അക്ഷരജാലകം/എം കെ ഹരികുമാർ-link
തോമസ് ജോസഫ്: സർക്കാർ ഇടപെടണം
എഴുത്തുകാരൻ ഒരു റാഡിക്കന്റ് (radicant)/എം കെ ഹരികുമാർ
പദാനുപദം
ആശാന്റെ കരുണ:ഉപഗുപ്തന്റെ നിലപാട് തെറ്റ് /എം കെ ഹരികുമാർ
നവദ്വൈതം-3/എം കെ ഹരികുമാർ
ഇതാണ് ഗുരുധർമ്മം/ എം കെ ഹരികുമാർ
ഗിരീഷ് കർണാട് അനുസ്മരണം കൊച്ചിയിൽ
ബോർഹസിന്റെ സാഹിത്യ പ്രത്യയശാസ്ത്രവും സിദ്ധാന്തവും/എം.കെ. ഹരികുമാർ
ഇരുപതാം നൂറ്റാണ്ടിൽòചെറുകഥ എന്ന മാധ്യമത്തിൽ ഏറ്റവും അത്ഭുതകരമായ ആഖ്യാനം കൊണ്ടുവന്നത് അർജന്റീനക്കാരനായ ലൂയി ബോർഹസ് (1899-1986) ആണ്. ഊരാക്കുടക്കുപോലെ വിഷമിപ്പിക്കുന്നതും ഭ്രാന്തമായ ഭാവനകൊണ്ട് സ്ഥലകാലങ്ങളെ കുഴപ്പിക്കുന്നതുമായ അദ്ദേഹത്തിന്റെ കഥകൾ വേറൊരാൾക്ക് എഴുതാനാവുന്നതല്ല. അത് ബോർഹസിന്റെ സാഹിത്യ പ്രത്യയശാസ്ത്രവും സിദ്ധാന്തവും കലർന്ന പുതിയൊരു നോട്ടമാണ്.
മനുഷ്യഭാവനയുടെ ഒരു പൊട്ടിത്തെറിയാണ്. കവിതകളും വിമർശനങ്ങളും ചെറുകഥകളുമാണ് അദ്ദേഹത്തിന്റെ സംഭാവന. വളരെയേറെ വ്യാഖ്യാനങ്ങളും വായനകളും നടന്നു കഴിഞ്ഞ ബോർഹസ് കഥകളുടെ ഒരു സമാഹാരം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കെ. ജീവൻകുമാറും പി. അനിൽകുമാറും ചരിത്രപരമായ നേട്ടം കൈവരിച്ചിരിക്കയാണ്. മലയാളത്തിൽ ബോർഹസിനെപ്പറ്റി നേരത്തെ ചർച്ച നടന്നിട്ടുണ്ടെങ്കിലും, ആ കഥകളുടെ രൂപപരമായ പ്രത്യേകതകൾ മലയാളികൾ വേണ്ടപോലെ മനസിലാക്കിയിട്ടുണ്ടോ എന്ന സംശയമാണ്. ഇനി ബോർഹസ് കഥകൾക്ക് പുതിയ വായനക്കാർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
എങ്ങനെയാണ് എഴുതേണ്ടതെന്ന് ബോർഹസ് നിങ്ങൾക്ക് പഠിപ്പിച്ചു തരുമെന്ന് പറഞ്ഞത് ‘ഏകാന്തത്തയുടെ ഒരുനൂറ് വർഷങ്ങൾ’ എന്ന വിഖ്യാത നോവലെഴുതിയ ഗബ്രിയേൽ ഗാർസിയ മാർകേസാണ്.
ഉപന്യാസത്തിന്റെയും കൽപിതകഥയുടെയും അധികപ്രസംഗങ്ങൾ എന്ന നിലയിലാണ് ആ കഥകൾ അവതരിക്കുന്നത്. ഈ സമാഹാരത്തിൽ, അദ്ദേഹത്തിന്റെ മികച്ച കഥകളെല്ലാം തന്നെ വന്നിട്ടുണ്ട്. ഞെട്ടിക്കുന്ന ഒരു കഥയാണ്, ‘പിയറി മെനാദ്, ഡോൺ ക്വിക്സോട്ടി’ന്റെ രചയിതാവ് (പിയറി മെനാദ്, ഓഥർ ഓഫ് ക്വിക്സോട്ട്). സ്പാനീഷ് ഭാഷയിലെ ഏറ്റവും വലിയ സാഹിത്യകാരനായ മിഗ്വൽ സെർവാന്തിസ് (1547-1616) രചിച്ച ഡോൺ ക്വിക്സോട്ട് നൂറ്റിനാൽപതു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ബോർഹസിന്റെ കഥയുടെ പ്രമേയം, സെർവാന്തിസിന്റെ ‘ഡോൺ ക്വിക്സോട്ടി’നു സമാനമായി മെനാദ് എന്ന എഴുത്തുകാരൻ മറ്റൊരു ‘ക്വിക്സോട്ട്’ രചിക്കുന്നതിനെക്കുറിച്ചാണ്. പകർത്തിയെഴുത്തല്ല, ഓരോ വരിയിലും കൃതിയോട് യാദൃച്ഛികമായ ഏകീഭാവം പുലർത്തുന്ന കുറേ പേജുകൾക്ക് രൂപം കൊടുക്കുകയായിരുന്നു ലക്ഷ്യം. മെനാദ് എന്ന എഴുത്തുകാരൻ യഥാർത്ഥത്തിലുള്ളതല്ല. സെർവാന്തിസിന്റെ നോവലിനേക്കാൾ നല്ലതാണ് മെനാദിന്റേതെന്ന് ബോർഹസ് കാര്യകാരണ സഹിതം പ്രഖ്യാപിക്കുന്നു. ഈ രണ്ടു കൃതികളുടെയും താരതമ്യം, മെനാദിനു നേരിടേണ്ടിവന്ന താത്ത്വികമായ വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങളാണ് ബോർഹസ് പരിശോധിക്കുന്നത്. ചെറുകഥയെപ്പറ്റിയുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ ഇവിടെ തകർന്നുവീഴുന്നു. അത് എഴുത്തുകാരന്റെ നിശിതമായ വ്യക്തിപരതയുടെയും ആത്മവിചാരണയുടെയും ലോകത്തിന്റെ നേരിട്ടുള്ള ഇടപെടലായി മാറുകയാണ്.
ഒൻപതാം വയസിൽ ഓസ്ക്കാർ വൈൽഡിന്റെ നാടകം മൊഴിമാറ്റിയ മഹാനാണ് ബോർഹസ്. അദ്ദേഹത്തിനു പല ഭാഷകൾ അറിയാമായിരുന്നു അതിഗഹനമായി ചിന്തിക്കുന്നതും യാഥാർത്ഥ്യത്തെ പുനർവിചാരണ ചെയ്യുന്നതും ഈ കഥാകാരന്റെ ശീലമാണ്. കാവ്യപരമായ സൈദ്ധാന്തിക തത്ത്വങ്ങളെക്കുറിച്ച് ഗഹനമായി മനസിലാക്കിയ കഥാകാരൻ കഥാരചനയിൽ അതിനെ ഭാവനയിലൂടെ പുതിയ രീതിയിൽ സന്നിവേശിപ്പിക്കുന്നു.
അദ്ദേഹം ഇങ്ങനെ എഴുതി: “ഞാനൊരു യാഥാസ്ഥിതികനാണ്, കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്, നാസികൾക്കെതിരാണ്, ജൂതവിരുദ്ധരെ അംഗീകരിക്കാത്തവനാണ് എന്നൊക്കെ പറഞ്ഞോളൂ. എന്നാൽ എന്റെ ഈ തരത്തിലുള്ള അഭിപ്രായങ്ങളൊന്നും സാഹിത്യരചനകളിൽ കടന്നുവരാൻ ഞാൻ അനുവദിക്കില്ല. സ്വപ്നം കാണാൻ കഴിയുന്നിടത്താണ് സാഹിത്യം. എഴുതുമ്പോൾ സ്വപ്നവും കലരണം. വാക്കുകളെ മറക്കുകയാണ് വേണ്ടത്. നിങ്ങൾക്ക് പറയാനുള്ളത് പറയുക. അതിനു വാക്കുകളിൽ അമിതമായ ശ്രദ്ധവേണ്ട. നിങ്ങൾ പുസ്തകത്തെയാണ് ഇഷ്ടപ്പെടുന്നത്, വാക്കുകളെയല്ല.”
ബോർഹസിന്റെ ഏറ്റവും പ്രശസ്തമായ കഥകളിലൊന്നാണ് ‘ബാബേൽ ലൈബ്രറി’. അനന്തമായ ഷഡ്ഭുജ ഗാലറികൾകൊണ്ട് നിർമ്മിച്ച ലൈബ്രറിയെക്കുറിച്ചാണ് അദ്ദേഹം എഴുതുന്നത്. ലൈബ്രറി നമ്മുടെ മുന്നിൽ ഒരു വാർപ്പ് രൂപമായി നിൽക്കുകയാണെങ്കിലും, കഥാകൃത്ത് അതിനെ പ്രപഞ്ചമായി ഭാവന ചെയ്യുന്നു. എഴുതപ്പെട്ട പുസ്തകങ്ങൾപോലെ എഴുതപ്പെടാത്തതുമുണ്ട്. എഴുതപ്പെട്ടതുതന്നെ പല രീതിയിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ലൈബ്രറി അവസാനമില്ലാത്തത്താണെന്ന് ഞാൻ പ്രഖ്യാപിക്കുന്നു. മനുഷ്യൻ എന്ന അപൂർണനായ ലൈബ്രേറിയൻ, ഭാവിയുടെ സവിസ്തരമായ ചരിത്രം, ഭ്രാന്തിനും മതിഭ്രമത്തിനും അടിമയായ ഏതോ ദേവത, ഉന്മാദത്തിന്റെ ലൈബ്രറി തുടങ്ങിയ വാചകങ്ങൾ കഥാകൃത്ത് ലൈബ്രറിയെ എങ്ങനെ അയഥാർത്ഥമാക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഒരു ഖരവസ്തുവിനെ അതിന്റെ വിഭിന്നങ്ങളായ സാധ്യതകളായി പറിച്ചെടുത്ത് വിശകലനം ചെയ്യുന്ന കഥനരീതിയാണ് ബോർഹസിന്റേത്. അദ്ദേഹം അനുവദിക്കപ്പെട്ട സ്ഥിതിവിവര കണക്കുകളിൽ അതൃപ്തനാണ്. തന്റെ ജ്ഞാനദാഹിയും വികേന്ദ്രീകൃതവും ചലനാത്മകവുമായ സാഹിത്യധിഷണയ്ക്ക്, ഭൂമിയിൽ നിന്ന് സ്വാഭാവികമായി ലഭിക്കുന്ന വാസ്തവികത മതിയാവില്ലെന്ന് ഈ കഥകളിലൂടെ അദ്ദേഹം വിളിച്ചു പറയുന്നതായി തോന്നും.
ബോർഹസ് വ്യത്യസ്തമായ ഒരു സാഹിത്യവീക്ഷണത്തിന്റെ പിടിയിലാണ്. വ്യവസ്ഥാപിതമായ രചനകൾ മനുഷ്യരാശിയുടെ ഇന്നത്തെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നില്ല എന്ന വാദം ഉയർത്തുന്നത് ഇതിനു തെളിവാണ്. മനുഷ്യരാശി നാശത്തിലേക്ക് കുതിക്കുകയാണ്. ഭ്രാന്തവും ക്രമരഹിതവുമായ ഒരു ജീവിതത്തിന്റെ സംഘർഷങ്ങളിൽപ്പെട്ട് അവന്റെ ചിന്തയ്ക്ക് സ്വാഭാവികത നഷ്ടപ്പെട്ടിരിക്കുന്നു. വ്യവസ്ഥാപിത സാഹിത്യം ധ്വനിപ്പിക്കുന്നത്, എല്ലാം നേരത്തേ തന്നെ എഴുതപ്പെട്ടതാണെന്ന കാര്യമാണ്. അത് നമ്മുടെ വിഭ്രാമകമായ ബൗദ്ധിക വ്യാപാരത്തെയോ ആന്തരികമായ വഴിതെറ്റലുകളെയോ കാണുന്നതിനു പകരം, ജീവിതം എന്ന സാമ്പ്രദായികത്വത്തെ പിന്നെയും പിന്നെയും ആനയിക്കുകയാണ്. സംഭവിച്ചതു, അല്ലെങ്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതേപടി എഴുതുന്നത് നമ്മുടെ അസ്തിത്വത്തെ നിഷേധിക്കുന്നതിനു തുല്യമാണെന്ന് ബോർഹസിനു അഭിപ്രായമുണ്ട്.
ഈ ലോകം മനുഷ്യനെ കുഴച്ചുമറിക്കുന്ന ഒരു നൂൽകുരുക്കാണെന്നും അതുകൊണ്ടുതന്നെ ജീവിതം അർത്ഥശൂന്യമായിപ്പോയേക്കാവുന്ന ഒരു ഉദ്യമമാണെന്നും ചിന്തിച്ച ഫ്രാൻസ് കാഫ്കയോടു സാദൃശമുള്ളതാണ് ബോർഹസിന്റെയും ചിന്താരീതി. ‘വൃത്താകാരമാർന്ന അവശിഷ്ടങ്ങൾ’ (ദ് സർക്കുലർ റൂയിൻസ്) എന്ന കഥയിൽ സ്വപ്നം കാണാൻ വേണ്ടി ഏറെക്കുറെ വിജനമായ ഒരു ഗ്രാമത്തിലെത്തുന്ന അപരിചിതനെ കാണാം. യാഥാർത്ഥ്യത്തെയും സ്വപ്നത്തെയും ഇഴപിരിക്കാൻ അയാൾ ആഗ്രഹിക്കുന്നു. എന്നാൽ അയാൾ, ചിലപ്പോൾ യാഥാർത്ഥ്യമല്ല. കഥയുടെ അന്ത്യത്തിലെ വാക്യങ്ങൾ ഇതാണ്. ആശ്വാസവും അപമാനവും ഭീതിയും ഇടകലരവേ താനും വെറുമൊരു തോന്നൽ മാത്രമാണെന്നും മറ്റാരോ തന്നെ സ്വപ്നം കാണുകയാണെന്നും അയാൾ തിരിച്ചറിഞ്ഞു.
എന്താണ് എഴുത്ത് എന്ന സാമാന്യമായ ചോദ്യത്തെ കൂടുതൽ ആഴമുള്ളതാക്കിക്കൊണ്ട് ബോർഹസ് ഒരിക്കൽ ഇങ്ങനെ പ്രതികരിച്ചു: എഴുത്തുകാരൻ തന്റെ മനസിലേക്ക് വരുന്ന വസ്തുക്കളെയും ചിന്തകളെയും പ്രതീകങ്ങളാക്കി മാറ്റണം. പ്രതീകങ്ങൾ വാക്കുകൾ തന്നെയാണ്. അതിൽ വർണങ്ങളും രൂപങ്ങളും ഉൾപ്പെടും. ഇത് അനന്തമായ ജോലിയാണ്. എല്ലാറ്റിനെയും മറ്റൊന്നാക്കിമാറ്റണം.
സാഹിത്യരചന ശാരീരികമോ മാനസികമോ ആയ ക്രമക്കേടായി മാറിയതാണ് ബോർഹസിന്റെ കാര്യത്തിൽ സംഭവിച്ചതു. അദ്ദേഹം പറഞ്ഞു: എനിക്ക് എഴുതാതിരിക്കാനാവില്ല. എഴുത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്റെ മനസിൽ കുറ്റബോധം നിറയ്ക്കും.
ബോർഹസിന്റെ വാർദ്ധക്യകാലത്ത് അദ്ദേഹം പൂർണമായും അന്ധനായി മാറി. ഇതും ആ മനോഘടനയിൽ ആവിഷ്കാരത്തെപ്പറ്റി ഭിന്നാഭിപ്രായം ജനിക്കുന്നതിനു സാധ്യതയൊരുക്കി.
സാങ്കൽപിക കൃതികളുടെ വിശകലനം ബോർഹസിന്റെ ഒരു രീതിയാണ്. ‘യൂദാസിന്റെ മൂന്ന് പാഠഭേദങ്ങൾ’, ട്ലോൺ, ഉഖ്ബാർ, ഓർബിസ് ടേർഷ്യസ്, അൽമുത്താസിമിനോടുള്ള സമീപനം എന്നീ കഥകൾ സാങ്കൽപിക രചനകളെ ഉപയോഗിച്ചുകൊണ്ട് തന്റെ സ്വകാര്യസ്വപ്നങ്ങളെ സമസ്യ എന്ന നിലയിൽ പകർത്തുന്നു; ഓരോന്നും ഓരോ ഘടനയിൽതന്നെ.
ഭാവനയിലേക്കുള്ള പ്രവേശനം, ഉപാധികളില്ലാത്ത ഒരൊഴുക്കാണ്. നശ്വരമായ ഈ ലോകത്തിന്റെ ഇടുങ്ങിയതും യുക്തിയാൽ വിറങ്ങലിച്ചതുമായ നീതീകരണങ്ങളിൽ നിന്ന് രക്ഷനേടാൻ ആന്തരവും സ്വപ്നസദൃശവും വിമലീകൃതവുമായ ആകാശങ്ങൾ ആവശ്യമാണ്. എഴുത്തുകാരനെ അത് ഒന്നുകൂടി ജനിക്കാൻ പ്രലോഭിപ്പിക്കുകയാണ്. ഈ പ്രലോഭനമാണ് തെക്കൻദേശം, പരേതൻ, ഒരു ജർമ്മൻ ചരമഗീതം എന്നീ കഥകളിൽ കാണാനാകുന്നത്. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ പിഴുതെറിഞ്ഞുകൊണ്ട് ബോർഹസ് ഇങ്ങനെ വിശദീകരിക്കുന്നു: “അയഥാർത്ഥവസ്തു, അയഥാർത്ഥ സംഭവം എന്നൊക്കെ പറയുന്നതിൽ വൈരുദ്ധ്യമുണ്ടെന്നാണ് എന്റെ പക്ഷം. നിങ്ങൾ എന്തിനെക്കുറിച്ചാണോ പറയുന്നത് അല്ലെങ്കിൽ സ്വപ്നം കാണുന്നത്, അത് ആ നിലയിൽ യഥാർത്ഥമാണ്. യഥാർത്ഥം എന്ന വാക്കിന് വേറെ അർത്ഥമുണ്ടാകുമായിരിക്കും. എന്നാൽ അയഥാർത്ഥം എന്ന് പറയുന്നതിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.”
കാലത്തിന്റെ പുതിയ നിരാകരണം (എ ന്യൂ റെഫ്യൂട്ടേഷൻ ഓഫ് ടൈം) എന്ന ലേഖനത്തിൽ ബോർഹസ് ഓർമ്മിപ്പിക്കുന്നത്, തന്നെ ഭക്ഷിക്കാൻ കാലം എന്ന കടുവ പാഞ്ഞടുക്കുകയാണെന്നും എന്നാൽ താൻ തന്നെയാണ് ആ കാലമെന്നുമാണ്. യുക്തിയുടെ ഈ വൈചിത്ര്യമാണ് ബോർഹസ് കഥകൾ ഉള്ളിൽനിന്ന് നിർധാരണം ചെയ്യുന്നത്. ക്രമം തെറ്റിക്കിടക്കുന്ന ലോകത്ത്, ഉപേക്ഷിക്കപ്പെട്ട യുക്തികൊണ്ട് അദ്ദേഹം ഭാവനയുടെ ക്രമമുണ്ടാക്കുന്നു. അതാകട്ടെ ചെറുകഥയുടെ ഭാവിയെ കൂടുതലായി ആവശ്യപ്പെടുകയാണ്.
|
|
സി.ജെയുടെ കാതൽ/എം.കെ. ഹരികുമാർ
ഒഴുക്കിനൊത്ത് ഒഴുകുന്നവരാണ് അധികവും. എന്നാൽ ചിലപ്പോഴെങ്കിലും, താനാരാണെന്ന് ഓർക്കുന്ന ഘട്ടത്തിലെങ്കിലും, ഒഴുക്കിനെ വകവയ്ക്കാതെ എതിർദിശയിലേക്ക് നീന്തേണ്ടിവരും. മൂല്യവിചാരമുള്ള എഴുത്തുകാരുടെ കാര്യത്തിൽ ആരെയും അലോസരപ്പെടുത്താതെ, സുഖനിദ്രയിലുള്ള ഒഴുക്ക് ദുരന്തമായി കലാശിക്കും. എല്ലാ സംഘങ്ങൾക്കും പൊതുമതങ്ങൾക്കും സമാന്തരമായോ, അവയിൽ നിന്ന് അൽപം അകലം പാലിച്ചോ ഒഴുകേണ്ടത്, ആത്മീയമായ നിലവാരത്തിന്റെ പ്രശ്നമാണ്. വേറിടുക എന്നത് സാഹിത്യത്തിലെങ്കിലും അനിവാര്യതയാണ്.
നൃത്തം ചെയ്യുന്നവർക്ക് മനോധർമ്മം പ്രകടിപ്പിക്കാമെങ്കിലും, സ്വാതന്ത്ര്യമില്ല. അവർ ഒരു താളത്തിന്റെ ആവർത്തനത്തെ ശരീരത്തിൽനിന്ന് വിട്ടുപോകാതെ സൂക്ഷിക്കാൻ ബാധ്യസ്ഥരാണ്. സി.ജെ. തോമസിന്റെ ‘ഇവൻ എന്റെ പുത്രൻ’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് ഇപ്പോൾ വായിച്ചതേയുള്ളൂ. സി.ജെയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ട് തയ്യാറാക്കിയ ഗ്രന്ഥമാണിത്. (പ്രസാ: മാളുബൻ) ലേഖനങ്ങളിൽ പരാമർശിച്ചു പോകുന്ന പാശ്ചാത്യനാമങ്ങളുടെ വിശദീകരണം പുസ്തകത്തിന്റെ ഒടുവിൽ ചേർത്തത് അതിനു തെളിവാണ്.
1953-ലാണ് സി.ജെയുടെ ഈ ‘പ്രിയപുത്രൻ’ യാത്ര തുടങ്ങിയത്. അതിനും വർഷങ്ങൾക്ക് മുമ്പ് എഴുതിയതാണിതെല്ലാം. ചില വിഷയങ്ങളിലുള്ള അഭിപ്രായങ്ങൾക്ക് മാറ്റം വന്നിട്ടുണ്ടെങ്കിലും, അത് സത്യസന്ധമാണെന്നും അതിൽ നിന്ന് കുറച്ചെങ്കിലും വെളിച്ചം കിട്ടാതിരിക്കില്ലെന്നും അദ്ദേഹം അറിയിക്കുന്നുണ്ട്.
സി.ജെ. ഇന്നൊരു ബിംബമാണ്. അതിനെ യഥാർത്ഥ മൂല്യത്തിൽ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നവരേറെയുണ്ടെങ്കിലും, ഒരു സ്വതന്ത്രചിന്തകനായി അദ്ദേഹം നിലനിന്നു എന്നത് അംഗീകരിക്കാതെ തരമില്ല. ഒരിടത്തും ഉറച്ചിരിക്കാൻ പറ്റാത്തവിധം ചിന്തയുടെ ലഹരിയിൽ അകപ്പെടുക എന്നത് ഏകാന്തത്തയുടെ നല്ല ലക്ഷണമാണ്. ഇന്നത്തെ കവികളെപ്പോലെ കൂട്ടുംകൂടി, തോളിൽ കയ്യിട്ട് നടന്ന് ഒരുപോലെ ചിന്തിക്കുന്നതിൽ അർത്ഥമില്ല. മറ്റ് എഴുത്തുകാരോടൊപ്പമാണെങ്കിലും സ്വന്തം ചിന്ത എന്ന പ്രലോഭനത്തിലേക്ക് ഉയരണം. സ്വയം എരിഞ്ഞുതീരാനുള്ള തീയാണത്. അവനവന്റെ ഒറ്റപ്പെടലിനെ ഒരാത്മാലോചനയുടെ വസന്തമാക്കി പുനരാഖ്യാനം ചെയ്യാൻ കഴിവുള്ളവർക്കേ അതിനു കഴിയൂ. സി.ജെയെ മനസിലാക്കാൻ കഴിവില്ലാത്തവർ ഇപ്പോൾ ആ പേരിൽ രക്ഷപ്പെടുകയാണ്.
സി.ജെയുടെ വ്യക്തിഗതമായ വിചാരങ്ങളാണ് പ്രിയപുത്രനെ ശക്തനാക്കുന്നത്. പലതും ഇപ്പോഴും പ്രസക്തമാണ്. ആഴത്തിൽ പഠിക്കുകയോ ദീർഘമായി വിവരിക്കുകയോ അല്ല ഇവിടെ അദ്ദേഹം ചെയ്യുന്നത്. സ്വയം ബോധ്യപ്പെടുന്നതിനും കൂട്ടമായി ചിന്തിക്കുന്നവരിൽ നിന്ന് അൽപം അകലം പാലിക്കുന്നതിന്റെ സുഖം കെട്ടുപോകാതിരിക്കുന്നതിനും ഒരാളുടെ ബുദ്ധിപരമായ വിശപ്പുകൊണ്ടെഴുതിയ വാക്യങ്ങളാണിതിലുള്ളത്. എന്നാൽ മലയാള സാഹിത്യവും അതിന്റെ പ്രണേതാക്കളും ഈ പുസ്തകത്തോട് അത്ര വലിയ താൽപര്യമൊന്നും കാണിച്ചിട്ടില്ല. കാരണം, എന്തിന്റെയെങ്കിലും വാലല്ലാതെ, ഒറ്റയ്ക്ക് നിന്ന് ആത്മവികാരത്തിന്റെ വാളുകൊണ്ട് ജീവിക്കാനുറച്ചവർ ഈ നാട്ടിൽ കുറവാണല്ലോ. 1953-ൽ ആദ്യ പതിപ്പി ഇറങ്ങിയ ‘പ്രിയപുത്രന്’ ഒരു രണ്ടാം പതിപ്പ് വന്നത് 1965-ലാണ്; അതും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിലൂടെ.
സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ധൈഷണികമായ അനാചാരങ്ങളെക്കുറിച്ചും സാമാന്യമായ ജ്ഞാനോദയങ്ങൾക്കുവേണ്ടി ഏകാകികൾ കുരിശിലേറിയിട്ടാണെങ്കിലും ചെയ്യുന്ന വിപ്ലവകരമായ ഭാഷണത്തെക്കുറിച്ചുമാണ് ഇതിലെ ലേഖനങ്ങളിൽ പ്രതിപാദിക്കുന്നത്.
മഹാനായ കേസരിയെ സാംസ്കാരിക ബുദ്ധിജീവികൾ മുഖ്യമായും തെറി പറയുകയാണ് ചെയ്തതെന്ന് സി.ജെ. കുറ്റപ്പെടുത്തുന്നു. അന്ധതയുടെ പ്രതിഷേധമാണ് ജ്ഞാനത്തിനുള്ള പ്രശംശാപത്രമെന്ന് സി.ജെ. തുടർന്നെഴുതുന്നു. അത് കുറേക്കൂടി ഉച്ചത്തിൽ സമർത്ഥിക്കുന്നത് ഇങ്ങനെയാണ്: “നിലനിൽപു ലഭിച്ച ഏത് ചിന്താഗതിയും മതമായിത്തീരും, ഏത് മതവും ജ്ഞാനത്തിനൊരതിരുവയ്ക്കും. അതിനപ്പുറമുള്ളതിനെയെല്ലാം ആ മതത്തിന്റെ പുരോഹിതന്മാർ ശപിക്കുകയും ചെയ്യും. റഷ്യൻകവി മയക്കോവ്സ്കിയെ സി.ജെ. വിലയിരുത്തുന്നതിന് സ്വാഭാവികതയുണ്ട്. രണ്ടുപേർക്കും ചില പൊരുത്തങ്ങളൊക്കെയുണ്ട്. പാർട്ടിക്കുവേണ്ടി ഒരുപാട് വരയ്ക്കുകയും എഴുതുകയും ചെയ്തു മയക്കോവ്സ്കി. പക്ഷേ, പാർട്ടി അംഗമായില്ല. അദ്ദേഹം പാർട്ടി നേതാക്കളുടെ സാഹിത്യപരമായ ശാസനകളെ വകവച്ചില്ല എന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. അദ്ദേഹത്തിൽ പ്രത്യശാസ്ത്രമുണ്ടായിരുന്നെങ്കിലും കുത്തഴിഞ്ഞ് ജീവിക്കാനായിരുന്നു വിധി. അദ്ദേഹം ഒരു സമസ്യയായിരുന്നു. മയക്കോവ്സ്കി യുവതികളുടെ പിറകേ നടന്ന് സമയം പാഴാക്കിയെന്ന് സി.ജെ. എഴുതുന്നത് അദ്ദേഹത്തെ സ്നേഹിച്ചുകൊണ്ടാണ്. എത്രയൊക്കെ വളർന്നെങ്കിലും ആ കവി തന്റെ ലോകത്ത് ഒറ്റപ്പെട്ടു; ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെ എഴുതി: “പ്രേമനൗക ദൈനംദിന ജീവിതത്തിന്റെ പാറമേൽ മുട്ടിത്തകർന്നു. ഞാൻ ജീവിതത്തിന്റെ കണക്കുതീർത്തു. വിമർശനം പാഴാണ്; ദുഃഖങ്ങൾ, ദൗർഭാഗ്യങ്ങൾ, പരസ്പര ദ്രോഹങ്ങൾ എന്നിവയും.”
മയക്കോവ്സ്കി ഒരു മനുഷ്യന്റെ ദൗർബല്യങ്ങളെല്ലാമുള്ള കവിയായിരുന്നു. അത് യാഥാർത്ഥ്യമാണെങ്കിൽ ചങ്ങമ്പുഴയ്ക്കും ആത്മഹത്യ ചെയ്ത ഇടപ്പള്ളിക്കും അങ്ങനെ ആയിക്കൂടെ എന്നാണ് സി.ജെയുടെ ചോദ്യം.
സി.ജെയ്ക്ക് രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും അതിലൊന്നിലും ഗാഢമായി വിശ്വസിച്ചില്ല. തനിക്ക് എപ്പോഴും വലിച്ചെറിയാവുന്ന കൂടാരങ്ങൾ മാത്രമാണ് അദ്ദേഹം അന്വേഷിച്ചതു. ഒരു കാര്യം വ്യക്തമാണ്; കമ്മ്യൂണിസം അദ്ദേഹത്തെ വല്ലാതെ പ്രലോഭിപ്പിക്കുകയും ഉലയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഭാഗത്ത് സാമൂഹ്യമനുഷ്യനാകാനും അതിനു ഗതി കാണിച്ചുകൊടുക്കാനുമുള്ള പ്രേരണയുണ്ടാവുന്നു, മറുവശത്ത് താൻ ജീവിച്ചിരിക്കുന്നതുകൊണ്ടാണ് ഈ പ്രപഞ്ചമുള്ളതെന്നും അതുകൊണ്ട് ആദ്യത്തേത് തന്റെ അസ്തിത്വത്തെ അംഗീകരിക്കുക എന്നതാണെന്നും സ്ഥാപിക്കുന്ന വ്യക്തിവാദവും. ഇത് സി.ജെയുടെ സംഘർഷ ബിന്ദുവായിരുന്നു. വ്യക്തി എന്ന വാക്ക് ഉപയോഗിക്കുന്നതിനെ ഒരു മഹാപാതകമായി കാണുന്ന സാമൂഹ്യവാദത്തെ ഉൾക്കൊള്ളാൻ പ്രായസമാണെന്ന് ‘ഞാൻ’ എന്ന ലേഖനത്തിൽ എഴുതുന്നുണ്ട്. വ്യക്തിയായിരിക്കാൻ താത്പര്യപ്പെടുന്ന സി.ജെയിൽ സമൂഹത്തിന്റെ പ്രകമ്പനങ്ങളുമുണ്ട്. പക്ഷേ, ഔദ്യോഗികമായ ചിന്താപദ്ധതികളോട് ഒത്തൊരുമിച്ച് പോകാൻ കഴിയാത്ത സഹജമായ വിയോജിപ്പ്, പ്രതിഷേധം ഈ എഴുത്തുകാരനെ വിടാതെ പൈന്തുടരുന്നുണ്ട്. അതാണ് സി.ജെയുടെ കാതൽ. സൗന്ദര്യമല്ല, വ്യക്തിയുടെ ഉയിർപ്പാണ് അദ്ദേഹത്തിനു പ്രധാനമെന്നത് വിമർശിക്കപ്പെടാവുന്നതാണ്. മനുഷ്യന്റെ പരിശുദ്ധി നശിപ്പിച്ചുകൊണ്ടുള്ള ആദർശലോകത്തെ അദ്ദേഹം തള്ളിക്കളയുന്നു.
എങ്കിലും സി.ജെ. ഒരു പ്രണയിയാണ്. പ്രേമമില്ലെങ്കിൽ മനുഷ്യൻ ജീർണിക്കുമെന്ന നിലപാടാണുള്ളത്. പ്രേമത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ പാരമ്പര്യം വളരെ വൃത്തികെട്ടതാണെന്ന് അദ്ദേഹം പറയുന്നുണ്ട്. സ്നേഹമാണഖിലസാരമൂഴിയിൽ എന്ന ആശാൻ തത്ത്വം താൻ ഉച്ചത്തിൽ വിളിച്ചു പറയുമെന്നും പ്രഖ്യാപിക്കുന്നു. ഈ പുസ്തകത്തിലെ മനോഹരമായ ലേഖനം ‘പ്രേമം ഒരു സിദ്ധിയാണ്’ എന്നതാണ്. പ്രേമം മനുഷ്യത്വമാണ്. പ്രേമം വിമോചനമാണ്. അതിനെ, പക്ഷേ ഉൾക്കൊള്ളാൻ നമ്മുടെ സമുദായം വളർന്നിട്ടില്ല എന്ന പ്രസ്താവം അടുത്തകാലത്ത് കേരളത്തിൽ നടന്ന ദുരഭിമാനക്കൊലയുടെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതാണ്. “ഏതെങ്കിലും ഒരു പുരുഷനും സ്ത്രീയും തമ്മിൽ പ്രേമമാണെന്ന വർത്തമാനം ഇന്ന് അപവാദങ്ങളുടെ പട്ടികയിലാൺപെടുന്നത്” എന്ന് അദ്ദേഹം തുറന്നെഴുതുന്നു.
ഒരു ആധുനിക മനുഷ്യനെ സ്വപ്നം കണ്ടുകൊണ്ടാണ് സി.ജെ. ചിന്തിച്ചതും എഴുതിയതും.
പുനരാലോചനകളിലൂടെ, മനുഷ്യരെ അവരുടെ ഉന്നതമായ സിദ്ധികളിലേക്കും സംസ്കാരത്തിലേക്കും എത്തിക്കുന്നതിനാണ് അദ്ദേഹം പ്രയത്നിച്ചതു. അതാണ് സി.ജെയുടെ പ്രസക്തി. സി.ജെ. ഒരാശ്രയ കേന്ദ്രമല്ല; ഒരാശയത്തെ സമീപിക്കാനുള്ള മാർഗമാണ്.
ചങ്ങമ്പുഴയെ സി.ജെ. മാനിക്കുന്നത് പ്രേമകവിതകളെഴുതിയതിന്റെയും ജനകീയതയുടെയും അടിസ്ഥാനത്തിലാണ്. എന്നാൽ കുറേക്കൂടി ആശയപരമായ ഔന്നത്യവും ദാർശനികതയും കവിതയിൽ വരുന്നത് സി.ജെക്ക് ഉൾക്കൊള്ളാൻ പ്രയാസമാകുന്നപോലെ തോന്നുന്നു. അദ്ദേഹത്തിന്റെ വിലയിരുത്തൽ ദുർബലമാകുന്നുണ്ടെങ്കിൽ, അതിനു കാരണം കലയിൽ സൗന്ദര്യത്തിനാണ് ഏറ്റവും പ്രാധാന്യം എന്ന തത്ത്വത്തിൽ നിന്ന് അകന്നുപോകുന്നതുകൊണ്ടാണ്. ഉത്തമകല സാധാരണക്കാരന് മാനസിലാകുന്നില്ലെന്നും അത് കലയിലെ രണ്ടാമത്തെ നിലവാരമാണെന്നും അഭിപ്രായപ്പെടുന്നത് ഇതുകൊണ്ടാണ്. “ഉദാഹരണമായി ആശാന്റെ കവിതകളെടുക്കാം. സാധാരണക്കാരനു മനസിലാക്കാൻ വിഷമമുള്ളവയാണവ” എന്ന നിലപാടിനോട് യോജിക്കാനാവില്ല. ആശാൻ സൃഷ്ടിച്ച ജീവിത മുഹൂർത്തങ്ങൾ അനന്യമാണ്. അസാധാരണവും ദർശനപരവുമാണ്. കവിതയുടെ പ്രമേയം, സാമൂഹ്യതലം, ആത്മീയതലം എന്നീ മൂന്നു മേഖലകളിലും ആശാൻ നവോത്ഥാനമുണ്ടാക്കിയത് സി.ജെ. കാണുന്നില്ല.
|
|
പുനത്തിലിന്റെ നഷ്ടപ്പെടാത്ത ജാതകം/എം.കെ. ഹരികുമാർ
അനുഭവങ്ങളെ നമ്മൾ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് പതിവ്. അതുകൊണ്ട് രാഷ്ട്രീയക്കാരും ബിസിനസുകാരും തൊഴിലാളികളുമെല്ലാം ആത്മകഥയെഴുതുന്നുണ്ട്. ആത്മകഥയും ഓർമ്മക്കുറിപ്പുകളും തമ്മിൽ അന്തരമുണ്ട്. ആത്മകഥകൾ ഒരാളുടെ സമ്പൂർണ ജീവിതകഥയാണെങ്കിൽ, ഓർമ്മക്കുറിപ്പുകൾ ഏതെങ്കിലുമൊരു പാർശ്വത്തെക്കുറിച്ചായിരിക്കും. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖരായ ധാരാളം എഴുത്തുകാർ ആത്മകഥയെഴുതിയിട്ടുണ്ട്. അതിൽ ജീവിതവും കഥയുമുണ്ട്. എഴുത്തുകാരുടെ ആത്മകഥകൾ വ്യത്യസ്തമാകുന്നത് അതിന്റെ അവതരണത്തിൽ കഥാനുരൂപമായ ഘടന വന്നുചേരുന്നതുകൊണ്ടാണ്. കഥപറച്ചിൽ ഒരു വിധിയായി ഏറ്റെടുത്തിട്ടുള്ളവർ എന്തെഴുതിയാലും അതിൽ നർമ്മവും കൽപിതകഥാംശവും ഇടംപിടിക്കും.
‘എ മൂവബിൾ ഫീസ്റ്റ്’ എന്ന പേരിൽ പ്രശസ്ത കഥാകൃത്ത് ഹെമിംഗ്‌വേ എഴുതിയ സ്വന്തം കഥ വളരെ പ്രചാരം നേടി. ഗാർസിയാ മാർകേസിന്റെ ‘ലിവിംഗ് ടു ടെൽ ദ് ടെയിൽ’ ഒരു നോവൽ പോലെയാണ് വായനക്കാർ സ്വീകരിച്ചതു. യാതൊരു ബുദ്ധിജീവി പരിവേഷവുമില്ലാതെ ഉള്ളത് അതുപോലെ തുറന്നുപറയുന്ന എഴുത്തുകാർ മലയാളത്തിലുമുണ്ട്. പുനത്തിൽ കുഞ്ഞബ്ദുള്ളയാണ് അതിൽ മുന്നിൽ. അദ്ദേഹത്തിന്റെ ആത്മകഥ ‘നഷ്ടജാതകം’ ണല്ലോരു കടന്നുകാണലും കലാത്മകമായ അനുഭവവുമാണ്. ‘സ്മാരകശിലകളും’ ‘മരുന്നും’ എഴുതിയ വായനക്കാർ അറിഞ്ഞിട്ടില്ലാത്ത പുനത്തിൽ ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സമ്പൂർണ ജീവിതമല്ലിത്. അദ്ദേഹത്തെ ആകർഷിച്ച, കുറെ ത്രസിപ്പിക്കുന്ന നിമിഷങ്ങൾ നഗ്നമായി ആഗതരാവുന്നു. ചമയങ്ങളില്ല എന്ന് പറഞ്ഞതുകൊണ്ട് ഇതിലെല്ലാം നഗ്നതാണ്ഡവമാണെന്ന് തെറ്റിദ്ധരിക്കണ്ട. ഭാഷയുടെ ഭംഗിയും ജീവിതസൗന്ദര്യത്തോടുള്ള അടങ്ങാത്ത ആസക്തിയുമാണ് ഈ ആത്മകഥാഖ്യാനത്തെ കലയോട് അടുപ്പിക്കുന്നത്. ഏതിലും കലയുണ്ട്. ഒരാൾ നടക്കുന്നതിൽ പോലുമുണ്ട്. ചാർളി ചാപ്ലിന്റെ നടപ്പ് എത്രയോ പ്രശസ്തമാണ്! അതിൽ കലയുടെ തലമുണ്ട്. ആ നടപ്പ് യൂറോപ്യൻ യുദ്ധഭീതിയുടെയും മുതലാളിത്ത വെറിയുടെയും ഫലമായ വിറയലിന്റെ നേർചിത്രമാണ്.
പുനത്തിലിന്റെ വ്യക്തിഗതമായ ഓർമ്മകൾ ചെന്നുചേരുന്നത് ഭൂതകാലത്തെ മറ്റൊരു രീതിയിൽ വാർത്തെടുക്കുന്നതിലാണ്. ഒരാൾ സ്വന്തം കഥയെഴുതുമ്പോൾ, അതിൽ സ്വയം കേന്ദ്രമായി മാറും. അവനവന്റെ ഭയാശങ്കകളും സൗന്ദര്യപരമായ ഉത്ക്കണ്ഠകളും ചരിത്രത്തിലെ വിശേഷപ്പെട്ട അറിവുകളായി രൂപാന്തരപ്പെടും. ആത്മകഥ ഒരാളെ പരിവർത്തിപ്പിക്കുന്നു. അയാൾ ജീവിച്ച പൂർവകാലത്തിന്റെ വഴികളെ അത് വീണ്ടും പ്രകാശമാനമാക്കുന്നു. അതിലെ ഇരുണ്ട ഇടനാഴികകളും അടക്കിപ്പിടിച്ച കരച്ചിൽ ശബ്ദങ്ങളും സവിശേഷാർത്ഥ ധ്വനികളായി പുറപ്പെട്ടുവരും. അയാൾ ഒരു ലോകത്തിന്റെ കേന്ദ്രമാവുന്നു. തന്നിലേക്ക് ഒഴുകിയെത്തിയ ലോകവും താൻ നീന്തിക്കയറിയ ലോകവും വേർതിരിഞ്ഞു കിട്ടുകയാണ്. ഒ.വി. വിജയൻ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ ‘പഥികന്റെ കാലിലെ വ്രണം’ എന്നെഴുതിയത് എത്രയോ അർത്ഥവത്താണെന്ന് ഓർത്തുപോകുന്നത് ഇവിടെയാണ്. പുനത്തിൽ മൂന്നാമത്തെ അദ്ധ്യായത്തിൽ സ്കൂൾ വിദ്യാഭ്യാസകാലത്തെ അനുസ്മരിക്കുന്ന ഭാഗം ശ്രദ്ധിക്കേണ്ടതാണ്. പള്ളിക്കൂടത്തിന്റെ കിഴക്കുഭാഗത്തുള്ള ദേവാലയത്തിൽ തനിച്ചുപോയതിനെ തുടർന്നുണ്ടായ സംഭവങ്ങൾ എഴുതുന്നു: “ദേവാലയത്തിന്റെ കിഴക്കുഭാഗത്തുള്ള വലിയ കുളത്തിന്റെ പടവുകളിൽ ഭക്തന്മാർ ഇരിക്കുന്നു. ചിലർ രണ്ടു കൈകൊണ്ടും വെള്ളം കോരിയെടുത്ത് ദേഹശുദ്ധി വരുത്തുന്നു. ചിലർ പ്രാർത്ഥിക്കുന്നു. ചിലർ ചിന്തകളിൽ ആമഗ്നരായിരിക്കുന്നു. കുളത്തിലെ വെള്ളം ഇരുണ്ടിട്ടുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങൾ ചുറ്റും ഇരുട്ട് പരത്തിയിരിക്കുന്നു. അവ കാവൽക്കാരെപ്പോലെ നിലകൊള്ളുകയാണ്. നിബിഡമായ വൃക്ഷത്തലപ്പുകൾക്കുമേലെ ആകാശം വെളുത്തുനരച്ചു കിടന്നു. കുറച്ചകലെ കുട്ടികളുടെ കുഴിമാടങ്ങൾ കണ്ടു. ഒന്നിനരികെ ഒരു വൃദ്ധൻ കരഞ്ഞുകൊണ്ട് നിൽക്കുന്നു. വൃക്ഷങ്ങൾക്കിടയിലൂടെ കടന്നുവരുന്ന കിരണങ്ങൾ അയാളുടെ താടിരോമങ്ങളിൽ മിന്നാട്ടമിട്ടുകൊണ്ടിരുന്നു.” ഇത് വെറുമൊരു ആത്മകഥാ സംഭവമല്ല; അതിലുപരിയാണ്. തന്റെ ഓർമ്മകൾക്ക് ഓരം ചേർന്ന് താൻ എങ്ങനെ ജീവിച്ചു എന്ന് വ്യക്തമാക്കുന്ന വൈകാരിക ഭാഗമാണിത്. ഒരാൾ തന്റെ ജീവിതത്തിന്റെ ഓഹരി അവ്യക്തത്തകളിൽ നിന്ന് മൂർത്ത രൂപത്തിലേക്ക് കൊണ്ടുവരുകയാണ്.
ജീവിച്ചിരിക്കുന്നതിന്റെ തെളിവായി ഈ വാക്കുകൾ പറയുകയാണ്. ഹെമിംഗ്‌വേ അത് പറഞ്ഞിട്ടുണ്ട്, തന്റെ അസ്തിത്വം ഒരു യാഥാർത്ഥ്യമാണെന്ന് ബോധ്യപ്പെട്ടത് എഴുതിയപ്പോഴാണെന്ന്. എല്ലാ എഴുത്തുകളിലും ഇത് ഉണ്ടാകണമെന്നില്ല. ജീവിക്കുന്നതിന്റെ ലഹരിയിലാണ് ആ വാക്കുകളെങ്കിൽ മാത്രമേ അതിനു അർത്ഥമുള്ളൂ. മരണവും ആകാശവും ഒരു പെയിന്റിംഗിലെന്നപോലെ ആ കുട്ടിയുടെ മനസിനെ ആവേശിച്ചിരുന്നു. ഇത് പിൽക്കാലത്ത് പുനത്തിൽ കണ്ടെത്തിയതാണ്. ഒരിക്കലും ഭൂതകാലം സമ്പൂർണമല്ല. അത് ആവശ്യാനുസരണം വിപുലമാക്കേണ്ടതാണ്. അത് അനന്തമായ ആശയങ്ങളെയും അർത്ഥങ്ങളെയും വഹിക്കുന്നു.
ഉറൂബിനെ കണ്ട കാര്യം ഓർക്കുന്നത് ഒരു കുട്ടിയുടെ മനസ്സോടെയാണ്:
“കടത്തനാട് നാരായണൻ എന്റെ തൊട്ടുമുകളിൽ വിദ്യാർത്ഥിയായിരുന്നു. കടപ്പുറത്തുകൂടെ ഒരു വൈകുന്നേരം ഞങ്ങൾ സൊള്ളിച്ചുകൊണ്ട് നടക്കാനിറങ്ങിയപ്പോൾ ഞങ്ങളുടെ മുന്നിൽ ഉറൂബ് പോകുന്നതുകണ്ടു. ഞങ്ങൾ ധൃതിയിൽ നടന്ന് ഉറൂബിനെ പിന്നിൽനിന്ന് തൊട്ടു. ഉറൂബ് തിരിഞ്ഞ് ഞങ്ങളെ നോക്കി. “ഉറൂബല്ലേ?” എന്ന് ഞങ്ങൾ ചോദിച്ചു. ‘അതെ” എന്ന് അദ്ദേഹം സ്വതസിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞു. പിന്നെ ഞങ്ങൾ അധികം താമസിച്ചില്ല. ഉടനെ തിരിഞ്ഞു നടന്നു.”
ഇതുപോലുള്ള നിഷ്കളങ്കതകൾ ഇപ്പോൾ ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ കാണാനില്ല. ബാല്യകാല വിസ്മയങ്ങൾ വംശനാശം വന്നുകഴിഞ്ഞു. ആ വിസ്മയങ്ങൾ മറ്റൊന്തെക്കെയോ സോദേശ്യകാര്യങ്ങളായി പുനർജനിച്ചതാകാം.
മറ്റൊരു പ്രധാന സംഭവം അമ്മയെക്കുറിച്ചുള്ളതാണ്. തുറക്കാത്ത ഒരു ഗ്രന്ഥമായിരുന്നു അമ്മയെന്ന് പുനത്തിൽ സൂചിപ്പിക്കുന്നുണ്ട്. അമ്മയ്ക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നത്രേ. താൻ കണ്ട അമ്മയെ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു: “അമ്മ ഈ ലോകത്തോടുള്ള മമത പുലർത്തിയത് ആ കിളിവാതിൽ വഴിയാണ്. മണിക്കൂറുകളോളം അമ്മ കിളിവാതിലിന്റെ അഴികളിൽ പിടിച്ച് കുന്നിൻപുറത്തേക്കും ആകാശത്തേക്കും നോക്കും. ഇടയ്ക്ക് പതിഞ്ഞ സ്വരത്തിൽ എന്തോ പിറുപിറുക്കുന്നതും കേൾക്കാം. വർണമേഘങ്ങൾ ആകാശച്ചെരുവിൽ ഉയരുമ്പോൾ അമ്മ കൈകൾ പുറത്തിട്ട് അതിനു സ്വാഗതം പറയും. കരിമേഘങ്ങൾ കാണുമ്പോൾ പതുക്കെ ചിരിക്കും. എന്നിട്ടതിനെ മാടിവിളിക്കും. പിന്നീട് മഴ കൊണ്ടിട്ടെന്നവണ്ണം ടർക്കിഷ് തൂവാലകൊണ്ട് തല തുടയ്ക്കാൻ തുടങ്ങും.”
ഏകാന്തത്തയിൽ ഒരു സ്വതന്ത്രലോകമായി ഒറ്റതിരിഞ്ഞ അമ്മ പുനത്തിലിന് ദൂരങ്ങൾ താണ്ടിയെത്തിയ നനവുള്ള സ്നേഹസ്മൃതിയാണ്. ഒരിക്കൽ പോലും തന്നെ നോക്കിയിട്ടില്ലെന്ന് പറയുമ്പോഴും അദ്ദേഹം ആ അമ്മയെ തന്റെ മനസിന്റെ മണ്ണിൽ നിന്ന് അനാവരണം ചെയ്യാൻ ഉത്സുകനാവുന്നു.
ഉരുനിർമ്മാതാവായ വലിയമ്മാവന്റെ കൂടെ ബേപ്പൂരിൽ താമസിച്ചപ്പോഴാണ് ബിരിയാണി ആദ്യമായി കഴിച്ചതു. “ബരിയാണി എന്ന് കേട്ടതല്ലാതെ അത് രുചിക്കാൻ കഴിഞ്ഞിട്ടില്ല. കാരക്കാട്ടിലെ വീട്ടിൽ നെയ്ച്ചോറുണ്ടാക്കാറുണ്ട്. പക്ഷേ, ബിരിയാണി ഉണ്ടാക്കുന്ന പാചകവിദ്യ ആർക്കും അറിയില്ലായിരുന്നു. കോഴിക്കോട് മിഠായിത്തെരുവിലെ ലക്കി ഹോട്ടലിൽ ഒരുറുപ്പിക കൊടുത്താൽ ഒരു പ്ലേറ്റ് കോഴിബിരിയാണി കിട്ടുമെന്ന് കേട്ടിരുന്നു. അന്തപ്പുരത്ത് തീൻമുറിയിൽ സുപ്രയ്ക്ക് (വട്ടപ്പായ) ചുറ്റും ഞങ്ങൾ കുട്ടികളെ വട്ടത്തിലിരുത്തി വലിയ സാണിൽ (പിഞ്ഞാണം) ബിരിയാണി കൊണ്ടുവന്നു നടുവിൽ വച്ചുതന്നത് ഇന്നലെയെന്നപോലെ ഓർമ്മയുണ്ട്. ആദ്യത്തെ പിടി തിന്നപ്പോൾ എനിക്ക് ഛർദ്ദിവന്നു.”
അലിഗഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ ദൽഹിയിൽ സന്ദർശനം നടത്തിയ കാര്യം അത്യുൽസാഹത്തോടെ വിവരിക്കുന്നുണ്ട്. എം. മുകുന്ദനെ അന്വേഷിച്ച് അദ്ദേഹത്തിന്റെ താമസസ്ഥലത്ത് പോയി. ചേട്ടൻ എം. രാഘവന്റെ കൂടെയാണ് മുകുന്ദന്റെ താമസം. മുകുന്ദന് ജോലി ആയിട്ടില്ല. ഫ്രഞ്ച് ഡിപ്ലോമ കോഴ്സിനു പഠിക്കുകയായിരുന്നു. ഭക്ഷണം കൊടുക്കാൻ രാഘവനു സന്തോഷമേയുള്ളൂ. എന്നാൽ മദ്യത്തിന്റെ കാര്യത്തിൽ അങ്ങനെയല്ലെന്ന് പുനത്തിൽ സാക്ഷ്യപ്പെടുത്തുന്നു. “മുകുന്ദൻ രാഘവേട്ടനെ വെട്ടിച്ച് ഫ്രഞ്ച് മദ്യം സംഘടിപ്പിക്കും. ബാൽക്കണിയിലിരുന്ന് ഞങ്ങൾ അത് നുണയും”- അദ്ദേഹം ഓർക്കുന്നു.
ജീവിതത്തിൽ എന്തായിത്തീരണമെന്ന ഒരു ലക്ഷ്യമില്ലാതെയാണ് അദ്ദേഹം പഠിച്ചുകൊണ്ടിരുന്നത്. ജീവിതം പഠിക്കണമെന്നുണ്ടായിരുന്നു. ജീവിതം മുൻനിശ്ചയപ്രകാരമുള്ള ഒരു നിർമ്മിതിയല്ലെന്ന് തോന്നിയിരുന്നു. കുട്ടിക്കാലം കളികളിൽ മുങ്ങിത്താഴ്‌ന്നു. “ബോധം വരുമ്പോൾ അതാ, ജീവിതത്തിന്റെ രാത്രി എത്തിയിരിക്കുന്നു.”
പുനത്തിൽ പോലീസുകാരനാവാൻ ആഗ്രഹിച്ചിട്ടുണ്ട്. എഞ്ചിൻ ഡ്രൈവറായാലും കുഴപ്പമില്ല. കുതിരസവാരിക്കാരന്റെ പണിയും ഇഷ്ടമായിരുന്നു. വായനയും എഴുത്തും നേരത്തെതന്നെ ഹരമായിരുന്നു. ആ ഉറപ്പിന്മേലാണ് പ്രോഫ. എം.എൻ. വിജയന്റെ മുറിയിലേക്ക് ചെന്നത്. പൂരിപ്പിച്ച അപേക്ഷാഫോറം അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു. എന്താണ് കാര്യമെന്ന് തിരക്കിയ വിജയനോട് അനുഗ്രഹിക്കണമെന്ന് പറഞ്ഞു. അതിനു താൻ ഗുരുവല്ലെന്നായി വിജയൻ. വിജയൻ ഇങ്ങനെ പറഞ്ഞു:
“കുഞ്ഞബ്ദുള്ളാ. കഥയെഴുതാൻ മലയാളം എം.എ. പഠിക്കേണ്ടതില്ല. കഥയെഴുതാൻ അക്ഷരം മാത്രം അറിഞ്ഞാൽ മതി.”
അപേക്ഷാ ഫോറം ഉള്ളം കയ്യിലിട്ട് ചുരുട്ടിക്കൊണ്ടിരുന്നു. എനനിട്ട് ഇതുകൂടി പറഞ്ഞു:
” എം.എ. പാസായാൽ ഭാഷാധ്യാപകനാവാം. പക്ഷേ അതിലും നല്ലത് ആത്മഹത്യചെയ്യുന്നതാണ്. കുഞ്ഞബ്ദുള്ള മെഡിക്കൽ കോളജിൽ ചേർന്നോളൂ. ഒരു ഡോക്ടറായി തിരിച്ചുവരൂ. ഒരുപാട് കഥകൾ എഴുതാനാവും.” ആ അപേക്ഷാഫോറം വിജയൻ ചുരുട്ടി ചവറ്റുകുട്ടയിലെറിഞ്ഞു.
പുനത്തിലിന്റെ ജീവിതകഥ പൊങ്ങച്ചമോ വെറുപ്പോ പ്രകടിപ്പിക്കുന്നില്ല. മറ്റുള്ളവർക്കൊപ്പം നീങ്ങുക എന്ന സഹവർത്തിത്വ മനോഭാവമാണ് ഇതിൽ തുടിക്കുന്നത്. ലോകസഞ്ചാരിയായ എസ്.കെ. പൊറ്റെക്കാടുമായുള്ള സഹവാസം ഈ പുസ്തകത്തെ ദീപ്തമാക്കുന്നുണ്ട്. സ്വന്തം പണം ചെലവാക്കി ലോകം കണ്ട് സഞ്ചാരക്കുറിപ്പുകളെഴുതിയ പൊറ്റെക്കാടിന്റെ ഭക്ഷണപ്രിയം പുനത്തിൽ വിവരിക്കുന്നതിൽ നർമ്മമുണ്ട്:
“വിഭവങ്ങൾ എവിടെ കണ്ടാലും വെട്ടിവിഴുങ്ങും. വലിച്ചുവാരിത്തിന്നും. ആദ്യം ബിരിയാണി. പിന്നെ ചോറും മത്സ്യവും അവിയലും സാമ്പാറും. അവസാനം പായസം. പായസത്തിനു മീതെ പുളിശ്ശേരിയും കൂട്ടി ഒരു പിടിച്ചോറ്.”
പുനത്തിലിന്റെ കഥകൾ വായിക്കുന്നതിനുമുമ്പ് ഈ ആത്മകഥ വായിക്കണം. കഥയുടെ വിചാരപ്പടർപ്പുകൾ തെളിഞ്ഞുവരും. ‘മരുന്ന്’ എന്ന നോവലിലും ‘ജീവച്ഛവങ്ങൾ’ എന്ന കഥയിലും കാണാനാവുന്ന ഡോ. മെഹ്ദി ഹസൻ യഥാർത്ഥ വ്യക്തിയാണ്. പോസ്റ്റുമോർട്ടം നടത്തുന്ന ചാറ്റർജി താളബോധവും സംഗീതവാസനയും ഒത്തിണങ്ങിയവനാണെന്ന നിരീക്ഷണം ആഴമുള്ളതാണ്: “ഏത് സമയത്തും അജ്ഞാതമായ ഏതോ ഒരു ഗാനത്തിന്റെ വീചികൾ അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് ഉതിർന്നുകൊണ്ടിരിക്കും.”
ഒരു കഥയിൽ മാത്രം നാം പ്രതീക്ഷിക്കുന്ന വാക്യങ്ങൾ യഥാർത്ഥ ജീവിതത്തിൽതന്നെ പ്രത്യക്ഷപ്പെടുന്നു. ഇത് അനുഭവങ്ങളുടെ സ്മാരകശിലകളാണ്. ജീവിതത്തിന്റെ വാർഡിലെ ഓർമ്മകളുടെ മരുന്നുമായി വരുകയാണ് ഒരു സാഹിത്യകാരൻ.
|
|






































