എസ് . ഭാസുരചന്ദ്രന്‍
പരമ്പരാഗതമല്ലാത്ത ഉറവിടങ്ങളില്‍ എണ്ണഖനനം നടത്തുന്ന മുങ്ങിക്കപ്പലിനെ ഓര്‍മ്മിപ്പിക്കുന്ന നോവലാണിത്.അമേരിക്കന്‍ കവി വാള്‍ട്ട് വിറ്റ്മാന്‍ ആഴക്കടലിലേക്ക് പറഞ്ഞുവിട്ട കവിയെപ്പോലെ ഓരോ അദ്ധ്യായത്തിനൊടുവിലും ചോരച്ച കണ്ണുകളുമായി നോവലിസ്റ്റ് മാത്രമല്ല വായനക്കാരനും പുറത്തുവരുന്നു.അവരെ സ്വീകരിക്കാന്‍ ഓരോ അദ്ധ്യായാന്ത്യത്തിലും ശലഭങ്ങളുടെ ഒരു കളിസ്ഥലം ഒരുക്കിയിരിക്കുന്നു.കഠിനവും പരതന്ത്രവുമായ ചരിത്രത്തെ കാലത്തിന്റെ അപരിമേയ വിശാലതയിലേക്ക് തുറന്നുവിടുന്ന അനുഭവമാണ് ഈ ശലഭസ്പര്‍ശം നമുക്ക് നല്‍കുന്നത്.
ജലഛായ എന്ന ശീര്‍ഷകം പേറുന്ന ഈ നോവലില്‍ ജലച്ചായവും ഉണ്ട്.നിശ്ശബ്ദതയുടെ ജലച്ചായം എന്ന നോവലെഴുതിയ ലൂക്ക് ജോര്‍ജ് എന്ന നോവലിസ്റ്റിനെ , അയാളെപ്പറ്റി നോവലെഴുതാന്‍ ഉദ്ദേശിക്കുന്ന ജോര്‍ദ്ദാന്‍ എന്ന പെണ്‍കുട്ടി ഇന്റര്‍വ്യു ചെയ്യുകയാണ്.ഇത്രയുമായപ്പോള്‍ തന്നെ ഹരികുമാറിനെ ചേര്‍ത്ത് നോവലിസ്റ്റുകളുടെ എണ്ണം മൂന്നായി. സുവിശേഷപ്രസംഗം നടത്തിക്കഴിഞ്ഞിരുന്ന ലൂക്ക് ജോര്‍ജ് അയാള്‍ക്കാണെങ്കില്‍ തെരുവോരങ്ങളില്‍ നിന്ന് താന്‍ അവതരിപ്പിക്കുന്ന ദൈവത്തില്‍ വിശ്വാസമില്ല;കാര്യങ്ങള്‍ തകിടം മറിയുന്നത് നോക്കുക.നാളത്തെ നോവലിസ്റ്റും ഇന്നത്തെ നോവലിസ്റ്റും തമ്മിലുള്ള അഭിമുഖങ്ങളാണ് ഓരോ അദ്ധ്യായവും ;എന്നുവച്ച് സാഹിത്യപരവും കഥാപരവും കഥാപാത്രപരവുമായ കാര്യങ്ങള്‍ മാത്രം സംസാരിച്ച് അദ്ധ്യായങ്ങളെ സമാധാനദ്വീപുകളാക്കുകയല്ല ഹരികുമാര്‍.
കീഴാളര്‍ എന്ന് വിളിച്ച് മാധ്യമങ്ങള്‍ നിരന്തരം കൂട്ടബലാല്‍സംഗം ചെയ്യുന്ന പെണ്ണാളുകളുടെയും പരസ്യ ചാട്ടവാറടി നല്‍കുന്ന ആണ്‍പിറന്നവരുടെയും ഗതകാല തലമുറകള്‍ രക്തവും മാംസവും മുതലിറക്കി ജീവിച്ച ജീവിതത്തിലാണ് ജലഛായ മുങ്ങാങ്കുഴിയിടുന്നത്.
കുരുമുളകു മരണങ്ങള്‍ എന്ന അദ്ധ്യായം ചരിത്രത്തില്‍ സൂചികുത്താന്‍ ഇടം കിട്ടാത്തതിനാല്‍ നോവലിലേക്ക് ഓടിക്കയറിയിരിക്കുന്ന അഭയാര്‍ത്ഥികളുടെ കൂടാരമാണ്.നിങ്ങളുടെ കഥാകൗതുകങ്ങളെയല്ല ഈ നോവല്‍ അഭിസംബോധനചെയ്യുന്നത്. എന്നിട്ട് എന്ത് സംഭവിച്ചു എന്ന മൂന്നാംകിട ഉത്കണ്ഠയെ മറികടന്നശേഷമാണ് ഈ നോവല്‍ അജയ്യമായ അതിന്റെ അക്ഷരയാത്ര നടത്തിയിരിക്കുന്നത്.
(ഗ്രീന്‍ ബുക്‌സ്, തൃശൂര്‍ വില: 210)




































