ഛായ19 feb

ഞാന്‍ എല്ലായിടത്തും തേടിയത്

എന്റെ പ്രതിഛായ മാത്രം.

ജലം എന്നെ കുറേക്കൂടി നീലയാക്കി.

മണ്ണ്‍എനിക്ക്‌ എന്റെതന്നെ

ഓര്‍മ്മകള്‍ തന്നു

അമ്മ എനിക്ക്‌ എന്റെ മാത്രുത്വത്തെ തന്നു.

കുട്ടികള്‍എനിക്ക്‌ കുട്ടിത്തത്തെയും.

മരിച്ചുപോയ പിതാവ്‌

എന്റെ ജഡമായ അസ്ത്വിത്വത്തെ

സ്നേഹം കൊണ്ട്‌ നനച്ചു.

പെണ്ണ്‍ എനിക്ക്‌

എന്റെതന്നെ ലൈംഗികതയും.

പൂവിലും മനസ്സുകളിലും

പെണ്ണിലും ആണിലും

ഞാന്‍എന്നെത്തെന്നെ അന്വേഷിക്കുന്നു.

എന്നാലോ എന്നെ ഇതുവരെ

എനിക്ക്‌ പിടികിട്ടുന്നുമില്ല.

ഒരു ചിതല്‍ ചിരിക്കുകയാണ്‌ jan 25

ഒരു ചിതല്‍ ചിരിക്കുകയാണ്‌

ഒരു വൈറസിനും
ചിരിയടക്കാനാവുന്നില്ല.
മനുഷ്യനാകട്ടെ
വൈറസിനെ
നേരിടന്‍.
സകല യുദ്ധ സാമഗ്രികളും
അണിനിരത്തികഴിഞ്ഞു.
ഒരു മഴ വന്നാല്‍
മനുഷ്യന്‍ വീഴും.വീടോ , കൂരയോ
കിട്ടിയില്ലെങ്കില്‍ അവന്‍
പനിപിടിച്ച്‌ ചാവും.
ഉറ്റവര്‍ക്ക്‌ പോലും
ഒരു ഓര്‍മ്മയും അവശേഷിപ്പിക്കാതെ.

ചിതല്‍ വീണ്ടുംചിരിക്കുകയാണ്‌.
എത്‌ വേനലിലും
അത്‌ ആഹാരം മുടക്കുന്നില്ല.
ഏത്‌ മഴയിലും അത്‌ ആഹാരവുമായി
മണ്ണിനടിയില്‍ മനുഷ്യനെ
കളിയാക്കിക്കൊണ്ട്‌ കഴിയുന്നു.
തവളകള്‍ വേനല്‍ മുഴുവന്‍
സുരക്ഷിതരാണ്‌.
മണ്ണിനടിയില്‍.
മനുഷ്യനാകട്ടെ ഈ ഡിജിറ്റല്‍
ലോകത്തില്‍ ഒരു അക്കത്തിലും
ഒളിക്കാനാവതെ സ്‌ഥിരം
മറ്റുപലതിന്‍റ്റെയും
പിടിയിലാവുന്നു.മനുഷ്യനെ
ആരും പിടിക്കും.
സ്വന്തം തത്വശാസ്ത്രത്തില്‍
ഭയമില്ലാത്ത ഏത്‌ ജീവിയും.
ലോകത്ത്‌ എറ്റവും നിസ്സാരമായ
അസ്തിത്വത്തിന്‍റ്റെ
വലയിലകപ്പെട്ട ജിവിയാണ്‍` മനുഷ്യന്‍.

bluemango books international student poet award to winnie panicker
see http://www.bluemangobooks.com/

ഒരു തൂവല്‍jan23

ഒരു തൂവല്‍

ഒരു തൂവല്‍ ഒരിലപോലെ
കിടന്നു.
തൂവലും ഇലയും കറുത്തതാണെന്ന
ചിന്തയില്‍തൂവലിനെ
ഇലയായി കരുതി.
ഇല വെന്ത്‌ കറുത്ത നിറം
വന്നതുമാകം.അടുത്ത്‌ ചെന്ന്
എടുത്തു നോക്കിയപ്പോള്‍ ഇലയല്ല;
വേറുമൊരു തൂവല്‍.
ഏതോ പക്ഷി കൊഴിച്ചിട്ട
ആ തൂവല്‍ ഒരു കറുത്ത ഇലയുടെ
പ്രതിച്‌ഛായയും പേറി
വഴിയില്‍ കിടന്നത്‌
എന്തിനാണ്‌.?
മറ്റൊരാളുടെ ചിന്തയ്‌ക്ക്‌?
മറ്റൊരാള്‍ക്ക്‌?
മറ്റെന്തിനെങ്കിലും

മല ഏതോ സുഷുപ്തിയില്‍ jan12

മല ഏതോ സുഷുപ്തിയില്‍
ഒരു വലിയ മല
അവിടെ കിടന്നത്‌ വെറുതെ.
അങ്ങോട്ട്‌ നോക്കുന്നവന്‌
കാണാന്‍ പാകത്തില്‍ മല
പല ഭാവങ്ങളും കാണിച്ചു.
ചിലര്‍ക്ക്‌ മല രതി ദേവിയായി.
സമസ്‌ത കാമങ്ങളെയും
ഉണര്‍ത്താന്‍ മലയ്‌ക്ക്‌
ഒന്ന് ചാഞ്ഞു
കിടക്കുകപോലും വേണ്ട.
വരുന്നവന്‍റ്റെ മനസ്സിന്‌
അനുസരിച്ച്‌ മല
മലര്‍ന്നുകൊണ്ടേയിരുന്നു.
മലയുമായി
ഒരു സംവാദം എന്നത്‌
ഓരോരുത്തരുടെയും
സ്വപ്നമായി.
മലയാണ്‌ ദൈവം.
മല ആരെയും ചതിക്കുന്നില്ല.
മലയെപ്പറ്റി നമ്മള്‍
മെനയുന്ന കഥകള്‍
അത്‌ അരോടും പറഞ്ഞ്‌
കോലാഹലമുണ്ടാക്കുന്നില്ല.
മലയാണ്‌ വാസ്തവം,മലയാണ്മ.
മല അവിടെ ഉണ്ടായിരുന്നു
എന്നത്‌ ബസ്‌ യാത്രക്കാരും
ഇഷ്‌ടപ്പെട്ടു..
യാത്രക്കാര്‍ക്ക്‌ വെറുതെ
ഇരിക്കുമ്പോള്‍ നെയ്തുകൂട്ടാനുള്ള
സ്വപ്‌നങ്ങള്‍ക്കുള്ള
വിറക്‌ മല നല്‍കിക്കൊണ്ടിരുന്നു.
മലയാകട്ടെ തലമുറകള്‍
കടന്നുപോയതറിഞ്ഞില്ല.
അത്‌ സുഷുപ്തികളെ
അതിജീവിച്ച്‌ എതോ
ഭാവിയുടെയും പ്രാചീനതയുടെയും
കുതൂഹലങ്ങള്‍ക്ക്‌
നിശ്ശബ്‌ദതാളങ്ങള്‍
നല്‍കിക്കൊണ്ടിരുന്നു.

വ്യക്തിയുടെ തിരോധനം എഴുത്തില്‍ jan 2

വ്യക്തിയുടെ തിരോധനം എഴുത്തില്‍

എഴുത്തില്‍ ഒരാളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ക്ക്‌ സാംഗത്യം കുറഞ്ഞുവരികയാണിപ്പോള്‍.വ്യക്തിനിഷ്ടമായ അനുഭവങ്ങളോട്‌ സംവദിക്കാന്‍ പറ്റാത്ത സമുഹമാണുളളത്‌.ഒരാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ കേള്‍ക്കാന്‍ തന്നെ മറ്റൊരാള്‍ക്ക്‌ താത്‌പര്യമില്ലാതാവുന്നു.ഒരു ഡോക്ടര്‍ക്ക്‌ അറിയേണ്ടത്‌ രോഗിയുടെ രോഗവിവരം മാത്രം.സ്വകാര്യവിവരങ്ങള്‍ വേണ്ട.അതുപോലെയാണ്‌ പുറം ലോകവും.ഏതോ വലിയ പ്രതീക്ഷകളെ സാക്ഷാത്‌കരിക്കാനായി ഓടുന്നു എന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട്‌ നിലവിലിരിക്കുന്ന സമൂഹം വ്യക്തിപരമായ ലോകങ്ങളെകുറിച്ചുള്ള എഴുത്തിനെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.

മറ്റൊന്ന്,വ്യക്തിഗതമായ ലോകമുള്ള എഴുത്തുകാരും കലാകാരന്മാരുമില്ലാതായി.സര്‍വകലാശാലകള്‍ പഠിപ്പിച്ചത്‌ ഏറ്റുചൊല്ലുന്നവരും സ്വന്തം ബാല്യത്തിന്റെയോ കൗമാരത്തിന്‍റ്റെയോ ഓര്‍മയുടെ ചതുപ്പു നിലങ്ങളില്‍ വീണുകിടക്കുന്നവരുമാണുള്ളത്‌.ഇവര്‍ക്ക്‌ സ്വകാര്യമായ അനുഭവശേഖരം എന്നൊന്നില്ല.ഇവര്‍ക്ക്‌ സാധാരണ ജീവിതത്തില്‍ എല്ലാവരും കാണുന്ന കാര്യങ്ങളോട്‌ പ്രതികരിക്കാനേ കഴിയുന്നുള്ളൂ.ഉള്ളിലേക്ക്‌ നോക്കുന്നവരും അവരെ മനസ്സിലാക്കുന്നവരും ഇല്ലാതായി. അതുകൊണ്ടാണ്‌ മലയാളത്തില്‍ ഒരു സംവിധായകനും സ്വന്തം ആഭ്യന്തരലോകത്തിന്റെ ഇതിവൃത്തം,ലൂയി ബുനുവലിനെപ്പോലെ സിനിമയാക്കാത്തത്‌.

നോവലിലും ഇതു സംഭവിക്കുന്നില്ല..നോവലിസ്റ്റ്‌ എന്ന വ്യക്തിയെ ഒരു കൃതിയിലും കാണാനില്ല.നോവലിസ്റ്റ്‌ വെറും റിപ്പോര്‍ട്ടര്‍ മാത്രമായിമാറുന്നു.റിപ്പോര്‍ട്ടിംഗിന്‌ ആസ്പദമായ വസ്തുതകളാണ്‌ അയാളുടെ ആകെയുളള മൂലധനം.ആ വസ്തുതകളോട്‌ വ്യക്തി എന്ന നിലയില്‍ പ്രതികരിക്കാനും അയാള്‍ക്ക്‌ കഴിയുന്നില്ല.ഏറ്റവും ഭയാനകമായി തോന്നുന്നത്‌,കവിയുടെ മരണമാണ്‌.

ഒരു കവിക്കും റിപ്പോര്‍ട്ടറുടെ ജോലിക്കപ്പുറം പോകാനാവുന്നില്ല.കെ.വി.ബേബിയുടെ’തിരസ്കാരം’എന്ന കവിത (മലയാളം വാരിക ,ഡിസംബര്‍ 14) നോക്കൂ.പലരുടെയും കാലടികള്‍ നോക്കി നടന്നയാള്‍ ഒടുവില്‍ കാലടിയില്‍ എത്തുന്നുവെന്ന്.ഇതിനേക്കാള്‍ വലിയ ആത്മീയനിരാകരണം എവിടെയാണുള്ളത്‌?ഈ കവിതയുടെ ഒടുവില്‍,കവി മറ്റൊരു തട്ടിപ്പുകൂടി നടത്തുന്നു.കാലടികള്‍ നോക്കിനടക്കുന്ന ശീലം ഉപേക്ഷിച്ചുവെന്ന്.ഉള്ളിലേക്ക്‌ നോക്കാനുള്ള വസനയുള്ളവനു മത്രമേ ഇത്‌ ഉപകരിക്കൂ.കാണുംവരെ പേരില്‍ വി.എം.ഗിരിജ(മതൃഭൂമി ആഴ്‌ചപ്പതിപ്പ്‌,ഡിസംബര്‍ 16)എഴുതിയ കവിതയിലും കവി എന്ന വ്യക്തിയില്ല.സമകാലസംഭവങ്ങളെ പ്രഭാതഭക്ഷണവേളയിലെന്ന പോലെ പറഞ്ഞവസാനിപ്പിക്കുകയാണ്‌ കവി.ഇതെല്ലാം സൂചിപ്പിക്കുന്നത്‌ വ്യക്തിയുടെ ഭീതിദമായ മരണമാണ്‌.സാഹിത്യത്തിന്‍റ്റെ ഉള്ളടക്കം ഈ മൃതിയാണ്‌.സൂക്ഷിച്ചു നോക്കിയാല്‍ സാര്‍വത്രികമായി വ്യക്തിയുടെ ഈ മരണം ഈ കാലഘട്ടത്തിലെ കൃതികളില്‍ പൊതുവേ കാണാം.

watch new blog bluemangohttp://bluewhale-bluemangobooksblogspotcom.blogspot.com/

ജലം എന്തിനൊഴുകുന്നു?dec 31

ജലം എന്തിനൊഴുകുന്നു?

ജലം എന്തിനാണ്‌ ഒഴുകുന്നത്‌.?
ജലം ഒഴുകാതിരിക്കുമ്പോള്‍
അത്‌ എന്താണ്‌ ചെയ്യുന്നത്‌?
എല്ലാ പ്രവൃത്തിയെയും
ഇതുവരെയുള്ള കാലം കൊണ്ട്‌ ഹരിച്ച്‌
പുതിയ വാസസ്‌ഥലം
തിരയുകയാവുമോ?
ജലത്തിന്‌ ഒഴുകാനാണ്‌ വിധി.
ഒഴുകുമ്പോഴാണ്‌
അത്‌ ജീവിക്കുന്നത്‌.
അതിനിടയില്‍ ആര്‌, എന്ത്‌ എന്ന്
ചിന്തിക്കാതിരിക്കുന്നതാണ്‌ ജീവിതം.
ഒഴുകുമ്പോള്‍ ഒന്നും
ഓര്‍ക്കാനില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍
എന്നും ജലം വേണം.

ആരുപറഞ്ഞു ജലം നമ്മെ
എന്തെങ്കിലും ഒര്‍മ്മിപ്പിക്കാനാണ്‌
ഒഴുകുന്നതെന്ന്.
നമ്മുടെ ഓര്‍മ്മകളുടെ
ആധിപത്യ മോഹങ്ങള്‍ക്കെതിരെ
അതൊന്നും നേരിട്ട്‌ പറയുന്നില്ലെങ്കിലും
സ്വയം ഒഴുക്കി കളയുന്ന
ആ ജീവിതത്തിന്‍റ്റെ
നിരുപാധികമായ ഒരൊഴുക്കുണ്ടല്ലോ,
അതാണ്‌ ജിവിതം.
തിരിഞ്ഞു നോക്കി ജീവിതത്തിന്‍റ്റെ
പിന്നാമ്പുറത്തുള്ള
തത്വങ്ങള്‍ക്ക്‌ കടിച്ച്‌ കീറാനായി
ഒന്നും ബാക്കി വയ്‌ക്കാനും
ജലമില്ല.
ആരും ഇല്ലാത്ത ലോകം
എത്ര വിരസമാണെന്ന്
ജലത്തെപ്പോലെ ആരു
മനസ്സിലാക്കി?
കടുത്ത ഏകാന്തതയില്‍
ജലം സ്വയം നശിക്കുന്നത്‌
അല്‍പാല്‍പമായി
കൊന്നുകൊണ്ടാണ്‌.
ജലത്തിനും ചാവാന്‍ കഴിയും.
സ്‌നേഹവും മമതയും
മരിക്കുന്നിടത്ത്‌ ജലത്തിന്‍റ്റെ
ജീവനെന്ത്‌ കാര്യം?

ഏതോ സുഗന്ധംdec30

ഏതോ സുഗന്ധം

എവിടെ നിന്നാണെന്ന്
അറിയില്ല ആ സുഗന്ധം
എന്നെ വന്ന് ചുറ്റി
എന്തോ പറഞ്ഞ്‌ പോയി.
അത്‌ കാറ്റോ മേഘമോ,
എന്തോ വ്യക്തമായില്ല
കാറ്റില്‍ വന്ന് പതിയിരുന്ന്
കൊല്ലുന്ന വിമൂകമായ
പ്രത്യക്ഷങ്ങളെ ഞാന്‍ അന്വേഷിച്ചില്ല.
ചിലപ്പോള്‍ മനസ്സ്‌ എന്ന പോലെ
നാവും ഒരു നായയെപ്പോലെ
അകത്തേക്ക്‌ വലിഞ്ഞ്‌
ചുരുണ്ടു കൂടി കിടന്നുറങ്ങും.
നായയ്‌ക്കും ഈ ഡിസംബറിന്‍റ്റെ
മഞ്ഞ്‌ കൊള്ളാന്‍ പാങ്ങുണ്ട്‌.
വിളറി പാഞ്ഞുപോയ
കാറ്റിലും ഒരു സൂചനയുണ്ടായിരുന്നു.
അരുതാത്ത ചിന്തകള്‍ക്ക്‌
മയക്ക്‌ മരുന്ന് കൊടുത്ത്‌ പുതിയ
ഒരു ലോകത്തെ
വെറുതെയാണെങ്കിലും കണ്ടെത്തുക.

പഴയകാലത്തിന്റെ ദ്രവിച്ച
പുകക്കുഴകുകള്‍ എത്രയോ വട്ടം
പുകയൂതി ക്ഷീണിതമാണ്‌..
ഇനി പുകയ്‌ക്ക്‌ പോലും
അതിലെ പായുമ്പോള്‍പേടി വരും.
പുക വല്ലാതെ കാല്‍പനികമാണ്‌.
ഒരു കുഞ്ഞ്‌ ചിത്രം വരയ്ക്കാന്‍
ഉത്സാഹിക്കുന്നതുപോലെ
കലമ്പിക്കൊണ്ട്‌
പുക പുറത്തു വന്നത്‌
ഏറെ കുസൃതി നിറഞ്ഞ
ഒരു ഓര്‍മ്മയായി ഇപ്പോഴും നില്‍ക്കുന്നു.

watch my new blog bluemango
http://bluewhale-bluemangobooksblogspotcom.blogspot.com/

ഈ ഇലകളില്‍ സ്‌നേഹംdec23

ഈ ഇലകളില്‍ സ്‌നേഹം
ഈ ഇലകള്‍ കൊണ്ട്‌
എനിക്ക്‌ കഞ്ഞികോരി
കുടിക്കാന്‍
അമ്മ കുമ്പിളുണ്ടാക്കി
തന്നിട്ടുണ്ട്‌.
അത്‌ നിറയെ സ്‌നേഹമായിരുന്നെന്ന്
ഇപ്പോഴറിയുന്നു.
അന്ന് കഞ്ഞി കുടിക്കാത്ത
എന്നെ അതിലേക്ക്‌
ആകര്‍ഷിക്കാനായിരുന്നു
അമ്മ് കുമ്പിളുണ്ടാക്കിയത്‌.
ഇന്ന് കുമ്പിള്‍ ഉണ്ടാക്കിതന്ന്
കഞ്ഞി കുടിക്കു എന്ന് ആരും
പറയുന്നില്ല.
ആ കഞ്ഞിയില്‍ വെള്ളത്തിനും
വറ്റിനും പുറമേ
മറ്റൊന്നുകൂട്ടിയുണ്ടായിരുന്നു.
അമ്മയുടെ മനസ്സ്‌.
അത്‌ കിട്ടണമെങ്കില്‍
കൂത്താട്ടുകളത്ത്‌ തന്നെ പോകണം
ആശാന്‍റ്റെ കളരിയില്‍
പേടിച്ചിരിക്കുന്ന എനിക്ക്‌
വാട്ടിയ വാഴയിലയില്‍
അമ്മ കൊണ്ടുവന്ന്
തരാറുണ്ടായിരുന്ന
പൊതിച്ചോറിന്‍റ്റെ ഗന്ധം,
ഭീതിയും സ്‌നേഹവും നിറച്ച്‌
ഇപ്പോഴും എന്നെ ചലിപ്പിക്കുന്നു.
ആ ഗന്ധം ഇപ്പോള്‍
അപൂര്‍വ്വമാണ്‌.
ജീവിതത്തിന്റെ വരണ്ട ,
സ്നേഹരഹിതമായ
യാത്ര മടുക്കുമ്പോള്‍,
ഞാന്‍ ഒരു വാഴയില
കീറിയെടുത്ത്‌ വാട്ടി ചോറ്‌
വിളമ്പി അമ്മയുടെ
ആ പഴയ ഗന്ധം കിട്ടുമോയെന്ന്
നോക്കാറുണ്ട്‌.
വാഴയിലപോലും
എന്നെ മറന്നുവോ?
വാഴയിലയ്‌ക്ക്‌
എന്നെ മനസ്സിലാവുന്നില്ലെനുണ്ടോ?

മിത്രമേ,
ഇതു തൊണ്ണൂറ്റിയൊന്‍പതാമത്‌ പോസ്‌റ്റാണ്‌.
നൂറാം പോസ്‌റ്റ്‌ വിശേഷാല്‍ പതിപ്പാണ്‌.
ശ്രദ്ധിക്കുമല്ലോ.

മേഘങ്ങളുടെ സൂചനകള്‍ dec 22

മേഘങ്ങളുടെ സൂചനകള്‍

ഇന്നലെ കണ്ട
മേഘത്തെക്കുറിച്ച്‌
എഴുതിയ കവിത
ഇന്ന് അപ്രസക്തമായി.
ആ കവിതയില്‍ മേഘങ്ങള്‍
ഒരു നഗരമായി വരുന്നത്‌
എങ്ങനെയെന്നാണ്‌ എഴുതിയത്‌.
ഇന്നത്‌ തിരുത്തുകയാണ്‌.

ഞാന്‍ പറയാന്‍ ആശിച്ച
ഏതോ നിറങ്ങളെ
അവ എന്‍റ്റെ മുന്നില്‍ അവതരിപ്പിച്ചു
കഴിഞ്ഞിരുന്നു.
എന്റെ ആഗ്രഹങ്ങള്‍
മനസ്സിലാക്കിയ മേഘക്കൂട്ടം
വിരമിക്കുന്നതിനു മുമ്പ്‌
ആകാശത്തിന്റെ കോണില്‍
ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയെ
വേദനയോടെ
പ്രസവിച്ചിടുകതന്നെ ചെയ്തു.
ആ പ്രസവം എന്‍റ്റെ
നാഗരിക സ്വപ്നങ്ങളെ
പുനുരുജ്ജീവിപ്പിച്ചു.
ജീവിക്കാന്‍ തോന്നുക
എന്ന ഏറ്റവും മഹത്തായ
അഭിലാഷത്തിനായി എത്രയോ മനുഷ്യരുടെ
മുഖങ്ങളിലേക്ക്‌
ഞാന്‍ നോക്കിയിട്ടുണ്ട്‌!.
ഒരിക്കലും കാണാതിരുന്ന
ആ അഭിലാഷത്തെ
ഞാന്‍ അറിയാതെ
പൂര്‍ത്തീകരിച്ചത്‌
ഇന്നലെത്തെ മേഘങ്ങളായിരുന്നു.
ഇന്നലെ ആകാശാന്തര
സ്‌ഥലികളില്‍ മേഘങ്ങള്‍
അനുഭവിച്ച വേദന ഞാന്‍
എഴുതാതെ പോയി.
എന്തിന്‌ എഴുതണം?
എന്തെഴുതിയാലും അതൊന്നും
ആ വേദനയുടെ അംശം
പോലുമാകില്ല.
മേഘങ്ങള്‍ നിശ്ശബ്‌ദമായി
പറഞ്ഞത്‌ ഞാന്‍ ഇപ്പോള്‍
പറയുന്നില്ല.
കാരണം അവയുടെ
വേദനകള്‍ ഇപ്പോഴും എന്നിലുണ്ട്‌.

മുഖചിത്രം: കടപ്പാട്‌- വി എം രാജേഷ്‌

രതിഗന്ധംdec 21

രതിഗന്ധം

ഈ ഡിസംബര്‍
മഞ്ഞിനൊപ്പം ഒരു കാറ്റ്‌
മണ്ണിരയെപ്പോലെ
എത്തുന്നു.
കാറ്റ്‌ പ്രണയമാണ്‌.
എന്തിനും ധൃതിവച്ച്‌
എങ്ങും പോകാനില്ലാതെ
വരുന്ന ആ മണ്ണിരയെ
ഞാന്‍ ആത്മാവിന്‍റ്റെ
അസംസംസ്‌കൃതവസ്‌തുക്കളുടെ
ശേഖരത്തിലൊളിപ്പിച്ചു.
മുയല്‍കുട്ടികള്‍ പുല്ലു തിന്നുന്ന
ചിത്രം എന്‍റ്റെ
മനസ്സിലേക്കിട്ടത്‌
ഈ കാറ്റാണ്‌.
അദൃശ്യതയുടെ ശുദ്ധമദ്ദളവുമായെത്തിയ
ആ കാറ്റ്‌ നിമിഷംതോറും
ഗന്ധം മാറ്റുകയും
പല തരം ഹിമകണങ്ങളെ
തൂവിയിടുകയും ചെയ്‌തു.

രാത്രിയില്‍ ഞാന്‍
ആ മണ്ണിരക്കൊപ്പം
സവാരി നടത്തി.
മണ്ണിര എന്നെയും കൊണ്ട്‌
ഏതോ ഭൂഗര്‍ഭ അറയില്‍
പുരാതന ഭീമാകാര
ജീവികള്‍ അന്ത്യവിശ്രമംകൊള്ളുന്ന
ഇടനാഴികളിലൊക്കെ പോയി.
ഞാന്‍ കുതിക്കുക
മാത്രം ചെയ്തു.
വേഗം എന്‍റ്റെ ഭാഷയായി
പുനര്‍ജനിച്ചു.
എനിക്ക്‌ തിരിച്ചു വരാനായി
പണിപ്പെടേണ്ടിവന്നു.
ഞാന്‍ പുലര്‍ച്ചെ തിരിച്ചെത്തിയെങ്കിലും,
ആകാശത്തിന്റെ
രോമകൂപങ്ങളില്‍ നിറഞ്ഞു നിന്ന
ജലകണങ്ങളില്‍ രതിഗന്ധം
തളം കെട്ടി നിന്ന്
എന്നെ മത്തു പിടിപ്പിച്ചു.
മുഖചിത്രം: കടപ്പാട്‌-വി എം രാജേഷ്‌
Design a site like this with WordPress.com
Get started