ente manifesto
എന്റെ മാനിഫെസ്റ്റോ -എം.കെ.ഹരികുമാർ
ente manifesto
ente manifesto
ഒരു ഗ്ളാസ് വെള്ളം
തറയിലേക്ക് മറിഞ്ഞൊഴുകി.
വെള്ളം തറയില്‍ പലതലകളായി നാമ്പെടുത്തു
ഫണങ്ങള്‍ മത്സരിച്ച് തലപൊക്കി നീങ്ങി.
അല്ല, അവ അങ്ങനെ ഭാവിച്ചു.
ഉപരിതലത്തിലെ ചെറിയ കുഴികള്‍
വളരെ അഗാധമാണെന്ന് നടിച്ച്
വളഞ്ഞും പുളഞ്ഞും ഒഴുകി.
ഞാനും ഒരു ഫണമായി ,
ആ തലകളിലൊന്നായി
തറയിലെന്തോ വീണത്
പരതുകയാണെന്ന വ്യാജേന
ഇഴഞ്ഞും ഒഴുകിയും കളിച്ചു
ചില സമയത്ത് നമ്മള്‍
ആരോടും ഒന്നും പറയരുത്.
ആര്‍ക്കും ഒന്നും മനസ്സിലാകില്ല.
ഒന്നിലും മനസ്സിലാക്കാന്‍ ഒന്നുമില്ല
എന്ന് തോന്നിപ്പിച്ചുകൊണ്ട് ചില മൗനങ്ങൾ
ജീവിതത്തെ വല്ലാതെ അപഹസിക്കും!
ഒരിക്കല്‍ നമുക്ക് എല്ലാ അര്‍ത്ഥങ്ങളും
ഉണ്ടാകുന്നു.
അതേപോലെ ഒരിക്കല്‍ എല്ലാ സൂചനകളും
നഷ്ടമാകുന്നു.
ഒന്നുകില്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യമേയല്ല.
മറ്റുള്ളവരാണ് നമ്മളെ
നിര്‍വ്വചിക്കുന്നത് ,
ഉണ്ടെന്ന് ഭാവിക്കുന്നത്,
ഇല്ലാതാക്കുന്നത്.