മഴയും മഞ്ഞും കാറ്റും പുലരിയും ഇരുട്ടും ഹാർഡിക്ക് ആത്മസ്മൃതികളുടെ കൂടും തണലുമായിരുന്നുവെന്ന് ഡേവിഡ് സെസില്‍ അറിയിക്കുന്നുണ്ട്. വിജയനും ഇങ്ങനെ ദൃശ്യാത്മകതയിലേക്കും ഐന്ദ്രിയാനുഭവങ്ങളിലേക്കും സ്വയം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. യാത്രക്കിടയിൽ എത്ര സന്ധ്യകളാണ് പൊലിഞ്ഞത്? ഓർമ്മകളുടെ ഏതെല്ലാം മുറികളിലാണ് അപമൃത്യു വിളയാടിയത്? രവിയുടെ യാത്രയുടെ മാന്ത്രികതയെല്ലാം ഇവിടെ വെളിവാകുന്നുണ്ട്. സത്യത്തിൽ മനുഷ്യരുടെ വ്യസനങ്ങളിലൂടേയും പ്രസാദങ്ങളിലൂടേയും ഖസാക്കിന്റെ ആത്മീയമായ അന്തര്‍ധാരകളെ തൊട്ടറിയാനാണ് വിജയൻ ശ്രമിക്കുന്നത്.
ഭ്രമവും യുക്തിയും ഓർമ്മയും കലർന്ന ഭൂതകാലത്തിന്റെ പ്രവാഹം ഖസാക്കിൽ നിറയുകയാണ്. അതിന്റെ നൈരന്തര്യത്തിൽ നല്ലമ്മയുടേ ക്രോധം കാമമായി മാറുന്നു. നല്ലമ്മയുടെ പ്രസാദവും ഖസാക്കുകാരുടെ കരുണയും വസന്തർത്തുവിന്റെ തനുവിലേക്ക് ഖസാക്കിനെ പ്രവേശിപ്പിക്കുന്നു. ചെറുപ്പത്തിൽ അവർ പറഞ്ഞു തന്ന കഥ , കൽപ്പവൃക്ഷത്തിന്റെ തൊണ്ടിൽ നിന്ന് വ്യോമതന്തുക്കൾ ഇറങ്ങിവരുന്നത് ,സായാഹ്‌നയാത്രകളുടെ അച്ഛൻ,പുരികങ്ങളും കണ്ണുകളും തന്ന അച്ഛൻ, അറിവിന്റെ സൂചിയിലകൾ ഉരിഞ്ഞിട്ടു തന്ന ചിറ്റമ്മ, ഇലകൾ തുന്നിച്ചേർത്ത കൂട്, ഇളം നീലനിറത്തിലുള്ള കുത്തുകളുള്ള മുട്ടകൾ ,തയ്യൽക്കാരൻ പക്ഷി, പിന്നെ പൂന്തോട്ടം പോലെ ചിരിച്ചു നിന്ന ഖസാക്കുകാര്,അവിടെ മൈമൂനയെ അറിഞ്ഞത്, സൂര്യന്റെ രശ്മികളേറ്റ് തിണർത്ത ഉടൽ ….പരിണാമങ്ങളുടെ മയിൽപ്പീലിക്കാടുകളിലെവിടേയോ , രവിയിലൂടെ ഖസാക്കിനെ വീണ്ടും ശ്വസിക്കാനിട വരുകയാണ്. ദുഃഖാന്തരങ്ങളുടെ ഹരിത പഞ്ചമികളിൽ മനസ്സിറുക്കാനെത്തിയ കുട്ടിയായിരുന്നു രോഗം അതവരുടെ മൗനപരിസരങ്ങളിലെ മഞ്ഞപ്പൂക്കൾ പറിച്ചെടുത്തു. പകരം സന്ധ്യയുടെ അഴകു നൽകി.
വസൂരിയുടെ വിളയാട്ടവും വജ്രക്കല്ലുകളുടേ തിളക്കവും പരാമർശിക്കുന്നതിനിടയിൽ ലോകത്തിന്റെ അപ്പുറത്താണ് ശ്രദ്ധ ചെല്ലുന്നത്. ഭീതിയും വിഷാദവും കച്ചയുടുത്തിരിക്കുന്ന ബാഹ്യലോകത്തിൽ മനസ്സിന്റെ അഴകുകൊണ്ട് പോരാടുന്നതിന്റെ മൊഴിയാണിത്. പരിചിതമായതിന്റെ ചേതസ്സ് കണ്ടറിഞ്ഞ് , അവയെ മൂകമായ വിചാരങ്ങളിലേക്ക് വലിച്ചെടുക്കുന്നു. പദാർത്ഥത്തിന്റെ ഭൗതികത അറിയുമ്പോൾ , ഖരമുകുളങ്ങളെ ജനിപ്പിക്കുന്ന ആദ്ധ്യാത്മിക ക്രിയ വരെ ഇത് വ്യാപിക്കുന്നുണ്ട്. ഖസാക്കിന്റെ സമ്മിശ്രമായ ആത്മബോധങ്ങളിൽ നിന്ന് കൊണ്ട് തിരക്കിയപ്പോൾ വിജയന് അനേകം മനുഷ്യരുടെ ഉൾപ്രേരണകളും അന്തഃക്ഷോഭങ്ങളും അറിയാൻ കഴിഞ്ഞു. കരിമ്പനയിലെ കാറ്റിനു പോലും ഖസാക്കിന്റെ ബോധാന്തരീക്ഷത്തിൽ നീലിമ പരത്താൻ കഴിയുന്നത് ഇതുകൊണ്ടാണ്.
ഖസാക്കിന്റെ ബാഹ്യപ്രകൃതിക്കപ്പുറം ,അതിന്റെ ഉടലിലേക്ക് ഓരോ നരനും പദാർത്ഥവും അടുത്തടുത്ത് പ്രവേശിക്കുകയാണെന്ന് നാമറിയുന്നു. മഴ തന്റെ ഹൃദയത്തിൽ ഋജുവായെന്നും അതിന്റെ കിന്നാരം വിഹ്വലമായെന്നും ലോവെൽ എഴുതിയപ്പോഴും ഇത്തരമൊരു സാകല്യാവസ്ഥയുടെ അനുഭവമുണ്ടായിരുന്നു. ഖസാക്കിലെ പ്രകൃതിയെ നയിക്കുന്ന പരിണാമങ്ങൾ ആത്മായനങ്ങളുടേ താളമുള്ളവയാണ്. ഖസാക്കിനെ കരിമ്പനകളും മനുഷ്യരും നൽകിയ വർണ്ണബോധത്തിലല്ല എഴുത്തുകാരൻ പ്രതിഷ്ഠിച്ചിരിക്കുന്നത്. എല്ലാ ജീവികളുടേയും വസ്തുക്കളുടേയും അനിയന്ത്രിതവും അലൗകികവുമായ ചോദനകളെ പേറുന്ന ശരീരം എന്ന നിലയിലാണ് .ആയുസ്സിന്റെ അനാദിയായ സ്പർശങ്ങളും ഉൺമയുടെ അജ്ഞേയമായ പൊരുളുകളും ദുഃഖമുണർത്തികിടക്കുന്ന പ്രസാദമാണ് വിജയൻ ലക്ഷ്യമാക്കുന്നതിനായി മനസ്സ് അണുമുതൽ പ്രപഞ്ചം വരെ യാത്ര ചെയ്യുന്നു. സ്വന്തം ഉടലിൽ സ്പർശിച്ചുനോക്കിയാൽ ലോകത്തിന്റെ സ്പന്ദനം അറിയാം. ആത്മാവിന്റെ ഉടലിൽ സ്പർശിച്ചാൽ പ്രപഞ്ച സത്തയുടെ അനുരണനങ്ങളറിയാം. വിജയന്റെ ആലോചനാവേളകളിൽ സൗന്ദര്യം മുഴുവൻ വഹിക്കുന്നത് , പ്രസാദവും അനാഥത്വവും ചേർന്ന് സൃഷ്ടിക്കുന്ന വ്യാമിശ്രബോധമാണ്.
ദുഃഖസമാധികളിലെങ്ങും ഭൂതകാലത്തിന്റെ സാന്ത്വന സംഗീതം കേട്ടില്ല. ഓർമ്മകളുടെ രക്ഷകയായ പ്രസാദം ജീവിക്കുന്നു. ഖസാക്കിൽ വസൂരിയുണ്ടാകുന്നത് , രവിയുടെ ദുഃഖമുണർത്തുന്ന ആസക്തിയിൽ നിന്നാണെന്ന് ഓർക്കുക. കോടച്ചിയുമായുള്ള വേഴ്‌ചയുടെ ജീവബിന്ദുക്കളിലെങ്ങോ ആ അണുക്കൾ ഋതുവായിരുന്നു. അറിവിനു വേണ്ടിയുള്ള വിശ്വാസത്തിന്റെ പ്രവർത്തനം ,ഇവിടെ കരുണയുടെ അണ്ഡങ്ങളിലേക്ക് ഖസാക്കിനെ ഉയർത്തുന്നു. ദുഃഖങ്ങൾക്ക് നിത്യസമാധി ലഭിച്ചിതിങ്ങനെയാണ്. ഖസാക്കിലെ വസൂരി, സത്യത്തിൽ സന്താപപൂർണ്ണമായ കാലത്തിന്റെ പരിതഃസ്ഥിതിയിൽ നിന്ന് പ്രപഞ്ചത്തിന്റെ അന്തർദ്ധാരകളിലേക്കുള്ള യാത്രയുടെ സ്മൃതിയാണ്. സ്ഥാവരങ്ങളുടെ പ്രയാണത്തിലൂടെ രവി പരിവര്‍ത്തിക്കപ്പെട്ടുവെന്ന് വിജയൻ വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്. ഖസാക്കിനെ പൂന്തോട്ടമായി അഭിദർശിച്ചപ്പോഴും ,രവിയെ സ്ഥാവരപ്രയാണങ്ങളുടെ ഭഞ്ജകനായി മാറ്റിയപ്പോഴും വിജയൻ ആത്മപരിണാമങ്ങൾ കണ്ടെത്തുകയായിരുന്നു. കാലങ്ങളിലൂടെയുള്ള പദാർത്ഥസഞ്ചാരം പുതിയ ധാരണകളെ പ്രതിഷ്ഠിക്കുന്നു. ദൈവത്തിന്റെ ആലയത്തിലേക്ക് നടക്കം.അവിടെ ദൈവം ജമന്തിപ്പൂക്കളുടെ ഗന്ധവും നിലാവും ഭൂമിയുടെ ഓർമ്മകളുമായി കഴിയുന്നു. ഷെയ്‌ഖിന്റെ മൊഴിയുടെ അർത്ഥം ഖസാക്കിൽ നിലീനമാകുകയാണ്. മൊല്ലാക്കയുടെ കാലിലെ ചെരിപ്പു കടിച്ച വ്രണം ഖസാക്കുകാരുടെ ആത്മായനങ്ങളുടെ വ്രണം തന്നെയാണ്. സ്ഥലരാശികളുടെ നിശ്‌ച്ചലതയിലെവിടേയോ നഷ്ടപ്പെട്ടുപോയ ഗതകാലത്തിന്റെ സ്പര്‍ശങ്ങളുടെ ഓർമ്മ വീണ്ടും രഥ്യയെ പുനരാവിഷ്‌ക്കരിക്കുന്നു. ലക്ഷ്യങ്ങളുടെ വ്യഥിതമായ ആരോഹണവും ജീവിതസ്മരണയും ഒന്നായിത്തീരുന്നു. സാര്‍ത്രിന്റെ കഥാപാത്രം സംസാരിക്കുന്നപോലെ എല്ലാ വസ്തുക്കളും സ്വച്ഛന്ദമായി നിലനിൽക്കാനുള്ള ശ്രമത്തിലാണ്.
ഖസാക്കിലെ മണൽത്തരിപോലും കാലാന്തരത്തിലെ ലക്ഷ്യയാനങ്ങളുടെ വ്രണം അറിയുന്നുണ്ട്. മൊല്ലാക്കയിലൂടെ ലോലമായ ഈ ഭാവം വിജയൻ ആവിഷ്ക്കരിക്കുകയാണ് ചെയ്‌തത്. പരിണമിക്കുകയും ആന്തരികമായി ശുദ്ധീകരിക്കുകയും നിലനിൽക്കുകയും ചെയ്യുന്ന വസ്തുസ്വഭാവത്തിന്റെ പാദങ്ങളിലാണ് നാമെത്തുന്നത്. ആത്മലോകങ്ങളുടെ കൂടുകളിൽ നിന്ന് പറക്കമുറ്റി പുറത്തു വരുന്ന വസ്തുക്കളുടെ പക്ഷിക്കുഞ്ഞുങ്ങളെ പദാർത്ഥങ്ങളുമായി ബന്ധിച്ചുകൊണ്ടാണ് നോവലിസ്റ്റ് ആഖ്യാനം നിർവ്വഹിക്കുന്നത്. ഖസാക്കിൽ സുരതക്രിയ പോലെ ആനന്ദത്തിലെത്തിയ വസൂരി പലരേയും അപ്രത്യക്ഷരാക്കി. ഉള്ളില്‍ വിരിഞ്ഞുകിടന്ന അവാച്യമായ സുഖാലസ്യങ്ങളും ജമന്തിപ്പൂക്കളും ആവിർഭാവങ്ങളായിരുന്നു. ആത്മാവിന്റെ പ്രിയപ്പെട്ട അംബരമെവിടെ ,ഭൗതികമൂർച്ഛയുടെ സൂര്യനാളമെവിടെ എന്ന ആശങ്കയിൽ മനസ്സ് വീണുപോകുന്നത് പൊടുന്നനെയാണ്. ഖസാക്കിലെ വസൂരിയും മൺമറയുന്ന കുട്ടികളും മൈമൂനയുടെ തൃഷ്ണയും ശുശ്രൂഷയും ഏതേത് യാഥാർത്ഥ്യങ്ങളുടെ ആഭരണങ്ങളാണെന്നറിയാതെ വിസ്മയം ശേഷിക്കുകയാണ്.
രവിയുടെ ദേവശിരസ്സും മാധവൻ നായരുടെ ദേവ ചക്ഷുസ്സും ,പിന്നേയും അനേകം ജീവബിന്ദുക്കളെ കാത്തുസൂക്ഷിക്കുന്നുണ്ട്. ഉൾപ്രേരണകളുടെ സംസാരിക്കുന്ന ചോദനകളും ഖസാക്കിന്റെ അത്മായനങ്ങളും മനുഷ്യരും, മനുഷ്യരുടെ പ്രാണസഞ്ചാരങ്ങളുടെ ജീവികളും ജീവബിന്ദുക്കളുടെ വ്യഥിതമായ ശിശുക്കളും ഇങ്ങനെയാണ് ജീവിക്കുന്നത് . ഇത് ഖസാക്കിനെ ഗോത്രസ്മൃതികളുടെ ചായവും പരേതാത്മാക്കളുടെ ആശിസ്സും അനുഷ്ഠാനങ്ങളുടെ വെയിലും പ്രാണയാനങ്ങളുടെ നിലാവുംകൊണ്ട് നിറയ്ക്കുന്നു. കാലപ്രവാഹങ്ങളുടെ സന്ധികളിലെ ഏതോ ബിന്ദുവായി നിൽക്കുന്ന ഖസാക്കിനെ പ്രത്യക്ഷങ്ങളുടെ ഒടുങ്ങാത്ത കലവറയായാണ് കാണേണ്ടത്. അതിൽ പ്രപഞ്ചത്തിന്റെ അനേകം സ്വരരാഗങ്ങളും ദുഃഖത്തിന്റെ വിവിധങ്ങളായ ധാതുക്കളും സംഭൃതമായിട്ടുണ്ട്. പ്രസാദത്തിന് നോവലിസ്റ്റ് നൽകിയ അർത്ഥം ഏതെങ്കിലും കാലത്തിന്റെ പരിധിയിലൊതുങ്ങുന്നില്ല. അത് മനുഷ്യവംശത്തിന്റെ ആദിമമായ ധാരകളോടൊപ്പം പ്രപഞ്ചത്തിന്റെ പാദങ്ങളാർജ്ജിക്കുകയാണ്. ഈ ഭൂമിയിലൂടെ നടക്കാൻ ശീലിക്കുകയാണ്.
:

