എന്റെ മാനിഫെസ്റ്റോ 6 –

മാനിഫെസ്റ്റോ- 6

ഓരോ വസ്തുവും പുതുതായി ജനിക്കുന്നു

എം. കെ. ഹരികുമാർ

ഇന്നലെ കണ്ട പൂവല്ല, ഇന്നത്തേത്‌. അത്‌ നാമറിയാതെ ആയിരംവട്ടം മാറി. ഈ മാറ്റം അറിയുന്നതിൽ നാമെത്ര വേഗം കാണിക്കുന്നുവോ, അത്രയും നമുക്ക്‌ സാഹിത്യകലയിലേക്ക്‌ എത്താനാകും. വാൻഗോഗ്‌ ഗോതമ്പുപാടത്തിന്റെ പടം വരച്ചു കൊണ്ടിരിക്കുന്നതിടയിൽപ്പോലും അത്‌ മാറുന്നുണ്ട്‌. ഈ മാറ്റമാണ്‌ കലാകാരനെ ഭ്രാന്തനാക്കുന്നത്‌. ഓരോ വസ്തുവും അതായിരിക്കാൻ ശ്രമിക്കുന്നുവെന്ന സ്പിനോസ (Spinoza)യുടെ തത്വം, പക്ഷേ എഴുത്തുകാരന്‌ വെല്ലുവിളിയാണ്‌. വസ്തുവിനെ മാറ്റുന്നത്‌ എഴുത്തുകാരനാണ്‌. വസ്തുക്കൾക്ക്‌ സ്വയം മാറാനൊക്കില്ലെന്നറിഞ്ഞുകൊണ്ടുതന്നെ , അവയെ അഴിച്ച്‌ പുതിയ രീതിയിൽ പുനസംഘടിപ്പിക്കേണ്ട ജോലി പുതിയ യാഥാർത്ഥ്യം തേടലാണ്‌. ഇന്നലെ കണ്ട അസ്തമയമോ, സാന്ധ്യഭംഗിയോ ആയിരിക്കില്ല ഇന്നത്തേത്‌. അതുപോലെ ഓരോ വസ്തുവിലും ,മനുഷ്യൻ അഭിമുഖീകരിക്കുന്നതോടെ വരുന്ന മാറ്റത്തെ കാണുകയാണ്‌ മുഖ്യം.

കൈയ്യൊന്ന്‌ വീശിയാൽ പുതിയ യാഥാർത്ഥ്യങ്ങൾ ഉണ്ടാകുമെന്ന്‌ പറഞ്ഞ നദീൻ ഗോർഡിമർ ഈ കലയാണ്‌
ഉൾക്കൊള്ളുന്നത്‌. വസ്തുക്കൾ സ്വയം മാറുന്നില്ലെങ്കിലും, അവയുടെ പൂർണ്ണ യാഥാർത്ഥ്യം നമുക്ക്‌ അജ്ഞാതമാണ്‌. പരസ്പരം പൊരുത്തപ്പെടാത്ത യാഥാർത്ഥ്യങ്ങളെ ഓരോ വസ്തുവും പേറുന്നു. ഒറ്റ യാഥാർത്ഥ്യമേയല്ല അത്‌. ആശയങ്ങളുടെ യുദ്ധമേഖല എങ്ങനെ ഒറ്റയാഥാർത്ഥ്യമാകും? നമ്മൾ മനസ്സിലാക്കുന്ന യാഥാർത്ഥ്യങ്ങളുടെ തന്നെ വലിയൊരു ഭാഗം വ്യക്തമല്ല. കാഫ്കയുടെ മുൻഗാമികളെപ്പറ്റി ബോർഹസ്‌ പറയുന്നിടത്ത്‌ ഈ തരത്തിലുള്ള ചില യാഥാർത്ഥ്യങ്ങളുടെ പ്രശ്നങ്ങളെ സ്പർശിക്കുന്നുണ്ട്‌. കാഫ്കയുടെ രചനകളുടെ മുൻഗാമിയായി ബോർഹസ്‌ കണ്ടെത്തിയ മൃഗം ചൈനീസ്‌ കഥകളിൽ വാഴ്ത്തപ്പെട്ടതും ശുഭസൂചനകളടങ്ങിയതുമാണ്‌ .

എന്തുകൊണ്ടോ ആ മൃഗം പൂർണ്ണമായി പിടിതരുന്നില്ല. അതിനെ എല്ലാവരും കാണാനാഗ്രഹിക്കുന്നു. അത്‌ കഥകളിലും മറ്റും പരിചിതമാണ്‌. എന്നാൽ അതിനുഎന്തിനോടാണ്‌ രൂപ സാദൃശ്യമെന്ന്‌ പറയാൻ കഴിയില്ല. അത്‌ ചിലപ്പോൾ പശുവോ കഴുതയോ പോലെയാകാം. വ്യക്തമായ അറിയില്ല. അതിനെ കാണാനായി കാത്തുനിൽക്കുന്ന നമ്മുടെ മുമ്പിലൂടെ അത്‌ വന്നാൽപ്പോലും തിരിച്ചറിയാൻ കഴിയില്ലത്രെ. ഇത്‌ ആ മൃഗം എന്ന യാഥാർത്ഥ്യത്തെപ്പറ്റിയുള്ള വിഷമ പ്രശ്നമാണ്‌. നമുക്ക്‌ അതിനെയറിയാം; എന്നാൽ ശരിക്കറിയില്ല. വാസ്തവത്തിൽ ഇതുപോലെ പകുതി അറിഞ്ഞും അറിയാതെയുമുള്ള ആശങ്കകളുടെ കളി എപ്പോഴും ഏതിലും പ്രതീക്ഷിക്കാം. ജീവിതവും ആ മൃഗത്തെപ്പോലെ തന്നെയാണ്‌.

ജീവിതത്തിന്റെ സന്തോഷവും സത്യവുമെല്ലാം നാം ഏറ്റെടുക്കുമ്പോൾതന്നെ, മറ്റേപകുതി ഇരുളിലാണ്‌. സത്യത്തിനപ്പുറം, സൗന്ദര്യത്തിനപ്പുറം സന്തോഷത്തിനപ്പുറം എന്താണെന്നറിയില്ല. ഇരുളിൽ മരണവും ദുഃഖവും തഴച്ചുവളരുകയാണ്‌. മരണമെന്ന ഇരുളിന്റെ മുമ്പിൽ നിൽക്കുമ്പോഴും നമുക്ക്‌ അതറിയാൻ കഴിയുന്നില്ല. വസ്തുക്കൾ, അതുകൊണ്ട്‌ നമുക്ക്‌ അറിയത്തക്കതല്ല. അവ സ്വയം നിരസിക്കുന്നില്ല. എന്നാൽ എഴുത്തുകാരൻ അവയെ സ്വയം നിരാസത്തിലേക്ക്‌ കൊണ്ടുവരണം. അവയുടെ ആന്തരികമായ മാറ്റത്തെ അന്വേഷിക്കാൻ ശ്രമിക്കണം.
ഓരോ വസ്തുവും പുതുതായി ജനിക്കുന്നു. അത്‌ ചരിത്രത്തിലുള്ളതോ ഇപ്പോഴുള്ളതോ വരാനുള്ളതോ ആയ സമയത്തൊന്നും ഏകീകരിക്കുന്നില്ല .

എന്നാൽ വസ്തുവിനു പുതിയ അർത്ഥലോകങ്ങൾ ഉണ്ടാക്കികൊടുക്കേണ്ടത്‌ എഴുത്തുകാരനാണ്‌.

പുതിയ വസ്തുവിനെ കാണാൻ കഴിയുന്നില്ലെങ്കിൽ എന്തിനെഴുതണം? ഇന്നലെ വിരിഞ്ഞ പൂവിൽ ഇന്ന്‌ പുതിയൊരു പൂവിനെ കാണാൻ കഴിയുന്നില്ലെങ്കിൽ അവിടെ എഴുത്തിനു പ്രസക്തിയില്ല.
വസ്തുക്കളെ പുനർനിർമ്മിക്കുന്നത്‌, നവാദ്വൈതമാണ്‌. എന്തിനാണ്‌ ഈ പുനർനിർമ്മാണം? ഇത്‌, ഓരോ

വസ്തുവിന്റെയും ഉള്ളിലുള്ള മൗലികവാദത്തെയും ഗതകാല ആഭിമുഖ്യത്തെയും നിശ്ചലാവസ്ഥയെയും മാറ്റി പ്രാപഞ്ചികമായ ലോകാവസ്ഥയ്ക്കു പ്രധാനമായ ഉണ്മകളിലേക്ക്‌ പരിവർത്തനം ചെയ്യുന്നതിനാണ്‌. ഇങ്ങനെ പരിവർത്തനത്തിനു വിധേയമായില്ലെങ്കിൽ നവമായ അനുഭവം അസാധ്യമാകും. ഏതു വസ്തുവിനെയും അതല്ലാതാക്കുകയാണ്‌ എഴുത്തുകാരന്റെ ജോലി. ഒന്നിനെയും അതായിരിക്കാൻ മാനസികമായി അനുവദിക്കരുത്‌. വസ്തുവിനെ അതിൽനിന്ന്‌ മോചിപ്പിക്കുക എന്നതാണ്‌ കലാപം. ഇതിലൂടെ വസ്തുവിന്റെ മൗലികവാദം ഉപേക്ഷിച്ച്‌, നവാദ്വൈതത്തിലേക്ക്‌ സംക്രമണം സാധ്യമാകും.

ഏത്‌ വസ്തുവാണോ അതായിതന്നെ നിലനിൽക്കുന്നത്‌, അത്‌ യാഥാർത്ഥ്യത്തിന്റെ വീക്ഷണത്തിൽ സാഹിത്യപരമല്ല. ഒരു പൂർണ്ണ യഥാർത്ഥവസ്തുവില്ല. അതുകൊണ്ട്‌ പൂർണ്ണ

യഥാർത്ഥവസ്തുവെന്ന നിലയിൽ ഒന്നും സാഹിത്യത്തിൽ നിൽക്കാൻ പാടില്ല. ഇതിനു അനുഭവസാധ്യതയില്ല. ഏത്‌ വസ്തുവിനെയും അതിന്റെ മൗലികവാദത്തിൽ നിന്ന്‌, അതായിരിക്കുന്ന അവസ്ഥയിൽ നിന്ന്‌ മാറ്റി, അതിനു പ്രത്യക്ഷത്തിൽ അപരിചിതമായ വിതാനത്തിലേക്ക്‌ ഉയർത്തുമ്പോഴാണ്‌ കലയുണ്ടാകുന്നത്‌.
ഇത്‌ റിയലിസത്തിന്റെ മറ്റൊരു മാനമാണ്‌. നമുക്ക്‌ പരിചിതമായ മുഖം കലാകാരൻ കാണിച്ചു തരേണ്ടതില്ല. ഫോട്ടോഗ്രാഫിയിൽപ്പോലും യഥാർത്ഥ രൂപങ്ങളെ അതിശയപ്പെടുത്തുന്ന ദൃശ്യങ്ങളാണ്‌ പരിചയപ്പെടുത്താൻ ശ്രമിക്കുന്നത്‌. ഒരു മരത്തിന്റെയോ യുവതിയുടെയോ യഥാർത്ഥ ചിത്രമല്ല, നല്ല ഫോട്ടോകളിൽ കാണുന്നത്‌. ചില യാഥാർത്ഥ്യങ്ങൾ കൂട്ടിച്ചേർത്ത അലൗകികതയുടെപോലും അംശങ്ങൾ വീണുകിടക്കുന്ന ചിത്രങ്ങൾ ഉണ്ടാകുന്നു.
വസ്തുവിനെ അതായിത്തന്നെ പകർത്താൻ ശ്രമിക്കുന്ന കലയിലും എഴുത്തിലും ആവർത്തനം മാത്രമേയുള്ളു.

കലയിൽ ജീവിതം വേണമെന്ന്‌ ഈ കാലത്തും പറയേണ്ടതുണ്ടോ?
വസ്തുക്കളെ ആന്തരികമായ പരിവർത്തനത്തിനു നിർബന്ധിക്കാത്ത രചനകൾ യന്ത്രങ്ങളെപ്പോലെയാണ്‌. മറ്റാരോ സ്വിച്ചിട്ടാൽ കറങ്ങുന്നവയാണ്‌. വസ്തുവിന്റെയുള്ളിലെ മൗലികതത്വവാദം പോയിക്കഴിഞ്ഞാൽ, അതിനു പ്രപഞ്ചത്തിലെ ഏത്‌ യാഥാർത്ഥ്യവുമായി സഹവസിക്കാനും ലയിക്കാനും കഴിയും. ഇതാണ്‌ നവാദ്വൈതത്തിന്റെ പ്രക്രിയ. ഏത്‌ വസ്തുവിനും അതായിരിക്കുന്ന അവസ്ഥയിൽ നിന്ന്‌ മോചനം നേടാനും, ഇതര വസ്തുക്കളുടെ സമാനമായ പ്രക്രിയകളിൽ പങ്കെടുക്കാനുമുള്ള ആന്തരികാസക്തിയെ അറിയുകയാണ്‌ എഴുത്തിന്റെ പ്രാണൻ. ഓരോന്നും സാഹിത്യകൃതികളിലൂടെ പുതുതായി ജനിക്കുകയാണ്‌ .മരങ്ങളും മേഘങ്ങളും പ്രകൃതിയുമെല്ലാം ഈവിധം നവമായി ജനിച്ചാണ്‌ കവിതയുണ്ടാകുന്നത്‌. കവിതയിൽ നിന്ന്‌ ഈ ജനിതക കുതിച്ചുചാട്ടത്തെ ഒഴിച്ചുനിർത്തിയാൽ പിന്നെ കവിതയില്ല. കവിതയെ ബിംബവൽക്കരിക്കുന്നതിലൂടെ ആകാശം വിസ്തൃതിയിൽ നിന്ന്‌ ചുരുങ്ങി ആകാശഖണ്ഡമായി പുനർജനിക്കുന്നു. അതിന്റെ അർത്ഥവും സമസ്യയുമെല്ലാം മാറി പുതിയ ജാതകം നേടുന്നു. മരങ്ങൾ മഹാരണ്യകങ്ങളിൽ നിന്ന്‌ വഴുതിമാറി കവിതയിൽ ഏകാത്മകമായ വിചാരലോകമായി മാറുന്നു. കവിതയെ ബിംബവൽക്കരിക്കുന്ന മരങ്ങൾ, അതിനായി സ്വയം നിരസിച്ച്‌, മറ്റൊന്നായി മാറി നവീകരണം തേടുന്നു.

പ്രകൃതിയിലേക്ക്‌ നോക്കി, മറ്റൊരു പ്രകൃതിയെ കാണുകയാണ്‌ കവി. ഇങ്ങനെ പ്രകൃതിയുടെ അർത്ഥത്തെ പുനർനിർമ്മിക്കുന്നു. പ്രകൃതിവസ്തുക്കളെ അതായി, അതിന്റെ വ്യവസ്ഥയിൽ തുടരാൻ വിടാതെ മറ്റൊന്നാക്കുകയാണ്‌ കവിയുടെ കർമ്മം. ഇതിലൂടെ പ്രകൃതി വസ്തുക്കൾക്ക്‌ മൗലികവാദം നഷ്ടപ്പെടുന്നു. കുമാരനാശാന്റെ ‘വീണപൂവ്‌’ ഇതിനുദാഹരണമാണ്‌. ഇതിലെ പൂവ്‌ സാധാരണ വീഴാറുള്ള പൂവല്ല. ഒരു പൂവ്‌ പ്രത്യേകമായി വീണിരിക്കയാണ്‌. പൂവ്‌ മാത്രമാണത്‌. എന്നാൽ അത്‌ , ഇന്നലെ വിരിഞ്ഞുനിന്ന പൂവല്ല. അതിനു മറ്റൊന്നായി മാറേണ്ടിവന്നിട്ടുണ്ട്‌. പൂവിനുള്ളിലെ മൗലികവാദം പോയശേഷമുള്ള പൂവാണത്‌.
ഇങ്ങനെ വസ്തുക്കളെ ആന്തരികമായ പരിവർത്തനത്തിലേക്ക്‌ നയിക്കുന്നതാവണം സാഹിത്യം. വായിക്കുന്നവനും അപ്പോൾ, തന്റെ ചുറ്റിനുമുള്ള ലോകം മാറിയതാണെന്ന്‌ തോന്നും.

എന്റെ മാനിഫെസ്റ്റോ -5:എം.കെ.ഹരികുമാർ

സ്വയം നിരാസം

സ്വയം നിരസിക്കാനുള്ളതരത്തിൽ തത്വബോധത്തെ വികസിപ്പിച്ചില്ലെങ്കിൽ ഏത്‌ ആശയവും മൗലികവാദമായിത്തീരും. ആശയങ്ങളും വസ്തുക്കളും പിറവിയിൽ തന്നെ മൗലികതത്വവാദസമീപനമാണ്‌ കൈക്കൊള്ളുന്നത്‌. ഒരു ത്രികോണത്തിനു മൂന്ന്‌ മൂലകളുണ്ടെന്നത്‌, അതിന്റെ മൗലികനിയമമാണ്‌. ആ നിയമത്തെ മാറ്റാൻ കഴിയുന്നതല്ലെങ്കിൽ, അതിനു ആന്തരികമായി സ്വയം നിരസിച്ചു കൊണ്ട്‌ മറ്റൊന്നിലേക്ക്‌ ലയിക്കാനൊക്കില്ല.
.
സ്വയം ആയിരിക്കുക എന്നതാണ്‌ മൗലികവാദം. സ്വയം ചിന്തിക്കുക എന്നതാണ്‌ അസ്തിത്വവാദം. ഇതിനു രണ്ടിനും ഒരു തിരുത്ത്‌ പരിശോധിക്കുകയാണ്‌ ഇവിടെ. ശിവം, സത്യം, സൗന്ദര്യം, അസ്തിത്വം, അനുഭവം തുടങ്ങിയ ആശയങ്ങളെല്ലാം അവയുടേതായ ഭാവത്തിൽ, നിലനിൽപിൽ മൗലികവാദത്തെ ചൂഴുന്നു. ശിവത്തിനും, സത്യത്തിനും സ്വയം അതാതിന്റെ സ്ഥാനത്തു നിന്ന്‌ മാറാനൊക്കില്ല ശിവം അതിനെ നിഷേധിക്കുന്നതായ സൂചന, ശിവം പുറപ്പെടുവിക്കുന്നില്ല. ശിവം അതിന്റെ തന്നെ ചുമരുകൾക്കുള്ളിലാണ്‌. ശിവം ശിവമായിരിക്കുന്നത്‌, അതിനു ഒരു കേന്ദ്രവും നാലതിരുകളും ഉള്ളതിനാലാണ്‌.

എന്നാൽ ശിവമാകട്ടെ, സത്യമാകട്ടെ, അതാതിനെ നിഷേധിക്കുമ്പോഴേ, മൗലിക വാദമല്ലാതായിരിക്കുന്നുള്ളു.
കുറേക്കൂടി പ്രാപഞ്ചികവും അതിരുകൾക്കപ്പുറത്തുള്ളതും വികസിതവുമായ ലോകത്തെ തേടുക എന്നത്‌ ഏത്‌ ആശയത്തിന്റെയും വിധിയാണ്‌. അതുകൊണ്ട്‌ സത്യത്തിനും സൗന്ദര്യത്തിനും സ്വയം നിരസിക്കേണ്ടതുണ്ട്‌. ഏത്‌ ആശയവും സ്വയം നിരസിക്കാതിരിക്കുന്നത്‌ പരിമിതിയാണ്‌. സ്വയം തള്ളിക്കളയുമ്പോൾ അത്‌ മറ്റൊന്നിലേക്കുള്ള സാക്ഷാത്കാരമായിത്തീരുന്നു. സ്നേഹം എന്നത്‌ ഈ സാക്ഷാത്കാരത്തിന്റെ ഒരു രൂപമാണ്‌. സ്വത്വം എന്ന്‌ പറയുന്നത്‌, ഈ സാക്ഷാത്കാരത്തിനു വിരുദ്ധമാണ്‌. സ്വത്വത്തിനുവേണ്ടി അമിതമായി വാദിച്ചതുകൊണ്ട്‌ മലയാള സാഹിത്യകൃതികൾ സ്വയം തീർത്ത തടവറയ്ക്കുള്ളിലായി. പുറത്തേക്ക്‌ ഒഴുകാൻ പറ്റാത്തവിധം
ഉള്ളിൽ ബന്ധിതമാണ്‌.

സ്നേഹിക്കണമെങ്കിൽ സ്വത്വം നിരസിക്കണം. അതുകൊണ്ട്‌, വ്യക്തിക്ക്‌ സ്വത്വരാഹിത്യമാണ്‌ നല്ലത് .
ആശയങ്ങൾക്കും ഈ സ്വഭാവമുണ്ടാകണം. ഉള്ളിലുള്ള മൗലികവാദങ്ങളെ കരിച്ചുകളഞ്ഞ്‌, കൂടുതൽ വലിയ ലോകങ്ങളുടെ പൊരുളുകൾ തേടുന്നതിനെ നവാദ്വൈതമായാണ്‌ ഞാൻ വീക്ഷിക്കുന്നത്‌.
സ്വയം നിരസിച്ചുകൊണ്ടാണ്‌ തത്വങ്ങൾ വികസിക്കേണ്ടത്‌. എല്ലാം മൗലികവാദമായിരിക്കുന്നത്‌ ഭീഷണമാണ്‌.
ഇതിൽ നിന്ന്‌ മുന്നോട്ടുപോയി, ഓരോന്നിനെയും സ്വയം നിരസിക്കുന്ന തരത്തിലേക്ക്‌ വളർത്തുമ്പോഴാണ്‌ എഴുത്തുകാരൻ ഉണ്ടാകുന്നത്‌. അപ്പോൾ മാത്രമാണ്‌ അയാൾ ലോകത്തോട്‌ സംസാരിക്കുന്നത്‌. അദ്വൈത്തിൽ, വിഭിന്നങ്ങളായ വസ്തുക്കളും ആശയങ്ങളും ഇല്ലെന്നും, എല്ലാം ബൃഹത്തായ ഒന്നിൽ നിക്ഷിപ്തമാണെന്നും പറയുന്നു. എന്നാൽ ഇത്‌ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണ്‌. അതായത്‌ നാം പിറവിയിൽ തന്നെ അദ്വൈതത്തിന്റെ ഭാഗമാണ്‌. നാമത്‌ അറിയുകയേ വേണ്ടു. അതേസമയം നവാദ്വൈതത്തിൽ ഈ അറിവിനുവേണ്ടിയല്ല പോരാട്ടം. നാം ഏറ്റെടുക്കേണ്ട ചുമതല പ്രധാനമാണ്‌. നാം ചിന്തിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്തതുകൊണ്ട്‌ മാത്രം മൗലികവാദത്തിൽ നിന്ന്‌ രക്ഷപ്പെടനൊക്കില്ല ,സ്വയം നിരസിക്കണം. ഇതിനു കർമ്മം വേണം. നാം മൗലികവാദപരമായ ആശയമാകാതിരിക്കുക എന്ന ശ്രമകരമായ ജോലിയാണത്‌. അതിൽ നിന്ന്‌ വികസിച്ചാണ്‌ നവാദ്വൈതിയാകുന്നത്‌.

അപരലോകങ്ങൾ ,മറ്റ്‌ പ്രാണികൾ, മനുഷ്യജീവികൾ എല്ലാം നമ്മുടെ മൗലികവാദം വിട്ട്‌ സാക്ഷാത്കാരം നേടാനുള്ള ഇടങ്ങളാണ്‌. സ്വയം നിരസിക്കാത്ത ആശയം സംസ്കാരത്തിനു തടസ്സമാണ്‌; അത്‌ യാഥാസ്ഥിതികമായിത്തീരുകയാണ്‌ ചെയ്യുന്നത്‌. എന്നാൽ സ്വത്വവാദം വിഘടനവാദമാണ്‌. സംയുക്തത്തിലേക്ക്‌ വരുന്നതിൽ നിന്ന്‌ അത്‌ ഓരോവ്യക്തിയെയും തടസ്സപ്പെടുത്തുന്നു.

സ്വയം നിരസിച്ചതുകൊണ്ടാണ്‌ കാഫ്കയുടെ കഥാപാത്രങ്ങൾ, തങ്ങൾക്ക്‌ അപ്പുറത്തുള്ള ലോകങ്ങളെയോർത്ത്‌ ഉത്കണ്ഠപ്പെടുന്നത്‌. സ്വയം നിരാകരിച്ചുകൊണ്ട്‌, യുക്തിയുടെ സമസ്യയെതേടുന്ന കാഫ്കയുടെ സാഹിത്യം ശാസ്ത്രമാണെന്ന്‌ കാണാം. ഏതാണ്‌ യാഥാർത്ഥ്യം എന്ന്‌ യുക്തിയിലൂടെ തിരയുന്നു.യുക്തിയാകട്ടെ യുക്തിരാഹിത്യത്തെ തന്നെ നിർമ്മിക്കുകയും അതിലൂടെ പുതിയൊരു യുക്തിയെ സൃഷ്ടിക്കുകയും ചെയ്യുന്നു
സാഹിത്യത്തിനുള്ളിൽ സയൻസാണുള്ളത് , ഊർജ്ജതന്ത്രം തന്നെയാണത്‌. എന്നാൽ സയൻസിലുള്ളത് ഭാവനയും സാഹിത്യ സംജ്ഞയുമാണ്‌.

.
വാണിജ്യത്തിലും ഉപഭോഗരംഗത്തും വിജയിക്കുന്നത്‌ മനശ്ശാസ്ത്രമാണ്‌. സാഹിത്യത്തിനു സ്വയം നിരസിക്കാൻ കഴിയുമ്പോഴാണ്‌, അതിനു ശാസ്ത്രത്തെ ഉള്ളിൽ പ്രതിഷ്ഠിക്കാൻ കഴിയുന്നത്‌.
അസ്ത്വത്തിന്റെ സ്ഥാപാനവത്കരണമല്ല, സ്വയം നിരാസത്തിന്റെ അനുസ്യൂതിയാണ്‌ സാഹിത്യത്തിനു അർത്ഥങ്ങൾ നൽകുന്നത്‌. ഈ നിരാസം അതിഭൗതികവും സൗന്ദര്യാത്മകവുമായ അതീതത്വവും ലയവും നൽകുന്നു. സാഹിത്യകൃതി സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌, ഉറച്ചുപോയ ആശയങ്ങളല്ല. ഉറച്ചുപോയ മൂല്യങ്ങളെ അവയിൽ നിന്ന്‌ മോചിപ്പിച്ച്‌, (അവയോരോന്നും സ്വയം നിരസിക്കുന്നതിലൂടെ) പുതിയ ബൃഹത്തായ പ്രാപഞ്ചികാവസ്ഥകളിലേക്ക്
നയിക്കുന്നു. ഓരോ വായനയിലും ഈ നിരാസമുണ്ട്‌. അതുകൊണ്ട്‌ സാഹിത്യത്തിനു ഭാവുകത്വം
അസ്വാതന്ത്ര്യമാണ്‌ ഉണ്ടാക്കുന്നത്‌. ഭാവുകത്വം പ്രത്യേക സിദ്ധിയുള്ളവരെ മാത്രമാണ്‌ തേടുന്നത്‌. പ്രത്യേക ശ്രേണികൾ അത്‌ തിരയുന്നു. ഒരു വിഭാഗത്തിന്റെ ആത്മീയമായ അന്വേഷണങ്ങൾക്ക്‌ എന്നന്നേക്കുമായുള്ള പരിധിനിശ്ചയിക്കുകയാണ്‌ ഭാവുകത്വം ചെയ്യുന്നത്‌.

ആശയങ്ങളും പുരാതന സംജ്ഞകളും സത്യങ്ങളും അവയുടെ പ്രാക്തനവും ഉറച്ചുപോയതുമായ മൗലികഭാവങ്ങളെ ഉപേക്ഷിച്ച്‌ സഞ്ചരിക്കാൻ തുടങ്ങുന്നതോടെ ഭാവുകത്വം കാലഹരണപ്പെടുന്നു. ഭാവുകത്വത്തിന്റെയൊപ്പം നിന്നാൽ നമ്മെ ചരിത്രത്തിന്റെ യാഥാസ്ഥിതികത്വത്തിലേക്ക്‌ വലിച്ചുകൊണ്ടുപോകാനിടവരും.
ഭാവുകത്വം ഭീഷണിയാണ്‌. പ്രത്യേക ചിന്തയുള്ളവർക്ക്‌ മാത്രമായി ഒരാൾക്ക് എഴുതാനൊക്കില്ല .
എഴുതുമ്പോൾ എല്ലാവരെയുമാണ്‌ നാം ലക്ഷ്യംവയ്ക്കുന്നത്‌. ഭാവുകത്വത്തിന്റെ ചിറകിലേറിയാൽ നമുക്ക്‌ അധികകാലം പോകാനോക്കില്ല. പരിമിതികൾ മാത്രമാവും ബാക്കിയാവുക.

kerala sahithya academy award to m k harikumar

sahithya academy vilasini award [2010]

to

m k harikumar’s

NAVADWAITHAM- VIJAYANTE NOVALUKALILUTE.

sahithya academy vilasini award to m k harikumar

madhyamam , 12 march 2010

mangalam 12 march 2010

tripunithura news 20 march 2010

malayala manorama 12, march 2010

kerala kaumudi, 12 march 2010

എന്റെ സാഹിത്യ മാനിഫെസ്റ്റോ 3

സൗന്ദര്യത്തിന്റെ എഞ്ചിനീയറിംഗ്
എം. കെ. ഹരികുമാര്‍

ചില കമ്പ്യൂട്ടർ സ്ക്രീൻ സേവറുകൾ നമ്മെ മതിഭ്രമത്തിലേക്ക്‌ തള്ളിവിടും. ഒരു കെട്ടിടത്തിനകത്തേക്ക്‌ നമ്മെ നയിക്കുകയാണെന്ന്‌ ഭാവിച്ച്‌, കൊണ്ടുപോയി മറ്റൊരു മുറിയിലേക്ക്‌ നീങ്ങും. അവിടെയും നിലയുറപ്പിക്കാനാകില്ല. മൂലകളും ഇടനാഴികളും മാറിക്കൊണ്ടിരിക്കും. 10 മിനിട്ടുനേരം നോക്കി നിന്നാൽ തലചുറ്റും. സ്ഥലകാലഭ്രമമുണ്ടാകും. അതുപോലെയാണ്‌ സ്ക്രീൻ സേവർ പൈപ്പുകളുടെയും കാഴ്ച. പൈപ്പുകൾ എന്ന്‌ പേരിട്ടിട്ടുള്ള സ്ക്രീൻ സേവറുകൾ നമ്മെ അതിശയിപ്പിക്കുന്ന യന്ത്രലോകത്തേക്കാണ്‌ നയിക്കുന്നത്‌. എണ്ണക്കുഴലുകളുടെ അനേകം ശ്രേണികൾ നിമിഷനേരം കൊണ്ട്‌ രൂപപ്പെടുന്നു. ഏതോ വലിയ റിഫൈനറിയാണെന്ന്‌ തോന്നിപ്പിക്കും. വലിയ എഞ്ചിനീയറിംഗ്‌ കൗശലത്തെ ഓർമ്മിപ്പിക്കുന്ന ഈ പൈപ്പുകൾ സൈബർ നിർമ്മിതിയാണ്‌. യഥാർത്ഥമായ പൈപ്പുകളുമല്ല അവ. അത്‌ വ്യാജമാണെന്ന്‌ അറിയുന്ന ക്ഷണത്തിൽ തന്നെ അത്‌ സ്ക്രീനിൽ നിന്ന്‌ മായുകയും പകരം മറ്റൊന്ന്‌ തെളിയുകയും ചെയ്യും.

കഷ്ടപ്പെട്ട്‌ ഉണ്ടാക്കുന്ന ഈ പൈപ്പുകൾ യന്ത്രനാഗരികതയുടെ സങ്കീർണ്ണമായ പ്ലാന്റുകളിലേക്കും നമ്മുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്‌. അതേ സമയം തന്നെ, അത്‌ വ്യാജവുമാണ്‌. വ്യാജമാണെന്ന്‌ അംഗീകരിച്ചുകൊണ്ടുതന്നെ നമുക്ക്‌ അത്‌ ആസ്വദിക്കേണ്ടിവരും. എന്തിനാണ്‌ ഒരാൾ വ്യാജമായി ഇത്തരം പൈപ്പുകൾ സൈബർ ലോകത്ത്‌ നിർമ്മിക്കുന്നത്‌. യഥാർത്ഥ ലോകത്തെപ്പറ്റിയുള്ള വ്യാജപ്രസ്താവം നടത്തുമ്പോൾതന്നെ, അത്‌ യാഥാർത്ഥ്യം തന്നെയായി നമുക്ക്‌ കാണുകയും ചെയ്യേണ്ടതുണ്ട്‌. ഒരു യഥാർത്ഥ റിഫൈനറിയിൽ ചെന്നാലും നിങ്ങൾക്ക്‌ ഇത്‌ തന്നെ കാണാൻ കഴിയും. പൈപ്പുകളുടെ നിറങ്ങളിൽപ്പോലും മാറ്റമുണ്ടാകില്ല.

നാം യഥാർത്ഥ ലോകത്തെ വ്യാജമായി നിർമ്മിക്കുന്നു. അതേ സമയം വ്യാജമായ ലോകത്തെ പെട്ടെന്ന്‌ മായിച്ചുകളയുകയും ചെയ്യുന്നു. ശരിയായ ലോകത്തിനു ബദലായി, മറ്റൊന്ന്‌ ഉണ്ടാക്കാനുള്ള താൽപ്പര്യത്തിൽ നിന്നാണ്‌ ഇതുണ്ടാകുന്നത്‌. അതോടൊപ്പം കാഴ്ചക്കാരനെ ചതിച്ചു രസിക്കുകയും ചെയ്യുന്നു. നോവലിലും ഈ ചതിയുണ്ട്‌. യുക്തികൊണ്ടും സാമർത്ഥ്യംകൊണ്ടും ഉണ്ടാക്കിയെടുക്കുന്ന ജീവിതം ,പ്രകൃതി ചിത്രങ്ങൾ, പൊടുന്നനെ വ്യാജമാണെന്ന്‌ തിരിച്ചറിയാൻ പ്രയാസമുണ്ടാകില്ല.

പിന്നെ നമുക്ക്‌ ആ വ്യാജലോകത്തെ സൗന്ദര്യവൽക്കരിക്കുക എന്ന ധർമ്മം നിറവേറ്റാനുണ്ട്‌. ധർമ്മത്തിന്റെ അർത്ഥവും മാറി. വ്യാജ സൗന്ദര്യത്തെ യഥാർത്ഥമാക്കുകയാണ്‌ നമ്മുടെ ലക്ഷ്യം. “മുറ്റത്തെ ചന്ദനക്കല്ലിൽ ഭഗവതി നിലപാടുകൊണ്ടു. നട്ടുവന്റെ മുമ്പിലെന്നപോലെ താളം ചവിട്ടി. പിന്നെ ദൈവപ്പുരയിലേക്ക്‌ കേറി. ദൈവപ്പുരയുടെ വാതിൽ മലർക്കെ തുറന്നു. പടുതിരികളുടെ മെഴുക്കും കരിയും അവശേഷിച്ച കോവിലിൽ നഗ്നയായി, അഭിഷേകങ്ങളുടെ മദജലം പുരണ്ട്‌ നല്ലമ്മ നിന്നു”. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ ഈ സന്ദർഭം, വിജയൻ എഴുത്തുകാരനുണ്ടാക്കുന്ന അനേകം ഗ്രാഫിക്‌ സ്ക്രീൻ സേവറുകളിലൊന്നാണ്‌. അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്ന യഥാർത്ഥലോകം, ചിലപ്പോൾ വ്യാജമായി പരിണമിക്കുന്നു. വ്യാജമാണെന്ന്‌ കരുതി നാം അതിനെ സൗന്ദര്യവൽക്കരിക്കുമ്പോഴേക്കും അത്‌ യാഥാര്‍ത്ഥ്യത്തിലേക്ക് പരിണമിച്ചിട്ടുണ്ടാകും. വിജയന്റെ നോവലിൽ യാഥാർത്ഥ്യത്തെ ഓരോ നിമിഷവും വ്യാജമാക്കുന്ന വിദ്യയാണുള്ളത്‌. രണ്ടിന്റെയും അരികുകൾ തേഞ്ഞുപോകുന്നതും പ്രത്യേകതയാണ്‌.

അതേ സമയം, താൻ നിർമ്മിക്കുന്ന വ്യാജസൗന്ദര്യം, നല്ലപോലെ എഞ്ചിനീയർ ചെയ്തതാകണമെന്നും നോവലിസ്റ്റിനു നിർബന്ധമുണ്ട്‌. അതുകൊണ്ടാണ്‌ ‘അഭിഷേകങ്ങളുടെ മദജലം’ എന്നെഴുതി ദൈവികതയെയും ഭോഗത്തെയും കൂട്ടിക്കെട്ടുന്നത്‌. ഈ പ്രയോഗം വിജയന്റെ എഞ്ചിനീയറിംഗാണ്‌. അപ്പോൾ തന്നെ അത്‌ വ്യാജവുമാണ്‌.

ഗ്രാഫിക്സ്‌ പൈപ്പുകൾ നമ്മെ ഉപയോഗശൂന്യമായ ഓർമ്മകളിലേക്ക്‌ തള്ളിവിടുന്നു. നമുക്ക്‌ പ്രയോജനമില്ലാത്ത ആ ഓർമ്മകൾ ഇടയ്ക്ക്‌ വച്ച്‌ നമ്മെ കയ്യൊഴിഞ്ഞ്‌, മിഥ്യയുടെ യാഥാർത്ഥ്യത്തിലേക്ക്‌ തള്ളിവിടും. അവിടെ നിന്ന്‌ നാം യാഥാർത്ഥമായ ലോകത്തേക്ക്‌ തിരിച്ചുവരുകയും ചെയ്യും. സമകാലികമായ ഓർമ്മകൾക്കു വേണ്ടി പരതുന്ന നാം വ്യാജ സൗന്ദര്യത്തിൽ മയങ്ങി നിന്നുപോകും. സൗന്ദര്യാസ്വാദനത്തിന്റെ വ്യാജസൗന്ദര്യവും ഇവിടെയുണ്ടാകുന്നത്‌, നിസ്സാരമായല്ല; നല്ലപോലെ പണിപ്പെട്ടാണ്‌. സൗന്ദര്യത്തിന്റെ എഞ്ചിനീയറിംഗാണിത്‌. എന്നാൽ കരകൗശലത്തോടെ രൂപപ്പെടുത്തുന്ന സൗന്ദര്യത്തിനു അതിനോടുപോലും ബന്ധമില്ല. സർപ്പത്തിന്റെ സൗന്ദര്യം എഞ്ചിനീയറിംഗിന്റെ ഭാഗമല്ല. അത്‌ പ്രകൃതിയുടെ നിർമ്മിതിയാണ്‌. എന്നാൽ കമ്പ്യൂട്ടർ ഗ്രാഫിക്സിലെ സ്ക്രീൻ സേവറുകളിലെ സൗന്ദര്യം എഞ്ചിനീയറിംഗിന്റെ ഫലമാണ്‌. നമ്മെ ചതിക്കാനുള്ളതാണ്‌. ആ സൗന്ദര്യം. നൈമിഷികമായ വ്യാജസൗന്ദര്യത്തെപ്പറ്റി ഓർമ്മിപ്പിക്കുമ്പോഴാണ്‌ കലയുണ്ടാകുന്നത്‌. വ്യാജസൗന്ദര്യംപോലൊന്ന്‌ യഥാർത്ഥത്തിൽ ഉണ്ടെങ്കിൽ, അത്‌ വളരെ എഞ്ചിനീയറിംഗിനു വിധേയമായിരിക്കും.

ആശയങ്ങളുടെ, അർത്ഥങ്ങളുടെ അനേകം അനുകരണനങ്ങൾ ഉണ്ടാക്കുകയാണ്‌, ഈ വ്യാജസൗന്ദര്യത്തിന്റെ മുഖ്യസവിശേഷത. അത്‌ നമ്മെ പലതരം ആഖ്യാനങ്ങളിലേക്ക്‌, ദർശന കേന്ദ്രങ്ങളിലേക്ക്‌ വലിച്ചിഴച്ചു കൊണ്ടുപോകും. പലതരം ആശയ രസതന്ത്രങ്ങൾ അത്‌ നൽകിയെന്നിരിക്കും. അനേകം പാഠപുസ്തകങ്ങളുടെയും തത്വചിന്തകളുടെയും ചിഹ്നങ്ങൾ അതിൽ സംഭൃതമായിരിക്കും. വായനക്കാരനെ പലവഴിക്കും ഓടിച്ചശേഷം അവൻ വെറും കയ്യോടെ മടങ്ങിവരുന്നതും കാത്ത്‌ ഈ വ്യാജസൗന്ദര്യനിർമ്മാതാക്കൾ ഇരിക്കുന്നുണ്ടാവും.

യുക്തിപൂർണ്ണമായി നെയ്തെടുത്ത അർത്ഥങ്ങളുടെ അസ്തിത്വരാഹിത്യം എന്ന്‌ ഇതിനെ വിളിക്കാം. അതായത്‌, ഈ അർത്ഥങ്ങൾക്ക്‌ വികാരമുണ്ട്‌; യുക്തിയുണ്ട്‌; അതിനു പിന്നിൽ അദ്ധ്വാനമുണ്ട്‌. അതിൽ ചിന്തയും കലയുമുണ്ട്‌, സൗന്ദര്യമുണ്ട്‌. എന്നാൽ അത്‌ നിലനിൽക്കുന്നില്ല. അതിന്റെ ജീവിതം ക്ഷണികവുമാണ്‌. പലതരം അർത്ഥങ്ങളെ കൂട്ടിക്കെട്ടി വലിച്ചുകൊണ്ടുപോകാൻ അതിനു കഴിയുമായിരിക്കും. അതേസമയം, അതിന്റെ ലക്ഷ്യം, നിലവിലുള്ള ലോകത്തിനു സമാനമെന്ന്‌ തോന്നിപ്പിക്കുന്ന വ്യാജ നിർമ്മിതിയാണ്‌. ഇത്‌ അസംഖ്യം ആന്തരിക ബന്ധങ്ങളുടെ ഭൂവിഭാഗമാണ്‌. അവിടെ പരസ്പരബന്ധമുള്ള ലോകങ്ങളുടെ അനന്തപഥങ്ങൾ കാണാം. മതവും ശാസ്ത്രവും പോലെ ദൈവികതയും ആഭിചാരവും കൈകോർക്കുന്നുണ്ടാവും. ഈശ്വര ചിന്തയെത്തന്നെ, ലൈംഗികതയിലൂടെ വ്യാജമാക്കുവാൻ ഈ എഞ്ചിനീയറിംഗിനു കഴിയും. ഇവിടെ സത്യങ്ങളില്ല. സത്യങ്ങളെപ്പറ്റിയുള്ള വ്യാജസങ്കൽപങ്ങളേയുള്ളു.
“രവി ഉറങ്ങാൻ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു, തുടിക്കുന്നു. ഈശ്വരാ ഒന്നുമറിയരുത്‌, ഉറങ്ങിയാൽ മതി, ജന്മത്തിൽ നിന്ന്‌ ജന്മത്തിലേക്ക്‌ തലചായ്ക്കുക. കാടായി, നിഴലായി, മണ്ണായി, ആകാശമായി വിശ്രമം കൊള്ളുക.”
ഈ വാക്യങ്ങളിലും ഞാൻ കാണുന്നത്‌, എന്റെ സാഹിത്യമാനിഫെസ്റ്റോയുടെ അസംസ്കൃതവസ്തുവാണ്‌. ജീവതത്തെ രവി എന്ന കഥാപാത്രം ജന്മമായിട്ടേ കാണുന്നില്ല. അയാൾക്ക്‌ ഈ ജന്മത്തിലുള്ള ഒന്നിലും വിശ്വാസമില്ല. അയാൾ ഓടി രക്ഷപ്പെടുകയാണ്‌. പലജന്മങ്ങളായി അയാളെ സ്വയം വീക്ഷിക്കുന്നു. കാടായും നിഴലായും ആകാശമായും ജീവിക്കുന്നത്‌ അയാൾ സ്വപ്നം കാണുന്നു. കലയുടെ വ്യാജസൗന്ദര്യമാണിത്‌. യാഥാർത്ഥ്യത്തിലുള്ള ഓരോന്നിനെയും ജീവിതമായി നമ്മെ ധരിപ്പിക്കുന്നു. ആകാശം, കാട്‌ എന്നിവയ്ക്കു ബദലായി, അതിന്റെ സൗന്ദര്യം എന്ന നിലയിൽ കഥാപാത്രത്തെ സങ്കൽപിച്ചു നോക്കുന്നു. എന്നാൽ അതിനുള്ളിൽ ഒരാൾക്ക്‌ ജീവിക്കാനാവില്ല. നാം അതിനേപ്പറ്റി ചിന്തിക്കുമ്പോൾതന്നെ അത്‌ അസംബന്ധമായി ബോധ്യമാകും. എന്നാൽ കപടമായ ആ സങ്കൽപത്തെ സൗന്ദര്യവൽക്കരിക്കുന്നതിലാണ്‌ കല നിലനിൽക്കുന്നത്‌.

തീർച്ചയായും ഇതിൽ അർത്ഥങ്ങളും ആശയങ്ങളുമുണ്ട്‌. അതാകട്ടെ, വിവിധ ആശയ സംഹിതകളുമായി രക്തബന്ധം സ്ഥാപിച്ചിട്ടുള്ളതുമാണ്‌. ജീവിതത്തെ ജന്മങ്ങളായി കാണുന്നത്‌ യഥാർത്ഥമല്ല. അത്‌ വ്യാജ സൗന്ദര്യമാണ്‌. ജീവിതത്തിൽ നിന്നുള്ള ഓടിരക്ഷപ്പെടലാണത്‌. അതായത്‌, ജീവിതമൂല്യങ്ങളുടെ സമകാലീനതയെ നേരിടാൻ കഴിയാതെ വരുമ്പോഴുള്ള കപട സൗന്ദര്യ നിർമ്മാണമാണിത്‌. ഇവിടെയാണ്‌ അർത്ഥപൂർണ്ണമായ ആശയങ്ങൾകൊണ്ട്‌ നിർമ്മിച്ച ശൂന്യത ഉത്ഭവിച്ച്‌ പരക്കുന്നത്‌. ജന്മത്തിനു പല ജന്മങ്ങളാകാൻ കഴിയില്ല. അനുഭവിക്കാനുമാകില്ല. എന്നാൽ ഇത്തരം ആശയങ്ങൾ മിഥോളജിയിൽ ധാരാളമായി കാണാം. മിഥോളജിയുടെ സങ്കൽപത്തിനനുസരിച്ച്‌, നോവലിസ്റ്റ്‌ നിർമ്മിക്കുന്ന വ്യാജലോകം അതിന്റേതായ അർത്ഥശൂന്യതയെയാണ്‌ ഒരുക്കുന്നത്‌.

കഴിഞ്ഞ നൂറ്റാണ്ടിൽ, ആധുനികതയുടെ ഭാഗമായുണ്ടായ അർത്ഥശൂന്യതയല്ല ഇത്‌. അർത്ഥപൂർണ്ണമായ നിർമ്മാണരീതികൾ കൊണ്ട്‌, ലക്ഷ്യബോധത്തോടെ ഉരുത്തിരിയുന്ന ആശയങ്ങളുടെ, അല്ലെങ്കിൽ പരസ്പര ബന്ധമുള്ള യൂണിറ്റുകളുടെ വിധിയായി മാറുന്ന അർത്ഥശൂന്യതയാണിത്‌. ഗ്രാഫിക്സ്‌ സ്ക്രീൻസേവർ പൈപ്പുകളുടെ വിധി നാം കണ്ടുകഴിഞ്ഞതാണല്ലോ. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ നിരീക്ഷണങ്ങളുടെ വിധിയും നാം മനസ്സിലാക്കി. വ്യത്യസ്തമായ ആശയസംഹിതകളുമായി ലയിക്കാനാണ്‌ ഖസാക്കിലെ ആശയപരമായ പരീക്ഷണം.
കഥയിലെ യുക്തി ഇതാണ്‌. അത്‌ കേവലയുക്തിയെ തോൽപിക്കാനായി, ഭ്രമാത്മകവും അയഥാർത്ഥവുമായ ലോകം നിർമ്മിക്കുന്നു. യുക്തിരഹിതമായ ലോകത്ത്‌ യുക്തികൊണ്ടുതന്നെയാണ്‌ അത്‌ സംഘടിതമായ അർത്ഥശൂന്യതകളെ സൃഷ്ടിക്കുന്നത്‌. കല പൂർണ്ണതയല്ല, അത്‌ മനുഷ്യന്റെ ജീവിതത്തിന്റെ പരിമിതിയുടെ വൃത്തം കൂടിയാണ്‌.

അതുകൊണ്ട്‌ കലയിലെ യുക്തി എന്നത്‌ യുക്തിരഹിതമായ ലോകത്തിന്റെ പൊള്ളത്തരം കാണിക്കുന്നതിനു വേണ്ടിയുള്ള വ്യാജയുക്തിയാണ്‌. അതുകൊണ്ട്‌ അത്‌ ആന്തരികമായ ബന്ധങ്ങളുടെ വിവിധ ഘടകങ്ങളെ ഒന്നിച്ചണിനിരത്തിക്കൊണ്ട്‌, അവയുടെ കൂടിച്ചേരലിലൂടെയുണ്ടാകുന്ന യുക്തിയുടെ മിഥ്യാലോകങ്ങളെ ലക്ഷ്യം വയ്ക്കുന്നു. വായനക്കാരന്‌ കിട്ടുന്നത്‌, നൈമിഷികമായ ജീവിത സാധ്യതകൾ മാത്രമാണ്‌.

Design a site like this with WordPress.com
Get started