രോഗിയും ദരിദ്രനുമായ വിവേകാനന്ദൻ/എം.കെ. ഹരികുമാർ

സ്വാമി വിവേകാനന്ദൻ (1863-1902) ഇന്ത്യൻ യുവത്വത്തിന്റെ കീർത്തിയും പ്രതീകവും മിത്തും യാഥാർത്ഥ്യവുമായിരുന്നു. അദ്ദേഹം അമേരിക്കയിൽ ചെയ്ത പ്രസംഗം വൃദ്ധന്മാരും യാഥാസ്ഥിതികരും കരുതിവച്ച മതിലുകൾ തകർക്കുകയും ചെയ്തു. ഇന്ത്യയിലെ ഹിന്ദുമതം മതങ്ങളുടെ മതമാണെന്നും അത്‌ വാക്കുകൊണ്ടോ പേനകൊണ്ടോ ഉള്ള ഏതൊരു ആക്രമണത്തെയും എതിർക്കുമെന്നുമാണ്‌ പ്രഖ്യാപിച്ചതു. രാഷ്ട്രീയത്തിലും ചരിത്രത്തിലും കലുഷിതമായിത്തീർന്ന ഹിന്ദുമതത്തെ, വളരെ ശുദ്ധമാക്കി, അതിന്റെ അന്തര്യാമിയായ പ്രകാശത്തിന്റെ ഉപനിഷത്ത്‌ മാത്രം എടുത്ത്‌ സാക്ഷാത്കരിക്കുകയാണ്‌ സ്വാമി ചെയ്തത്‌. 
ഒരുപക്ഷേ സ്വാമിക്ക്‌ മാത്രം തിരഞ്ഞെടുക്കാവുന്ന വഴി. കേരളത്തെ ഭ്രാന്താലയമെന്ന്‌ വിളിച്ച സ്വാമിയെ നമുക്കൊക്കെ അറിയാം. എന്നാൽ കൂടുതൽ പേർക്കും അറിയാത്ത ഒരു സ്വാമി വിവേകാനന്ദനുണ്ട്‌. ദുഃഖിതനും രോഗിയും അശരണനും വൈകാരിക ആഘാതങ്ങളിൽ ഉഴറിയവനുമായ ഒരു സ്വാമി. ആ സ്വാമിയെ അവതരിപ്പിച്ച ബംഗാളി എഴുത്തുകാരൻ ശങ്കർ എന്ന മണിശങ്കർ മുഖർജിയുടെ പുസ്തകം ‘അറിയപ്പെടാത്ത വിവേകാനന്ദൻ’ എന്ന പേരിൽ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയ ജയേന്ദ്രൻ സത്യത്തെ തേടുന്ന പ്രവൃത്തിയാണ്‌ ചെയ്തിരിക്കുന്നത്‌. ലോകത്തിനു ആരാധ്യനായിത്തീർന്ന സ്വാമി അതിനുവേണ്ടി ചെയ്ത കഠിനമായ ജോലികൾ ഇതിൽ വിവരിക്കുന്നുണ്ട്‌. സ്വന്തം ശരീരത്തെയും സുഖത്തെയും അൽപം പോലും നോക്കാതെ സ്വാമി പായുകയായിരുന്നു. വിവേകാനന്ദന്റെ ജീവിതത്തിലെ അറിയപ്പെടാത്ത കാര്യങ്ങൾ ഇങ്ങനെ ചുരുക്കിപ്പറയാം: 1) അദ്ദേഹം കുട്ടിക്കാലത്ത്‌ കഠിനമായ ദാരിദ്ര്യം അനുഭവിച്ചു.
2) ദാരിദ്യത്തിൽ നിന്ന്‌ രക്ഷപ്പെടുത്താമെന്ന്‌ സമ്പന്നയായ സ്ത്രീകൾ വിവേകാനന്ദനോട്‌ പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം അത്‌ നിരസിച്ചു. 3) ഈശ്വരചന്ദ്ര വിദ്യാസാഗർ തന്റെ മരുമകന്റെ നിർദേശം കേട്ട്‌ വിവേകാനന്ദനെ മെട്രോപോളിറ്റൻ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഹെഡ്മാസ്റ്റർ ജോലിയിൽ നിന്ന്‌ പിരിച്ചുവിട്ടു. 4) വീട്ടിലെ കീറിപ്പറിഞ്ഞ പായയിലാണ്‌ വിവേകാനന്ദൻ കിടന്നിരുന്നത്‌. 5) വിവേകാനന്ദന്റെ കുടുംബത്തിൽ ആത്മഹത്യകളുടെ ഒരു ചരിത്രം തന്നെയുണ്ട്‌. 6) വിവേകാനന്ദന്‌ ഏറ്റവും സ്നേഹമുണ്ടായിരുന്നത്‌ സ്വന്തം അമ്മയോടായിരുന്നു. 7) ദേശാടനകാലത്ത്‌ ഒരുപിടി ചോറുകിട്ടാതെ മിക്ക ദിവസങ്ങളിലും മരച്ചുവട്ടിൽ കിടന്നുറങ്ങുമായിരുന്നു. 8) മാംസം പാചകം ചെയ്യുമായിരുന്നു. 9) ബോസ്റ്റണിൽ താമസിച്ചപ്പോൾ പണം തീർന്നു പട്ടിണി കിടന്നു. 10) ഷിക്കാഗോയിൽ പ്രസംഗിക്കാൻ ചെന്നെങ്കിലും, ആ പ്രസംഗദിവസത്തിനുമുൻപ്‌ വിവേകാനന്ദൻ ആഹാരത്തിന്‌ കഷ്ടപ്പെട്ടു; പണമില്ലാത്തതുകൊണ്ട്‌. 11) ആ പ്രസംഗത്തിനുശേഷവും ആഹാരം കുറവായിരുന്നു. 12) അദ്ദേഹത്തിനു എരിവ്‌ ഇഷ്ടമായിരുന്നു. പതിവായി മുളകു തിന്നുമായിരുന്നു. 13) കോയി മത്സ്യം വളരെ ഇഷ്ടമായിരുന്നു. 14) എവിടെപ്പോകുമ്പോഴും കുപ്പിയിൽ ഗംഗാജലം കൊണ്ടുപോകുമായിരുന്നു. ഇത്‌ ഇടയ്ക്ക്‌ കുടിച്ചുകൊണ്ടിരിക്കും. 15) വിവേകാനന്ദൻ ചെറുപ്പം മുതലേ ചായഭ്രാന്തനായിരുന്നു. 16) അദ്ദേഹം നിത്യരോഗിയായിരുന്നു.
എപ്പോഴും കർമ്മോത്സുകനാകൂ എന്ന ആന്തരിക മന്ത്രത്താൽ പ്രചോദിതനായി, അതിവേഗത്തിൽ ജോലികൾ ചെയ്തുതീർത്തിരുന്ന വിവേകാനന്ദൻ അതെല്ലാം ചെയ്തത്‌ സ്വന്തം ശരീരത്തെ പീഡിപ്പിച്ചിട്ടാണ്‌. ഒരാൾക്ക്‌ ചെയ്യാവുന്നതിന്റെ പത്തിരട്ടി കാര്യങ്ങൾ ചെയ്യണമെന്നാഗ്രഹിച്ച അദ്ദേഹം സ്വന്തം വിഷാദശീലത്തെ മറികടക്കാനാണ്‌ സന്യാസത്തിലേക്ക്‌ തിരിഞ്ഞത്‌. വിഷാദത്തിനു കാരണം രണ്ടാണ്‌. ഒന്ന്‌,കുടുംബത്തിലെ ദാരിദ്ര്യവും ആത്മഹത്യകളും. രണ്ട്‌, ഭാരതത്തിന്റെ സനാതനദർശനത്തിന്റെ ഭാവിയെപ്പറ്റിയുള്ള ആശങ്കയും പതിതരോടുള്ള സ്നേഹവും.
വിഷാദത്തെ ഉള്ളിൽ തീനാമ്പുപോലെ കൊണ്ടുനടന്ന സഞ്ചാരകാലം എന്തോ തിരഞ്ഞ്‌ പരവശനായതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്‌. ഖേത്രി മഹാരാജാവിന്റെ അടുത്തുനിന്ന്‌ അനുജന്‌ അയച്ച കത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: “ഞാൻ ദൈവത്തെ കണ്ടില്ല. എത്ര ശ്രമിച്ചിട്ടും ജ്ഞാനോദയമുണ്ടായില്ല. പക്ഷേ ഇത്‌ എന്റെ ഹൃദയത്തിലെ സ്നേഹം വർധമാനമാക്കി. എനിക്ക്‌ എല്ലാവരോടും സ്നേഹം തോന്നുന്നു.” വിവേകാനന്ദൻ അമേരിക്കയിലേക്ക്‌ പോയപ്പോഴും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന്‌ തിരിച്ചെത്തിയപ്പോഴും വീട്ടിലെ കാര്യങ്ങൾ വളരെ മോശമായിരുന്നു. ഇതറിഞ്ഞ്‌ ഖേത്രി രാജാവ്‌ അമ്മയ്ക്ക്‌ മാസംതോറും ആയിരം രൂപ അയച്ചുകൊടുത്തു തുടങ്ങി. എന്നാൽ ഇക്കാര്യം വിവേകാനന്ദനെ അറിയിച്ചിരുന്നില്ല. തനിക്ക്‌ വേണ്ടപോലെ വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്ന കുറ്റബോധവും അദ്ദേഹത്തെ പിടികൂടിയിരുന്നു.
ഒരു ലൗകികന്‌ തോന്നുന്ന സ്നേഹവികാരങ്ങൾ സന്യാസിക്ക്‌ നിഷിദ്ധമല്ലെന്ന്‌ സ്വാമിയുടെ ജീവിതം തെളിയിക്കുന്നു. ഒരു സന്യാസി മാനുഷിക സങ്കടങ്ങളിൽനിന്ന്‌ അകന്ന്‌ നിൽക്കണമെന്ന്‌ സുഹൃത്ത്‌ പ്രേമദാസ്‌ മിത്ര പറഞ്ഞതിനോട്‌ അദ്ദേഹം പ്രതികരിച്ചതു രൂക്ഷമായാണ്‌. “താങ്കളെന്താണ്‌ അർത്ഥമാക്കുന്നത്‌? സന്യാസിയായതുകൊണ്ട്‌ ഞാൻ വികാരശൂന്യനായെന്നോ? ഒരു യഥാർത്ഥ സന്യാസിയുടെ ഹൃദയം ഒരു സാധാരണക്കാരന്റേതിനേക്കാൾ ലോലവും വാത്സല്യപൂർണവുമാണ്‌. നമ്മളൊക്കെ എന്തായാലും മനുഷ്യരല്ലേ? എന്റെ ഹൃദയം കല്ലാകണമെന്ന്‌ പ്രതീക്ഷിക്കുന്ന ഒരു തരത്തിലുള്ള സന്യാസവും ഞാൻ സ്വീകരിക്കുന്നില്ല.” ഇത്രയും ഉറച്ച തീരുമാനമുള്ള സന്യാസിമാർ കുറയും.
വിവേകാനന്ദൻ സന്യാസിയായത്‌ ഒരാശ്രമത്തിലേക്ക്‌ ചുരുങ്ങുവാനല്ല. തനിക്ക്‌ ലോകത്തോട്‌ പറയാനുള്ളതു പറയാനും ലോകത്തിനുവേണ്ടി ചെയ്യാനാവുന്നതെല്ലാം ചെയ്യാനുമാണ്‌.
1896 ഫെബ്രുവരി 19ന്‌ ഇംഗ്ലണ്ടിൽ നിന്ന്‌ ഇന്ത്യയിലെത്തിയ സ്വാമി വേലൂരിൽ മഠം സ്ഥാപിക്കാനായി വേഗത്തിൽ പ്രവർത്തനങ്ങൾ തുടങ്ങി. സെപ്റ്റംബറിൽ കാശ്മീരിലെത്തിയെങ്കിലും അസുഖംമൂലം കിടപ്പിലായി. പണവും തീർന്നു. മഹാരാജാ അജിത്സിങ്ങായിരുന്നു ആശ്രയം. കുറച്ചു പണം അയച്ചു കിട്ടിയെങ്കിലും സ്വാമിയുടെ മനസ്‌ ശാന്തമായിരുന്നില്ല. പിന്നീട്‌ മഹാരാജാവിന്‌ അയച്ച കത്തിൽ സ്വാമി വളരെ രഹസ്യമായി ചില സങ്കടങ്ങൾ അറിയിക്കുന്നുണ്ട്‌: “മരണത്തിന്റെ പടിവാതിൽക്കലാണ്‌ ഞാൻ. എന്റെ മനസിനെ മഥിക്കുന്ന ഒരു കാര്യമുണ്ട്‌. ലോകസേവനത്തിനുള്ള വ്യഗ്രതയിൽ ഞാനെന്റെ അമ്മയെ തഴഞ്ഞു. രണ്ടാമത്തെ സഹോദരൻ പോയതിനുശേഷം അവർ ദുഃഖത്താൽ തളർന്നുപോയി. ഇപ്പോൾ അമ്മയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ്‌ ആഗ്രഹം. അമ്മയോടുകൂടി ജീവിക്കണം. ഇളയ അനുജനെ കല്യാണം കഴിപ്പിക്കണം. വംശനാശം ഒഴിവാക്കണം. ഇത്‌ എന്റെ അമ്മയുടെ അവസാന നാളുകൾ സുന്ദരമാക്കും. അവരിപ്പോൾ ഒരു കുടിലിലാണ്‌ താമസം. ഞാൻ എന്റെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ച്‌ അങ്ങയോട്‌ വെളിപ്പെടുത്തി. അക്കാര്യം മറ്റാരും അറിയരുത്‌. ഞാൻ ക്ഷീണിതനാണ്‌.”
ഒരിക്കൽ അമേരിക്കയിൽ നിന്ന്‌ തിരിച്ചെത്തിയപ്പോൾ സ്വാമി പതിനായിരം രൂപ അമ്മയെ ഏൽപ്പിക്കാനായി ബ്രഹ്മാനന്ദൻ എന്ന സുഹൃത്തിന്റെ കയ്യിൽ കൊടുത്തയച്ചു.
സ്വാമിജിക്ക്‌ ബിസിനസ്‌ അറിയാമായിരുന്നു. പാചകക്കുറിപ്പുകൾ പുറമേ അച്ചടിച്ച പായ്ക്കറ്റുകളിലാക്കി ഡാൽസൂപ്പ്‌ ഇംഗ്ലണ്ടിലും അമേരിക്കയിലും അവതരിപ്പിക്കണമെന്ന്‌ സ്വാമി പറഞ്ഞതോർക്കുന്നു.
ഭക്ഷണം പാചകം ചെയ്തുകൊണ്ടുതന്നെ സ്വാമി ഭഗവത്ഗീതയിലെ പതിനെട്ടാമധ്യായം വിശദമായി ഉച്ചരിച്ചുകൊണ്ട്‌ ചർച്ച ചെയ്യുമായിരുന്നു. ഒരിക്കൽ സന്യാസിനി നിവേദിതക്ക്‌ മാട്ടിറച്ചി പാചകം ചെയ്തുകൊടുത്തു. ലോകത്ത്‌ വിപുലമായി സഞ്ചരിച്ചിട്ടുള്ള സ്വാമിക്ക്‌ ഭക്ഷണരീതികളെപ്പററി നല്ല അറിവുണ്ടായിരുന്നു. ലണ്ടനിൽവച്ച്‌ സഹോദരൻ മഹേന്ദ്രനോട്‌ ഇങ്ങനെ പറഞ്ഞു: എല്ലാ ദിവസവും ഒരേ ഭക്ഷണംതന്നെ കഴിച്ചാൽ വിരസമാകും. മുട്ട ഉടച്ചുവേവിച്ചതോ, ഓംലെറ്റോ ഇടയ്ക്കൊക്കെ കഴിച്ചുനോക്കൂ. നിന്റെ രുചിമാറും. സ്വാമി മത്സ്യം കഴിക്കുമായിരുന്നു. വേലക്കാരി ഉണ്ടാക്കിയ മത്സ്യം പാഴാക്കിയാൽ അത്‌ അവരെ ചൊടിപ്പിക്കുമെന്ന്‌ സ്വാമി തമാശയായി പറഞ്ഞിട്ടുണ്ട്‌.
ലണ്ടനിലെ സെന്റ്‌ ജോർജ്‌ റോഡിലെ വീട്ടിൽ സ്വാമി സ്വയം പാചകം ചെയ്ത കറിയെപ്പറ്റി ഇങ്ങനെ കുറിക്കുന്നുണ്ട്‌: “എന്തൊരു ചേരുവകളാണ്‌ അതിലുണ്ടായിരുന്നത്‌, കുങ്കുമം, കർപ്പൂരവള്ളി, ജാതിപത്രം, കുരുമുളക്‌, കറപ്പ്‌, ഗ്രാമ്പൂ, ഏലം, പാൽപാട, നാരങ്ങാനീര്‌, ഉള്ളി, മുന്തിരിങ്ങ, ബദാം, ചില്ലിമുളക്‌ അരി!”
വിദേശത്തായിരിക്കുമ്പോൾ സ്വാമിക്ക്‌ നാട്ടിൽനിന്ന്‌ ഭക്ഷ്യസാധനങ്ങൾ അനുയായികൾ അയച്ചുകൊടുക്കുമായിരുന്നു: മഞ്ഞപ്പയർ, ചെറുപയർ, പച്ചമാങ്ങ ഉണക്കിയത്‌, മാങ്ങ ജാം, ചട്നി, തുവരക്കൂട്ട്‌ തുടങ്ങിയവ. സ്വാമി രോഗങ്ങളുടെ ഒരു കൂടായിരുന്നു. ഒരിക്കൽ മായാവതിയിൽ താമസിക്കുമ്പോൾ അദ്ദേഹം ശിഷ്യൻ വിരജാനന്ദനോട്‌ പറഞ്ഞത്‌ ഇതാണ്‌:
“എന്റെ അനുഭവത്തിൽനിന്ന്‌ പഠിച്ചോളൂ. ആരോഗ്യം നശിപ്പിക്കുംവിധം ശരീരം പീഡിപ്പിക്കരുത്‌. എന്റെ ശരീരത്തെ ഞാൻ വളരെയധികം ദണ്ഡിപ്പിച്ചു. എന്നിട്ടെന്തുണ്ടായി? ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തുതന്നെ ശരീരം താറുമാറായി.”
സ്വാമി കൊളംബോയിൽ താമസിക്കുമ്പോഴാണ്‌ പ്രമേഹരോഗം പിടിപെട്ടത്‌. ഇൻസുലിനില്ലാത്ത കാലമായിരുന്നു. ഭക്ഷണത്തിനു ക്രമമില്ലാത്തതും മാനസിക സമ്മർദ്ദം അനുഭവിച്ചതും കഠിനമായ ജോലിയും മൂലം അദ്ദേഹത്തിന്റെ ശരീരത്തിൽ കുടിപാർത്ത അസുഖങ്ങളുടെ നിര ഇവിടെ എഴുതുകയാണ്‌.
1) കഠിനമായ ചെന്നിക്കുത്ത്‌. 2) ടോൺസിലൈറ്റിസ്‌, 3) ഡിഫ്ത്തീരിയ, 4) വലിവ്‌, 5) ടൈഫോയ്ഡ്‌, 6) മലേറിയ, 7) തുടർച്ചയായ പനി, 8) കരൾരോഗം, 9) ദഹനക്കേട്‌, 10) കുടലിൽ വെള്ളം നിറയൽ, 11) ഡിസൻട്രി, 12) പിത്തകോശപിണ്ഡം, 13) സന്ധിവാതം, 14) കഴുത്തുവേദന, 15) വൃക്കരോഗങ്ങൾ, 16) മഹോദരം, 17) നേത്രരോഗങ്ങൾ, 18) അകാലനര 19) ഞരമ്പ്‌ വലിവ്‌ 20) ഭക്ഷണത്തിനുശേഷമുള്ള ശരീരതാപം, 21) ഉഷ്ണത്തോടുള്ള അസഹനീയത, 22) അധികക്ഷീണം 23) കടൽചൊരുക്ക്‌, 24) സൂര്യതാപം, 25) പ്രമേഹം, 26) ഹൃദയരോഗങ്ങൾ.
എന്നാൽ വിവേകാനന്ദൻ രോഗം കണ്ടാലുടനെ ആശുപത്രിയിലേക്കോടിയിരുന്നില്ല. രോഗങ്ങളോട്‌ അദ്ദേഹം ഏറ്റുമുട്ടി വിജയിക്കാൻ നോക്കും. നേട്ടങ്ങൾ ഉണ്ടാക്കാൻവേണ്ടി യാതനയനുഭവിക്കുക എന്ന ജന്മവാസനയാണ്‌ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്‌. ശരീരവേദനയും ശരീരസുഖവുമുണ്ടെന്ന്‌ സ്വാമി പറയുമായിരുന്നു. ചികിത്സയിലൂടെ ലഭിക്കുന്ന സുഖം ശരീരം ഉള്ളതുകൊണ്ടാണെന്ന അഭിപ്രായം ശ്രദ്ധേയമാണ്‌. ശരീരത്തിന്റെ സൊ‍ാചനകൾ കേട്ടെങ്കിലും അതിനനുസരിച്ച്‌ നീങ്ങാനുള്ള സാവകാശം സ്വാമിക്ക്‌ ഒരിക്കലും ലഭിച്ചില്ല.
വിവേകാനന്ദന്‌ ഉറക്കമില്ലായിരുന്നു. ന്യൂയോർക്കിൽ ചെന്നിട്ട്‌ ഒരു രാത്രിപോലും ഉറങ്ങിയില്ലെന്ന്‌ ഒരു സുഹൃത്തിന്‌ എഴുതിയത്‌ ഇങ്ങനെയാണ്‌: കടലിനടിയിൽ പോയിട്ടെങ്കിലും അൽപം ഉറക്കം കിട്ടിയെങ്കിൽ!
തന്റെ ജീവിതം ഇങ്ങനെയേ നീങ്ങൂ എന്ന്‌ സ്വാമിക്ക്‌ അറിയാമായിരുന്നു. തന്റെ പ്രായം ഇരട്ടിക്കുകയാണ്‌. മുടി നരച്ചും മുഖം ചുളിവുകൾ വീണും പ്രായത്തിന്റെ സൊ‍ാചനകൾ നേരത്തേ കിട്ടി. താടി വളർത്താൻ ആലോചിച്ചു. ഈ ലോകത്ത്‌ താൻ ജീവിതത്തിന്റെ സാരമാണ്‌ തേടിയതെന്ന ചിന്തയായിരുന്നു സ്വാമിയുടെ ഉള്ളിൽ. സാരം തേടിയവന്‌ ക്ലേശമാണ്‌ ലഭിക്കുക. എല്ലായിടത്തും ആദരവ്‌ കിട്ടിയ സ്വാമി ഉള്ളിൽ ഒരിടം കിട്ടാതെ സ്വയം കലഹിച്ചു. തന്റേതെന്ന്‌ പറയാൻ ഒന്നുമില്ലാത്ത ഒരവസ്ഥ വരാൻ പോകുന്നുവേന്ന്‌ ദീർഘദർശനം ചെയ്തു. “എനിക്കുവേണ്ടി ഒരു പെനിപോലും കൈവശമില്ല. എനിക്ക്‌ കിട്ടിയതൊക്കെയും ഞാൻ തിരിച്ചുനൽകി” അദ്ദേഹം എഴുതി.
ഈ നശ്വരമായ ശരീരത്തിൽ അനശ്വരതയെക്കുറിച്ചുള്ള ഏകാന്ത ചിന്തകളുമായി അടങ്ങിയിരിക്കാനാവില്ലെന്ന്‌ മനസിലാക്കിയ സ്വാമി അതിനായി പലയിടത്തേക്കും തിരക്കിട്ടു പോകുകയായിരുന്നു. സഞ്ചാരം ഒരു മനോവ്യാഥി പോലെ മാറാതെ നിന്നു. മനസിനെ മറികടക്കാനും അതിനേക്കാൾ വലുതാവാനും ഈ ശരീരം വെമ്പുന്നതായി അദ്ദേഹത്തിനു ബോധ്യപ്പെട്ടു. രോഗവും ദുഃഖവും വേദനയും സഹിച്ചുകൊണ്ട്‌, എല്ലാ അസന്തുഷ്ടികളെയും മായ്ച്ചുകളയുന്ന സൗഖ്യത്തെക്കുറിച്ച്‌ അദ്ദേഹം പ്രഭാഷണം നടത്തി. ലൗകികവേദനകളല്ല, ചുറ്റിനുമുള്ള ലോകത്തോട്‌ തോന്നുന്ന ഐക്യവും രമ്യതയുമാണ്‌ അദ്ദേഹത്തെ പ്രലോഭിപ്പിച്ചതു. മരണത്തെ ഭയക്കേണ്ടതില്ല. എന്നാൽ ഭീരുവാകരുത്‌. ധീരനായിരിക്കൂ എന്ന്‌ ആരു പറയുന്നുവോ അവരുടെ കൂടെയാണ്‌ സ്വാമി. മനുഷ്യരാശിയെ രക്ഷിക്കാൻവേണ്ടി പുറപ്പെടുമ്പോൾ അപമാനങ്ങളോ നഷ്ടങ്ങളോ നോക്കരുത്‌. ഒരു കർമ്മചാരിക്ക്‌ കർമ്മം വിധിയാണ്‌. അതവന്‌ മാറാത്ത ദീനമാണ്‌; ആ ദീനത്തെയാണ്‌ അവൻ ഉദാത്തമാക്കി ലോകത്തിനു നൽകുന്നത്‌.

മാധവിക്കുട്ടിയുടെ സ്വകാര്യം/എം.കെ. ഹരികുമാർ

ഒരു സാഹിത്യകാരി പ്രണയത്തിനുവേണ്ടി മതം മാറിയത്‌, അതും എഴുപതുവയസുള്ളപ്പോൾ, ഒരു നൂറ്റാണ്ടിലെ സാഹിത്യ സംഭവമായി. കാരണം അതേപോലെ വേറൊന്നു ചൂണ്ടിക്കാണിക്കാനില്ല. മതം മാറാൻ വേണ്ടി അവർ നേരത്തേ തീരുമാനിച്ചതല്ല; സ്വാഭാവികമായി സംഭവിച്ചതാണ്‌. മാധവിക്കുട്ടി എന്ന പേരുമാറ്റി അവർ താൻ ഇനിമുതൽ കമല സുരയ്യ ആണെന്ന്‌ ലോകത്തോട്‌ വിളിച്ചുപറഞ്ഞ കാര്യമാണ്‌ സൂചിപ്പിക്കുന്നത്‌. അവർ ഇംഗ്ലീഷിൽ കവിതകൾ എഴുതിയിരുന്നത്‌ കമലാദാസ്‌ എന്ന പേരിലായിരുന്നു. കുറെ പ്രണയ കവിതകൾ എഴുതിയിട്ടുണ്ട്‌. പ്രണയത്തിലൂടെ തന്റെ മറഞ്ഞുകിടന്ന സ്ത്രീവ്യക്തിത്വത്തെ തേടിപ്പിടിക്കുകയാണ്‌ ചെയ്തത്‌. ഇംഗ്ലീഷിൽ എഴുതിയ ‘ഘനശ്യാം’ എന്ന കവിത പ്രസിദ്ധമാണ്‌. അതിലെ കാമുകി നിത്യപരവശയാണ്‌. അവൾ മറ്റെന്തിലുമുപരി പ്രേമിക്കാനും പ്രേമിക്കപ്പെടാനും ആഗ്രഹിക്കുന്നു. അതിനായി അവൾ എന്തും വലിച്ചെറിയും.
“ഞാനിന്നുവരെ അറിയാത്ത
വഴിയിലൂടെ
നീയെന്നെ നയിക്കുന്നു
എന്നാൽ ഞാനെത്തുമ്പോഴേക്കും
നീ മറയുകയാണ്‌”
എന്നെഴുതിയ കവി മരണം വരെ ഈ മാന്ത്രികമാനസത്വരകൾ സൂക്ഷിച്ചു. ജീവിതം എന്താണെന്ന്‌ ഈ കവിതയിൽ ചോദിക്കുന്നുണ്ട്‌. അതിന്‌ അവർ മനുഷ്യവ്യക്തിത്വത്തിന്റെ ആകെത്തുകപോലെ ഇങ്ങനെ എഴുതുന്നു:
ജീവിതം വെള്ളമാണ്‌, ശുക്ലമാണ്‌, രക്തമാണ്‌.
മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ എന്ന ആത്മകഥാപരമായ കുറിപ്പുകൾ ഏറെ വിവാദമായല്ലോ. ഒരു മലയാളി സാഹിത്യകാരി സ്വന്തം പ്രണയവും ലൈംഗികതയുമൊന്നും പുറത്തുപറയരുതെന്ന വിലക്ക്‌ ലംഘിക്കുകയാണ്‌ അവർ ചെയ്തത്‌. കഥകളിൽ എഴുതാം; എന്നാൽ അതിലെ യാഥാർത്ഥ്യങ്ങൾ വ്യക്തിപരമായി അനുഭവിച്ചതാകരുത്‌. ഈ കപടസാഹിത്യ സമീപനം ചീന്തിയെറിഞ്ഞ അവർക്ക്‌ പൂമാലകൾ കിട്ടിയില്ല. ഉള്ളതു തുറന്നുപറയുന്നത്‌ അവർ ശീലിച്ചിരുന്നല്ലോ. ‘എന്റെ കഥ’യിലെ ചില ദാഹങ്ങൾ നുണയായിരുന്നെന്ന്‌ പിന്നീട്‌ പറഞ്ഞത്‌, ശുദ്ധാത്മക്കളായ ദുഷ്ടന്മാരെ തണുപ്പിക്കാനായിരുന്നു. പിന്നെയും അതുപോലുള്ള ആത്മകഥാപരമായ വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരുന്നു. തന്നെ വിഷമിപ്പിച്ച വ്യക്തികളുടെ പേരു പോലും പറഞ്ഞില്ല. കാരണം അവർ നൂറു ശതമാനം പെണ്ണായിരുന്നു. ‘എന്റെ ലോകം’ എന്ന പേരിൽ സമീപകാലത്ത്‌ പുറത്തുവന്ന പുസ്തകം, ഒരു സ്ത്രീയുടെ മനോഹരവും ദീപ്തവുമായ ആന്തരലോകം എത്ര നൈസർഗികമായ വിചാരങ്ങൾകൊണ്ട്‌ പ്രത്യാശാഭരിതമാണെന്ന്‌ അറിയിക്കുന്നുണ്ട്‌.
മാധവിക്കുട്ടിയിൽ ഒരു തത്ത്വജ്ഞാനഭാവം ഉണ്ടായിരുന്നു. എഴുതിയതിലെല്ലാം സ്വന്തമായ ഒരു തത്ത്വചിന്തയുണ്ട്‌. ലോകനിലവാരത്തിലുള്ള വിചാരരീതിയാണ്‌ ഈ എഴുത്തുകാരിയെ  വ്യത്യസ്തയാക്കുന്നത്‌. എന്നാൽ മാധവിക്കുട്ടി അങ്ങനെ ഭാവിക്കുന്നില്ല. ഒരു അക്കാദമിക്‌ തലം തന്റെ രചനകളിൽ കടന്നുവരരുതെന്ന്‌ നിർബന്ധമുണ്ടായിരുന്നു. ഹൃദയം ഹൃദയത്തോട്‌ സംവദിക്കുകയാണെന്ന പ്രതീതിയുളവാക്കുന്ന വാക്കുകളാണ്‌ ഈ പുസ്തകത്തിലുള്ളത്‌. എഴുത്തുകാരിയുടെ ഹൃദയവികാരങ്ങൾ നാവിലേക്ക്‌ നേരിട്ടെത്തുന്നു. ഇടനിലക്കാരില്ലല്ലോ. വളരെയടുത്ത്‌ നിന്ന്‌ കാണുന്നതുപോലെയോ, സ്വകാര്യമായി പറയുന്നതുപോലെയോ ആണ്‌  എഴുതുന്നത്‌. താൻ ഒരിക്കലും സ്വയം മറച്ചിട്ടില്ലെന്ന്‌ മാധവിക്കുട്ടി ഏറ്റുപറയുന്നു. അതേസമയം ജീവിതത്തിലെ പ്രച്ഛന്നവേഷ മത്സരത്തിൽ ഒരിക്കലും തൃപ്തയല്ലായിരുന്നു. പ്രച്ഛന്നവേഷ മത്സരത്തിൽ മുഖംമൂടിയില്ലാത്തവർക്ക്‌ സമ്മാനം കിട്ടുമോ? മാധവിക്കുട്ടി പറയുന്നത്‌ ശ്രവിക്കാം:
“ഈ വേഷം എനിക്ക്‌ ഊരിവയ്ക്കാൻ സാധ്യമല്ല. ഈ വേഷം തന്നെയാണ്‌ യഥാർത്ഥത്തിൽ എന്നെ ഞാനാക്കുന്നത്‌ എന്നൊന്നും അവർക്കറിയില്ല. ഈ വസ്ത്രം തയ്യൽക്കാർ തുന്നിത്തന്നതല്ല. എന്റെ മാംസത്തെയും എല്ലിനെയും മൂടുന്ന തൊലിയാണ്‌ എന്റെ എത്രയും നേർത്തതും നിഷ്പ്രയോജനവുമായ ഏകകവചം.”
വൈയക്തികമായ ജീവിതത്തെ മായം ചേർക്കാതെ ആവിഷ്കരിക്കുമ്പോഴുള്ള സ്വാതന്ത്ര്യമായിരുന്ന മാധവിക്കുട്ടിയുടെ ലക്ഷ്യം. അവരത്ത്‌ നേടി. സാഹിത്യലോകത്തിന്റെ മുൻവിധികളെയും കപട ബൗദ്ധിക, സദാചാര മേൽക്കോയ്മയെയും ഈ സാഹിത്യകാരി എങ്ങനെ നിരാകരിച്ചു എന്ന്‌ കാണിച്ചുതരുന്ന പുസ്തകമാണ്‌ ‘എന്റെ ലോകം’. തലവാചകം ഉദ്ദേശിക്കുന്ന അർത്ഥപൂർണിമ സ്വന്തമായി നേടിയ എഴുത്തുകാരിയാണ്‌ മാധവിക്കുട്ടി.
മനുഷ്യനു ഉയർന്ന്‌ ചിന്തിക്കാനാവും. എന്നാൽ അവൻ ഒരു വ്യക്തിയായി നിൽക്കുമ്പോഴെല്ലാം ഈ ഔന്നത്യം ഉണ്ടാകണമെന്നില്ല. അവന്റെ നിസ്സാരത ഒരു കെട്ടുകഥയല്ലെന്ന്‌, വളരെ ദീനവും ദുഃഖഭരിതവുമായ വാക്കുകളിലൂടെ സംസാരിക്കുകയാണ്‌. എല്ലാ  ചായം പൂശലുകൾക്കും ശേഷം, നമുക്ക്‌ നമ്മളിലേക്ക്‌ തന്നെ തിരിച്ചുവരേണ്ടിവരും.
ലോകസാഹിത്യത്തിൽ വിർജിനിയ വുൾഫ്‌, മാർഗരറ്റ്‌ അറ്റ്‌വുഡ്‌ തുടങ്ങിയവർക്കൊക്കെ ഒരു ബൗദ്ധിക മേൽക്കൈ കിട്ടിയിട്ടുണ്ട്‌. ഗദ്യത്തിൽ ബുദ്ധിയുടെ പൗരുഷം പ്രകടിപ്പിക്കുന്ന പുല്ലിംഗ സാഹിത്യപ്രതിഭകൾക്ക്‌ തുല്യം നിൽക്കുകയാണ്‌ തങ്ങളെന്ന്‌ അവരൊക്കെ ധ്വനിപ്പിക്കാറുണ്ട്‌. എന്നാൽ മാധവിക്കുട്ടി ആ പാതയിൽ നിന്ന്‌ മാറിനടക്കുകയായിരുന്നു. അവർ തന്റെ ധിഷണാപരമായ സിദ്ധികൾ സ്വയം സംസാരിക്കുന്നതുപോലെ, സ്വയം കണ്ടെത്താനാണ്‌ ഉപയോഗിച്ചതു. അവർ പെണ്ണുവാദിയായിരുന്നില്ല. ആണു കൂടെയുണ്ടെങ്കിലേ പെണ്ണിന്റെ പ്രേമകാമങ്ങൾക്ക്‌ മഴവില്ലിന്റെ ശോഭയുണ്ടാകൂവേന്ന്‌ വിശ്വസിക്കാനുള്ള സൗന്ദര്യബോധം അവർക്കുണ്ടായിരുന്നു. ലിംഗപരമായി ഒറ്റപ്പെടുന്ന പെൺമനസായല്ല മാധവിക്കുട്ടിയെ നിർമ്മിച്ചതു.  സ്വന്തം മനസിന്റെ ഭൂപടം വികസിപ്പിച്ചതു ആണിനെകൂടി തന്റെ ഭാവനകളിൽ പങ്കാളിയാക്കിക്കൊണ്ടാണ്‌.
വിവേകവും കരുത്തുമുണ്ടെങ്കിലും നമുക്ക്‌ കുട്ടിയായി മാറാൻ കഴിയണം. സാഹിത്യാനുഭവത്തിന്റെ ആത്മാവിലേക്ക്‌ കയറാൻ കലർപ്പില്ലാത്ത ശിശുബോധം അനിവാര്യമാണ്‌. പലരും ചുമന്നുകൊണ്ടുവച്ചിരിക്കുന്ന മാനദണ്ഡങ്ങളും ശീലങ്ങളും മനസിനെ തടവിലാക്കുകയാണല്ലോ ചെയ്യുന്നത്‌.
തന്റെ ദുഃഖത്തിൽ പ്രസിദ്ധ സാഹിത്യകാരനായ മുൽക്ക്‌രാജ്‌ ആനന്ദും പത്നി ഷറീൻ വാജിഫ്ദാറും ആശ്വസിപ്പിച്ച കാര്യം എഴുതുന്നുണ്ട്‌. “കലാകാരന്മാരുടെ വർഗത്തിൽ നിന്ന്‌ മാത്രമേ കലാകാരന്‌ യഥാർത്ഥ സ്നേഹം ലഭിക്കുകയുള്ളൂ.  മറ്റുള്ളവർ, സാധാരണക്കാർ എന്ന പദത്താൽ വിശേഷിപ്പിക്കപ്പെട്ടവർ, ഉള്ളുകൊണ്ട്‌ സന്തോഷിക്കും നമ്മുടെ ദുഃഖത്തിൽ” – ഇത്‌ സ്വാനുഭവത്തിൽ നിന്നുണ്ടായ ബോധ്യമാകാം.
സ്വയം പിച്ചിപ്പറിച്ച്‌ രസിക്കാനും ആത്മാവിന്റെ ഒരു തുണ്ട്‌ എടുത്തുവച്ച്‌ വിചാരണ ചെയ്യാനും ശ്രമിക്കുന്നുണ്ട്‌. “എന്റെ ഇടത്തെ കയ്യിൽ എല്ലായ്പോഴും ഞാൻ ധരിക്കുന്ന അറംഗസീബ്‌ മോതിരത്തിന്‌, എന്റെ മരണശേഷം ആരായിരിക്കും അവകാശി? എന്റെ മൂന്നിഴച്ചങ്ങല ഏത്‌ കഴുത്തിൽച്ചെന്നു വീഴും? ആനത്തലയുള്ള തടിയൻ വളകൾ?  ഏതായാലും ഇവയെല്ലാം മറ്റൊരാൾക്ക്‌ പോവുകയാണെങ്കിൽ ഞാൻ ജീവിച്ചിരിക്കുമ്പോൾത്തന്നെ ഇവ എല്ലാവർക്കും പങ്കിടുകയല്ലേ നല്ലത്‌. എന്നാൽ ആ ആഭരണങ്ങൾ ധരിക്കുന്നവർക്ക്‌ ചേർച്ചയുണ്ടോ എന്ന്‌ എനിക്ക്‌ മനസിലാക്കാൻ കഴിയുകയും ചെയ്യും”
മരിച്ചതിനുശേഷം വീട്ടിൽ എന്തെല്ലാം മാറ്റങ്ങൾ വരുമെന്നറിയാൻ ആ വീട്‌ ഇപ്പോൾതന്നെ മറ്റൊരാൾക്ക്‌ കൊടുക്കുകയാണ്‌ നല്ലതെന്ന്‌ മാധവിക്കുട്ടി ചിന്തിക്കുന്നുണ്ട്‌. ഭാവനകൊണ്ടാണ്‌ ജീവിതം അർത്ഥപൂർണമാക്കുന്നതെന്ന വാദമാണിതിനു പിന്നിൽ.
തന്നെ കഥാകാരി കാതറിൻ മാൻസ്ഫീൽഡിനോട്‌ തുല്യപ്പെടുത്തുന്നുണ്ട്‌ മാധവിക്കുട്ടി. കാതറിൻ നാൽപതു കഥകളേ എഴുതിയിട്ടുള്ളൂ. ശരീരത്തോടൊപ്പം കലയും പ്രേമവും രോഗത്തിനു അടിപ്പെടുമെന്ന്‌ ഭയന്ന്‌ ഫൊൺടാൻബ്ലോ എന്ന സ്ഥലത്തുള്ള ഒരാശ്രമത്തിലേക്ക്‌ കറുത്ത വസ്ത്രങ്ങളണിഞ്ഞു ഓടിപ്പോയ കാതറിൻ ഒരു നിഷ്കളങ്ക പ്രലോഭനമായി അവരെ സ്വാധീനിച്ചിരുന്നു.
മനസിന്റെ നഗ്നത തേടി അവർ ഓരോ വസ്തുവിലും ചെന്നുമുട്ടുകയാണ്‌. ഒരു വെളിപാടുമായി തിരിച്ചുവരുന്നു. സദാ സംവേദനക്ഷമമായ ഒരു മനസിന്റെ ഏറ്റവും ധീരവും കലാപരവുമായ പ്രതികരണങ്ങളാണ്‌ നമുക്ക്‌ കാട്ടിയത്‌.
എന്താണ്‌ ഈ കടൽ പ്രതീക്ഷിക്കുന്നതെന്ന്‌ ഒരു ലേഖനത്തിൽ ചോദിക്കുന്നു. ജീർണിച്ച മണം കാരണം ശരീരങ്ങളെ താൻ പുറത്തേക്ക്‌ വലിച്ചെറിയുകയാണ്‌ പതിവേന്ന്‌ കടൽ പറഞ്ഞു. ഉടനെ അതിന്റെ അർത്ഥമുൾക്കൊണ്ട്‌ മാധവിക്കുട്ടി എഴുതുന്നത്‌ ചിന്താസൗന്ദര്യത്തിന്റെ മാറ്റ്‌ വർദ്ധിപ്പിക്കുന്നു.
“ജീവിതത്തിന്റെ പടഹധ്വനി കേട്ടുമടുത്ത്‌ കടലിന്റെ മൗനമല്ലാത്ത മൗനത്തിലേക്ക്‌ ഞാൻ ഒരിക്കൽ കുതിച്ചുചാടും. നരവീണു തുടങ്ങിയതെങ്കിലും സമൃദ്ധമായ എന്റെ മുടിയെ കടൽത്തിരകൾ ചീകി വൃത്തിയാക്കും. ചുംബനങ്ങൾ പേറുന്ന കൈകാലുകളെ അവ മാറോടണയ്ക്കും. ഒടുവിൽ വെളുത്ത പടക്കുതിര വഹിച്ചുകൊണ്ട്‌ പായുന്ന യോദ്ധാവിന്റെ ശവത്തെപ്പോലെ എന്റെ ശരീരത്തെ അവ കരയിലേക്ക്‌ എത്തിക്കും. എന്റെ പാവം ശരീരം. മറ്റുള്ളവർ അതിൽ സൗന്ദര്യം കാണുമോ?”
മരണം വല്ലാത്തൊരു തിരശ്ശീലയാണെന്ന ചിന്ത അലട്ടിയിരുന്നു. താൻ മരിച്ചാൽ ഈ ലോകം ഉണ്ടാവുമെന്ന്‌ എന്തിനു വിശ്വസിക്കണമെന്ന ഒരു ചോദ്യം തൊടുത്തുവിടുകയാണ്‌. 
മാധവിക്കുട്ടിയുടെ ആത്മകഥാകുറിപ്പുകൾ ഒരു സാഹിത്യകൃതിപോലെ അർത്ഥസാന്ദ്രവും കരവിരുതും ചേർന്നതാണ്‌. നാലപ്പാട്ടെ കുടുംബാംഗമാണെങ്കിലും, കവിയെന്ന നിലയിൽ അറിയപ്പെടുന്നുണ്ടെങ്കിലും അതിലൊന്നും യാഥാർത്ഥ്യം ഒതുങ്ങിനിൽക്കുന്നില്ല എന്ന തിരിച്ചറിവ്‌ ബാക്കിയാവുന്നു. സ്വകാര്യജീവിതം ഇരുണ്ടുപോയ ദിനങ്ങളിൽ അവർ നിശബ്ദയായി നിലവിളിച്ചു.
“എന്റെ ഭർത്താവിനു യാതൊരു ശാരീരിക സുഖവും നേടിക്കൊടുക്കുവാൻ എന്റെ രോഗഗ്രസ്തമായ ശരീരത്തിനു കഴിവില്ലാതായി. കാഴ്ചയിൽ ഞാൻ ആരോഗ്യവതിയാണ്‌. പക്ഷേ, അദ്ധ്വാനത്തിൽ തികച്ചും ബോധംവിട്ടും നിസ്സഹായയായിത്തീരും. അതുകൊണ്ട്‌ നാലപ്പാട്ടെ കമല എന്ന പേരിന്റെ വ്യാജാഭിമാനത്തിനുവേണ്ടി ഞാൻ രാത്രിയിൽ കൂടുതൽ നേരം ഇരുന്ന്‌ ലേഖനങ്ങൾ എഴുതി, അവ മാസികകൾക്ക്‌ വിറ്റ്‌ പണമുണ്ടാക്കി, അത്‌ അദ്ദേഹത്തിനു കൊടുക്കുവാൻ. എനിക്ക്‌ ആരുടെയും ഭാരമായിത്തീരുവാൻ ആഗ്രഹമില്ലായിരുന്നു.”  എഴുതാൻ വയ്യാതായ അവസരങ്ങളിൽ, അതിന്റെ കുറ്റബോധവും മാനസികഭീതിയും അകറ്റാൻ അവർ അടുക്കളയിൽ കയറി പാചകം ചെയ്തു.
‘എന്റെ കഥ’ പ്രസിദ്ധീകരിച്ച കാലത്ത്‌ ബന്ധുക്കളിൽ കുറെ പഴഞ്ചൻ ചിന്താഗതിയുള്ള സ്ത്രീകൾ മാധവിക്കുട്ടിയിൽ നിന്ന്‌ അകന്നു. എന്നാൽ തന്റെ പ്രണയാനുഭവങ്ങളിലും സ്വതന്ത്രചര്യകളിലും നിറഞ്ഞു തുളുമ്പിനിന്ന്‌, സംതൃപ്തിയോടെ അതിനെയെല്ലാം നേരിട്ടു. “ഭർത്താക്കന്മാരുടെ ജീവിതത്തിൽനിന്ന്‌ നർമ്മബോധത്തെ കുറ്റിച്ചൂലുകൊണ്ട്‌ ഓടിപ്പിച്ച്‌, അവരെ കിടുകിടെ വിറപ്പിച്ച്‌ നപുംസകങ്ങളാക്കുന്ന ഈ പതിവ്രതമാർ എന്നെപ്പറ്റി തമ്മിൽത്തമ്മിൽ കുശുകുശുക്കുകയും വിദ്വേഷത്താൽ തരളിതരാവുകയും ചെയ്തു.” എന്നാണ്‌ അവർ എഴുതുന്നത്‌.
വായനക്കാരോടുള്ള ബന്ധമാണ്‌ എഴുത്തുകാർക്ക്‌ പ്രധാനമെന്ന്‌ പറഞ്ഞുകൊടുത്ത ഓബ്രിമേനോന്റെ വാക്കുകൾ ഈ ഒറ്റപ്പെടൽ നാളുകളിൽ അവർക്ക്‌ തുണയായി. അവർ എഴുതിയതെല്ലാം ഈ കരുത്തിലായിരുന്നു. വായനക്കാരുള്ള കാലത്തോളം എഴുതാൻ വിധിക്കപ്പെട്ട ആത്മാവുള്ള ഒരു യന്ത്രമാണ്‌ എഴുത്തുകാരിയെന്ന്‌ മാധവിക്കുട്ടി പറഞ്ഞതിന്‌ ഇപ്പോൾ കൂടുതൽ പ്രസക്തിയുണ്ട്‌.

എം കെ ഹരികുമാർ അഭിമുഖം/കലാപൂർണ

by sailesh nair

നവാദ്വൈതം/എം കെ ഹരികുമാറുമായി അഭിമുഖം-രാജേന്ദ്രൻ നിയതി

എം കെ ഹരികുമാറുമായി അഭിമുഖം/റഷീദ് പാനൂർ

കവി അയ്യപ്പൻ ,ചങ്ങമ്പുഴയ്ക്ക് ശേഷം/എം കെ ഹരികുമാർ

കവി അയ്യപ്പൻ ചങ്ങമ്പുഴയ്ക്ക് ശേഷം/എം കെ ഹരികുമാർ
poet a  ayyappan, after the great changampuzha 

പുതിയ കലയുടെ അനുഭവം/ എം കെ ഹരികുമാർ

ശ്രീനാരായണായ ലൈബ്രറി കൗൻസിൽ തിരഞ്ഞെടുത്തു

sreenarayanaya/novel by m k harikumar
page 526, price 560

മറവി/ എം കെ ഹരികുമാർ

മറവി ഒരു നല്ല രുചിയാണ്.
വെണ്ണയോ ഐസ്ക്രീമോ ആണത്.
അല്ലെങ്കിൽ നമ്മൾ മറക്കില്ലയിരുന്നല്ലൊ.
നമ്മൾ പരസ്പരം ഓർത്തപ്പൊളൊക്കെ 
ആരോ നമ്മെ പിന്നോട്ട് പിടിച്ച് വലിച്ചുകൊണ്ടിരുന്നു
നിന്റെ ഓർമ്മകൾ വേഗം തിരിച്ചുകിട്ടുമെന്നും
അതു എന്നിലേക്കു ധൃതിപിടിച്ച് 
ഓടിയെത്തുമെന്നും ഞാൻ കരുതി.
എന്നാൽ ഏതോ  ഗാഢമായ ഒരു വസ്തു,
 ജീർണിച്ച  തടിക്കഷണം പോലെ ,
നമ്മുടെ മനസ്സിന്റെ ഒഴുകുന്ന വെള്ളത്തിൽ വന്നുകിടന്നു .
മനുഷ്യ സാധ്യമായ ഒരു ശക്തിക്കും അതു മാറ്റാനാകില്ല.
കാലം അതിന്റെ ഇരുണ്ട വഴികളിൽ വീണ്ടും അനാഥമായി.
ആരെയും ഓർക്കുകയോ 
പഴയതു പറഞ്ഞ് അലമ്പുണ്ടാക്കുകയോ ചെയ്യാതെ
അതു നമ്മെപ്പോലെയുള്ള ക്രൂര നിഷ്കളങ്കരെ 
the starry night by vangogue

ഒരു വശത്തേക്കു തള്ളിയിടുകയാണ്‌ ചെയ്യുന്നത് .
 പതിവു പോലെ പേരില്ലാത്ത കാക്കകൾ ഇരതേടാനെത്തുന്നു.
ആരെയും ഓർത്തുവയ്ക്കാത്തപോലെ 

തെരുവുപട്ടികൾ ; അവ ക്രീഡയിലേർപ്പെട്ടുകൊണ്ടിരുന്നു .
ചില പേരറിയാമരങ്ങളിലെ ഇലകൾ വാടിയെങ്കിലും
അവ മറവിബാധിച്ച് താഴേക്ക് വീഴാൻ മടിച്ചു.
രാത്രിയിൽ ആകാശത്തിന്റെ മരുഭൂമിയിൽ 
ഒരു നക്ഷത്രം മാത്രം കൂടുതൽ മിന്നുന്നുണ്ടായിരുന്നു. 
അതു എനിക്കു വെളിച്ചം തന്നു വഴിക്കാണിക്കാൻ ഔദാര്യം കാണിച്ചു. 
വാൻഗോഗിന്റെ* നക്ഷത്രങ്ങളെപ്പോലെ .
ചന്ദ്രന്റെ ആഭിചാരമായ പ്രകാശം
haystack by monet

ഒരു വർണത്തിലും ഒതുങ്ങാത്ത പോലെ അഭൗമമായി.
രാത്രിയിൽ ശൂന്യത പാപവിമുകതമാകാൻ പാടുപെട്ടു.

അതു വൃക്ഷച്ചില്ലകളിൽ തലപൂഴ്ത്തുന്ന

ഇരുട്ടുകറ്റകളെ ഓർമ്മിപ്പിച്ചു.
മറവിയാണ് എവിടെയും ;

അത് നമ്മെ  പിന്തുടരുന്നു .

*vincent  vangogue :starry night
*claude monet :haystacks

Design a site like this with WordPress.com
Get started